Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എൽ: ഇത് താനും അബ്ദുള്‍ വഹാബും തമ്മിലുള്ള പ്രശ്‌നമല്ല- അഭിമുഖം: കാസിം ഇരിക്കൂര്‍

(ഭാഗം-1)

കോഴിക്കോട്: നീണ്ട കാല്‍ നൂറ്റാണ്ടിന്റെ ഇടത് സഹവാസത്തിനൊടുവില്‍ ആയിരുന്നു ഐഎന്‍എലിന്റെ എല്‍ഡിഎഫ് ഘടകകക്ഷി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത്. ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍, ഐഎന്‍എലിനെ നല്ല രീതിയില്‍ എല്‍ഡിഎഫ് പരിഗണിക്കുകയും ചെയ്തു. എല്‍ഡിഎഫിലെ സീനിയര്‍ ഘടകക്ഷികളെ പോലും മാറ്റി നിര്‍ത്തി ആദ്യടേമില്‍ ഐഎന്‍എലിന് മന്ത്രിസ്ഥാനവും നല്‍കി.

എന്നാല്‍ തുടര്‍ന്നങ്ങോട്ട് കണ്ടത് ഐഎന്‍എലിലെ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും ഒടുവില്‍ തെരുവ് സംഘര്‍ഷവും പരസ്പരം പുറത്താക്കലും ഒക്കെ ആയിരുന്നു. ഇതിന് ശേഷം നടന്ന സമവായ ചര്‍ച്ചകളില്‍ നിന്ന് കാന്തപുരം വിഭാഗം നേതാക്കള്‍ പിന്‍മാറിയതായും വാര്‍ത്തകള്‍ വന്നു. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്ത ചിലര്‍ രംഗത്ത് വന്നത്. എന്താണ് ഐഎന്‍എലില്‍ സംഭവിച്ചത്, മധ്യസ്ഥ ചര്‍ച്ചകളുടെ സ്ഥിതി എന്താണ്...? കാസിം ഇരിക്കൂര്‍ വണ്‍ ഇന്ത്യയുമായി സംസാരിക്കുന്നു...

1

മറ്റ് പല പാര്‍ട്ടികളിലും പിളര്‍പ്പുണ്ടായിട്ടുണ്ട്, പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഐഎന്‍എലിന്റെ കാര്യത്തില്‍, ആ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം എന്ന് പൊതുസമൂഹം തന്നെ ആഗ്രഹിക്കുന്നുണ്ട്. ഒരു ഇന്റലക്ച്വല്‍ ക്ലാസ്സ്, അതുപോലെ സാംസ്‌കാരിക നായകര്‍ തുടങ്ങിയവരെല്ലാം ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഐഎന്‍എല്‍ വളരാനുള്ള അവസരമാണ് പാഴാക്കുന്നത് എന്നൊരു ചിന്ത പൊതുവേ ഉണ്ടായിട്ടുണ്ട്. പുതിയ പല പാര്‍ട്ടികള്‍ക്കും ഇല്ലാതിരുന്ന ഒരു ഇടം ഐഎന്‍എലിന് ഉണ്ട്.

2

മുസ്ലീം ലീഗിനെ പോലെയേ അല്ല ഐഎന്‍എല്‍. സുചിന്തിതമായിട്ടാണ് എന്നും തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. സാമ്രാജ്യത്വവിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ സമീപനം ആണ് ഐഎന്‍എല്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റണ്ടിനിടെ കേരളത്തില്‍ മുസ്ലീം സമുദായത്തിനിടയില്‍ വന്ന മാറ്റം വലുതാണ്. ഗള്‍ഫ് പണം വരാന്‍ തുടങ്ങിയതോടെ സാമ്പത്തികമായി വലിയ തോതില്‍ മുന്നോട്ട് പോയി. വിദ്യാഭ്യാസപരമായും വലിയ നേട്ടമുണ്ടാക്കി. ഇവര്‍ക്കൊന്നും സാമുദായിക പാര്‍ട്ടികളെ ആശ്രയിക്കേണ്ട ഒരു ഗതികേടും ഇപ്പോഴില്ല. മുസ്ലീം ലീഗിന്റെ പിറകേ പോകേണ്ട സാഹചര്യവും ഇപ്പോഴില്ല.

3

ബാബറി മസ്ജിദ് വിഷയത്തോടെ ഒരുപാട് മുസ്ലീം ഗ്രൂപ്പുകള്‍ ആണ് ഉദയം ചെയ്തത്. അതില്‍ രാഷ്ട്രീയപരമായുള്ളവയും അല്ലാത്തവയും ഉണ്ട്. പക്ഷേ, അവരെല്ലാം ഇപ്പോള്‍ ഒരു മാറിച്ചിന്തിക്കലിന്റെ പാതയില്‍ ആണ്. മുസ്ലീം ലീഗിനുള്ളില്‍ ഫാത്തിമ തഹ് ലിയ ഉയര്‍ത്തിയ വിവാദം തന്നെ എടുക്കാം. അത് വലിയൊരു വിഷയമാണ്. മുസ്ലീം ലീഗില്‍ നേതൃത്വത്തിനെതിരെ ഒരു സ്ത്രീശബ്ദം ഇങ്ങനെ ഉയര്‍ന്നത് ആദ്യമായിട്ടാണ്. അതുപോലെ തന്നെ ആണ് മുഈന്‍ അലി തങ്ങള്‍ നടത്തിയ അഭിപ്രായ പ്രകടനവും. വലിയ പൊട്ടിത്തെറികളുടെ ചെറിയ ലക്ഷണങ്ങളാണ് ഇവ്.

അങ്ങനെ മൊത്തത്തില്‍ ഒരു മാറ്റത്തിന്റെ സമയത്ത് ഐഎന്‍എലില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷവും മതേതര ചിന്താഗതിക്കാരും ഏറെ പ്രതീക്ഷയോടെയാണ് ഐഎന്‍എലിനെ കാണുന്നത്. ഉദാഹരണമായി ഒരു കാര്യം പറയാം, അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത ദിവസം ബംഗാളിലും അസമിലും എല്ലാം പലരും മധുരം വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിനൊപ്പം നിന്നുകൊണ്ട് ഐഎന്‍എല്‍ ഭരണത്തിലെത്തിയത് എന്നായിരുന്നു പലരുടേയും ആ സന്തോഷത്തിന് കാരണം.

4

ഇതിന്റെ ഒരു ആഴം മനസ്സിലാക്കാന്‍ പാര്‍ട്ടിയിലെ പലര്‍ക്കും കഴിയുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇബ്രാഹിം സുലൈമാന്‍ സേട്ട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനം മുഴുവന്‍ മാറ്റിവച്ചത് ഈ പാര്‍ട്ടിയ്ക്കും ഐഡിയോളജിക്കും വേണ്ടിയായിരുന്നു. പല വാഗ്ദാനങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും ഐഎന്‍എല്‍ എന്ന തീരുമാനത്തില്‍ നിന്ന് സുലൈമാന്‍ സേട്ട് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ഒരു മാറ്റത്തിനുള്ള അവസരം താന്‍ കാണുമ്പോള്‍, അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പാടില്ല എന്നായിരുന്നു അന്ന് വന്നവരോടെല്ലാം സുലൈമാന്‍ സേട്ട് പറഞ്ഞത്.

അന്നുമുതല്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്നുകൊണ്ടാണ് ഐഎന്‍എല്‍ മുന്നോട്ട് പോയത്. ഒരുപാട് സഹിച്ചും പ്രയാസപ്പെട്ടുമാണ് ഇത്രയും നാള്‍ എത്തിയത്. അങ്ങനെ ഒടുവില്‍ പാര്‍ട്ടിയ്ക്ക് ഒരു എംഎല്‍എയും മന്ത്രിയും എല്ലാം കിട്ടിയ സാഹചര്യത്തില്‍ പരസ്പരം തമ്മില്‍ തല്ലുക എന്നത് ആത്മഹത്യാപരമാണ്. ജൂലയ് 25 ന് പാര്‍ട്ടിയ്ക്ക് ജനങ്ങള്‍ക്ക് മുന്നിലുണ്ടായ അവമതിപ്പ് സ്വപ്‌നത്തില്‍ പോലും കാണാന്‍ പറ്റാത്ത ഒന്നായിരുന്നു. അങ്ങനെ ഒരു സ്ഥിതി വിശേഷമുണ്ടാക്കിയതില്‍ പൊതു സമൂഹത്തോട് മാപ്പ് ചോദിക്കേണ്ടതാണ്.

നമ്മള്‍ സത്യസന്ധമായിട്ടാണ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുള്ളത്. സുലൈമാന്‍ സേട്ടിന്റെ ആദര്‍ശം അദ്ദേഹം മരിച്ചതിന് ശേഷവും നിലനില്‍ക്കുന്നത് ആ സത്യസന്ധതയില്‍ ആണ്. ആ ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ച് മറ്റേതെങ്കിലും തരത്തിലുള്ള സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ ചെറിയചെറിയ അജണ്ടകള്‍ വച്ചോ നമ്മള്‍ കലഹിക്കുമ്പോള്‍, മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പോലെ നമ്മളും മാറുകയാണ്. അതുകൊണ്ട് തന്നെ ജൂലായ് 25 ന്റെ ഷോക്കില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല.

5

അന്ന് സംഭവിച്ചതിന്റെ പിറകില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെ ചിത്രങ്ങളും അതിന്റെ കേസും ഉണ്ട്. പക്ഷേ, എന്നിട്ടും അവിടെ സംഭവിച്ചത് എന്തോ ആണെന്ന് വെറുതേ പറയുന്നതുകൊണ്ട് ഫലമില്ല. പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ട സമയം തന്നെ ആണിത്. അതുകൊണ്ട് തന്നെയാണ്, എന്ത് അപചയങ്ങള്‍ ഉണ്ടായാലും തിരുത്താന്‍ തയ്യാറാകണം എന്ന് പറയുന്നത്.

സമവായ ചര്‍ച്ചകള്‍ നിന്നുപോയി എന്ന് പറയുന്നവര്‍ക്ക് വേറെ അജണ്ടയാണുള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായി എല്‍ഡിഎഫില്‍ തുടരണം എന്ന് ആഗ്രഹമില്ലാത്ത ചെറിയൊരു വിഭാഗമുണ്ട്. അത് രാഷ്ട്രീയത്തിന്റെ പേരിലോ പ്രത്യയശാസ്ത്രത്തിന്റെ പേരിലോ അല്ല. അവരുടെ ചെറിയ താത്പര്യങ്ങളുടെ പേരിലാണ്. ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരോ, ആത്മാര്‍ത്ഥതയുള്ള ഭാരവാഹികളോ ഒന്നും അല്ല ഇത് പ്രചരിപ്പിക്കുന്നത്. 'പൊളിറ്റിക്‌സ് ഈസ് ദ ലാസ്റ്റ് അസൈലം ഓഫ് എ സ്‌കൗണ്ടറല്‍' എന്നതുപോലെ ചിന്തിക്കുന്ന നാലോ അഞ്ചോ പേര്‍ ആയിരിക്കാം. അവരാണ് ഇനി ഐക്യം പറ്റില്ല എന്നൊക്കെ പറയുന്നത്.

6

ഒരു വിവാദമുണ്ടായ സമയത്ത് എല്‍ഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അവര്‍ അറിയിച്ച ചില കാര്യങ്ങളുണ്ട്. ഒരുമിച്ച് നിന്നാല്‍ ഐഎന്‍എലിന് മുന്നില്‍ വലിയ സാധ്യതകളുണ്ട്. അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് പരിഹരിക്കണം. അങ്ങനെ വന്നാല്‍ പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും അത് ഗുണം ചെയ്യും. പാര്‍ട്ടി പിളര്‍ത്തി, പുതിയൊരു പാര്‍ട്ടിയുണ്ടാക്കി വന്ന് എല്‍ഡിഎഫില്‍ തുടരാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്ന കൃത്യമായ സന്ദേശവും എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയിരുന്നു. ഇത്രയൊക്കെ ആയിട്ടും പാര്‍ട്ടിയെ ഭിന്നിപ്പിക്കുന്ന തരത്തില്‍ നടപടിയുണ്ടാകുമ്പോള്‍ പല സംശയങ്ങളും ഉണ്ടാകുന്നുണ്ട്.

ജൂലായ് 25 ന് നടന്ന കാര്യങ്ങള്‍ അപ്രതീക്ഷിതം ആയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടത്താന്‍ അന്ന് പദ്ധതിയില്ലായിരുന്നു. മന്ത്രി അതുവഴി കടന്നുപോകുന്ന സാഹചര്യത്തിലാണ് ഒടുവില്‍ കൊച്ചിയില്‍ സെക്രട്ടേറിയറ്റ് യോഗം നടത്താന്‍ ധാരണയായത്. വിപുലമായ അധികാരങ്ങളുള്ള പ്രവര്‍ത്തക സമിതി ചേരുമ്പോള്‍ സെക്രട്ടേറിയറ്റ് ചേരേണ്ടതിന്റെ ആവശ്യകതയില്ല. പ്രസിഡന്റോ മറ്റ് ഭാരവാഹികളോ ആവശ്യപ്പെട്ടാല്‍ മാത്രം നടത്താം. അങ്ങനെ ആയിരുന്നു അന്ന് സെക്രട്ടേറിയറ്റ് യോഗം നടത്തയത്. പക്ഷേ, അത് ഇത്തരത്തില്‍ കലാശിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല. അത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതും ആണ്. അവിടെ ഒരു തമ്മില്‍ തല്ലല്‍ ഒന്നും നടന്നിട്ടില്ല.

7

ആലുവയിലെ കണ്‍വെന്‍ഷന്‍ സെന്റില്‍ വച്ചായിരുന്നു പ്രവര്‍ത്തക സമിതി നിശ്ചയിച്ചിരുന്നത്. പാര്‍ട്ടി സംസ്ഥാന ട്രഷറുടേതാണ് ആ കണ്‍വെന്‍ഷന്‍ സെന്റര്‍. അവിടെ വിളിച്ച് വാഹനം എത്തിക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം ആയിരുന്നു അവര്‍ ബസ് അയച്ചത്. ഇത് പോലും പിന്നീട് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ബസ്സില്‍ എത്തിയ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടു എന്നായിരുന്നു ആക്ഷേപം. പക്ഷേ, ശരിയായ പ്രൊഷണല്‍ ഗുണ്ടകള്‍ ബസ്സിനെ പിന്നീട് പിന്തുടരുകയായിരുന്നു. ആരാണ് കാസിം ഇരിക്കൂര്‍, ആരാണ് എംഎം സുലൈമാന്‍ എന്നൊക്കെ ചോദിച്ചുകൊണ്ടായിരുന്നു പിന്തുടര്‍ന്നത്.

മന്ത്രി ഉണ്ടായിരുന്നതുകൊണ്ട് വലിയ പോലീസ് ബന്ദവസ്സുണ്ടായിരുന്നു അന്ന്. പോലീസ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, വലിയ ദുരന്തവാര്‍ത്തകള്‍ ആയിരുന്നു പുറത്ത് വരിക. കാരണം, വളരെ ആസൂത്രിതം ആയിരുന്നു നീക്കങ്ങള്‍. പക്ഷേ, അത് ഐഎന്‍എലിന്റെ സംസ്‌കാരമേ ആയിരുന്നില്ല. ഇത് ഒരു അപചയത്തിന്റെ ഭാഗമാണ്. ഇതിന് പ്രധാന കാരണം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മൂന്നുനാല് പേരായിരുന്നു. ഫേസ്ബുക്കിലൂടെ അഖിലേന്ത്യാ പ്രസിഡന്റിനെതിരേയും അഹമ്മദ് ദേവര്‍കോവിലിനെതിരേയും എനിക്കെതിരേയും എല്ലാം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടിരുന്നു അവര്‍. അതിന് ചിലരുടെ പിന്തുണയും ഉണ്ടായിരുന്നിരിക്കാം.

8

പാര്‍ട്ടിയിലെ യഥാര്‍ത്ഥ പ്രശ്‌നം വഹാബും കാസിമും തമ്മില്‍ അല്ല. ഞാന്‍ അങ്ങനെ ഒരു വഴക്കാളിയല്ല. പത്താം ക്ലസ്സുമുതല്‍ തുടങ്ങിയ രാഷ്ട്രീയമാണ് എന്റേത്. മുനീറിന്റേയും സി മമ്മൂട്ടിയുടേയും ഒപ്പം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ആളാണ് ഞാന്‍.

പ്രശ്‌നം സംസ്ഥാന പ്രസിഡന്റ് ആയിരുന്ന എപി അബ്ദുള്‍ വഹാബും ദേശീയ നേതൃത്വവും തമ്മില്‍ ആണ്. വഹാബ് വിഭാഗവും കാസിം വിഭാഗവും എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. ദേശീയ നേതൃത്വത്തെ അംഗീകരിക്കാന്‍ അബ്ദുള്‍ വഹാബ് തയ്യാറായിരുന്നില്ല. അതിന് പ്രധാന കാരണം, അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഒന്നുരണ്ട് പേര്‍ക്കെതിരെ ദേശീയ നേതൃത്വം നടപടി എടുത്തിരുന്നു എന്നതാണ്. കെപി ഇസ്മായില്‍ എന്ന പഴയ വൈസ് പ്രസിഡന്റ് തന്നെ ആണ് ഉദാഹരണം. പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കെപി ഇസ്മായിലിനെ പുറത്താക്കിയത്. ഇതോടുകൂടിയാണ് അബ്ദുള്‍ വഹാബും ദേശീയ പ്രസിഡന്റും തമ്മില്‍ തെറ്റുന്നത്. അതിന് ശേഷം എന്നും ഒരു വെല്ലുവിളി ഉയര്‍ത്തുന്ന മനസ്ഥിതി ആയിരുന്നു സംസ്ഥാന പ്രസിഡന്റിന് ഉണ്ടായിരുന്നത്.

അഭിമുഖത്തിന്റെ രണ്ടാം ഭാഗം:ഐഎന്‍എല്‍ പിളര്‍ത്താന്‍ ശ്രമിച്ചത് ആരൊക്കെ? പ്രശ്‌നം തുടങ്ങിയത് എവിടെവച്ച്?- കാസിം ഇരിക്കൂര്‍ പറയുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+