കൊവിഡ് പരത്താൻ ശ്രമിച്ച ഒരേയൊരു ഭരണാധികാരി പിണറായി വിജയൻ: ആരോപണവുമായി ജോർജ് കുര്യൻ
മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.ലോകത്ത് കൊവിഡ് പരത്താൻ ശ്രമിച്ച ഒരേയൊരു ഭരണാധികാരി പിണറായി വിജയനെന്ന് അദ്ദേഹം വിമർശിച്ചു.കൊവിഡ് പ്രോട്ടോകോൾ പാലിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ച മുഖ്യമന്ത്രി അത് ലംഘിച്ചു. പിണറായി വിജയൻ പി ആർ വർക്കിലൂടെയാണ് കാര്യങ്ങൾ ഏകോപിപ്പിച്ചത്.പബ്ലിക് റിലേഷൻസ് വർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിണറായി മിടുക്കനാണെന്നും ജോർജ് കുര്യൻ പരിഹസിച്ചു. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.

എത്ര സീറ്റുകൾ ലഭിക്കും?
സീറ്റുകളിൽ രണ്ടക്കം കടക്കുമെന്നാണ് ബിജെപി കോർ കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തൽ. 12 സീറ്റുകൾക്ക് മുകളിൽ ബിജെപിക്ക് ലഭിക്കും.അതൊരുപക്ഷേ 30നും 35നും മുകളിലേക്ക് കടക്കാം.

രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതിനോട്?
എല്ലാ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും മുന്നണികൾ അവകാശവാദം ഉന്നയിക്കാറുണ്ട്. ഇതെല്ലാം കൂടി കൂട്ടി കഴിഞ്ഞാൽ കേരളത്തിൽ ഒരു 400 സീറ്റുണ്ട് എന്ന് നമുക്ക് തോന്നിപ്പോകും. ഇത് വെറും സ്വാഭാവികമാണ്. അണികളെ ആവേശത്തോടെ നിർത്താൻ വേണ്ടിയാണ് ഇത്തരം പ്രഖ്യാപനങ്ങളൊക്കെ തന്നെ വരുന്നത്. കോൺഗ്രസിലും ഇടതു മുന്നണിയിലും നിന്ന് തെരഞ്ഞെടുപ്പിന് ശേഷം നിരവധി പേർ രാജി വച്ചിട്ടുണ്ട്.അങ്ങനെയുള്ളവർ രാജിവച്ച് സ്വാഭാവികമായും ബിജെപിയിലേക്കാണ് വന്നിട്ടുള്ളത്. ബിജെപി നിർണായക ശക്തിയാകും. രണ്ടു മുന്നണികൾക്കും ഭൂരിപക്ഷം ലഭിക്കില്ല.

കെ സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച്?
38 സീറ്റാണ് കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ ഒരിക്കൽ യുഡിഎഫിന് ലഭിച്ചത്. കേരളത്തിൽ ബിജെപിക്ക് 35 സീറ്റ് ലഭിച്ചാൽ രണ്ട് മുന്നണികൾക്കും ഭൂരിപക്ഷം ഇല്ലാതാകും. അങ്ങനെ ഭൂരിപക്ഷമില്ലാതായി കഴിഞ്ഞാൽ 2004 ലെ നയം ഇടതുമുന്നണിയും കോൺഗ്രസും സ്വീകരിക്കും. മുസ്ലിം ലീഗ്, കോൺഗ്രസ് ഇടതുമുന്നണി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ ബിജെപിക്കൊപ്പം ചേരും. അതുകൊണ്ടാണ് സംസ്ഥാന പ്രസിഡൻറ് അങ്ങനെ പറഞ്ഞത്. ഇതുവഴി മന്ത്രിസഭ ഉണ്ടാക്കാൻ സാധിക്കും.

നേമത്ത് എന്താണ് സാഹചര്യം?
നേമത്ത് ഇക്കുറിയും ബിജെപി സിറ്റിംഗ് സീറ്റ് നിർത്തും അക്കാര്യത്തിൽ ഒരു സംശയവുമില്ല. ബിജെപി നൂറ് ശതമാനവും നേമത്ത് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.അഞ്ച് ദിവസം കഴിഞ്ഞ് ഫലപ്രഖ്യാപനം വരുമ്പോൾ നേമത്ത് താമര വിരിയും.

കഴക്കൂട്ടത്ത് എന്ത് സംഭവിക്കും?
കഴക്കൂട്ടത്ത് ബിജെപിയുടെ വനിതാ തീപ്പൊരി നേതാവാണ് മത്സരത്തിനിറങ്ങിയത്. കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ വെന്നിക്കൊടി പാറിക്കും.കഴക്കൂട്ടത്ത്കടകംപള്ളി സുരേന്ദ്രൻ ഇത്തവണ തോൽക്കും.

ചെറിയാൻ ഫിലിപ്പിനെ ഇടതുമുന്നണി തഴഞ്ഞോ?
ചെറിയാൻ ഫിലിപ്പിന് എം പി സ്ഥാനം ലഭിക്കാത്തത് അവരുടെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. വി മുരളീധരൻ ചെറിയാൻ ഫിലിപ്പിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു എന്നുള്ളത് ശരിയാണ്. മറ്റു കാര്യങ്ങൾ തീരുമാനിക്കേണ്ടത് ചെറിയാൻ ഫിലിപ്പാണ് എന്ന് വി മുരളീധരൻ വ്യക്തമായി പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് ആഹ്ലാദ പ്രകടനം ചെറിയ തോതിലെങ്കിലും നടത്താമെന്ന് പറഞ്ഞതിനെക്കുറിച്ച്?
വോട്ടെണ്ണൽ ദിനം ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും വേണ്ട എന്നുള്ളത് കഴിഞ്ഞദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതാണ്.സംസ്ഥാന പ്രസിഡൻറ് തന്നെ താഴെതട്ടിലുള്ള അണികൾക്ക് വ്യക്തമായ നിർദ്ദേശം ബിജെപി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടം കൂടുന്നതിനെ വിലക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ ഇതിനെ സ്വാഗതം ചെയ്തു കഴിഞ്ഞു.പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ ക്കുറിച്ച് അറിയില്ല. അദ്ദേഹം കൂടി പങ്കെടുത്താണല്ലോ സർക്കാർതല സർവ്വകക്ഷി യോഗം നടന്നത്. ഏതായാലും,ബിജെപി സർവകക്ഷി യോഗവുമായി സഹകരിച്ചു.

മുഖ്യമന്ത്രിയെക്കുറിച്ച്?
പിണറായി വിജയൻ പി ആർ വർക്കിലൂടെ കാര്യങ്ങൾ ഏകോപിപ്പിച്ചത്. പബ്ലിക് റിലേഷൻസ് വർക്കിലാണ് പിണറായി ശ്രദ്ധകേന്ദ്രീകരിച്ചത്. ലോകത്ത് കൊവിഡ് പരത്താൻ ശ്രമിച്ച ഒരേയൊരു ഭരണാധികാരി പിണറായി വിജയനാണ്. സ്വന്തം മകൾക്ക് കൊവിഡ് പോസിറ്റീവ് ആയിട്ട് പോലും മുഖ്യമന്ത്രി നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായില്ല. കൊവിഡ് ആയതുകൊണ്ട് മുഖ്യമന്ത്രിക്ക് അധികം വാർത്താ സമ്മേളനങ്ങൾ നടത്തി ടിവിയിൽ വരാൻ കഴിഞ്ഞു.കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത് പൊള്ളത്തരങ്ങൾ മാത്രമായിരുന്നു.അദ്ദേഹത്തിന് പ്രാവർത്തികമാക്കാൻ കഴിയാതിരുന്ന കാര്യങ്ങളാണ് ജനങ്ങളോട് വിശദീകരിച്ചത്. ജനങ്ങൾക്കുമേൽ മുഖ്യമന്ത്രിക്കുള്ള വിശ്വാസ്യത കൊവിഡ് വിഷയത്തിലൂടെ തന്നെ നഷ്ടപ്പെട്ടു - ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications