Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് വീണ്ടും ബഷീറും സമദാനിയും, യുവാക്കള്‍ വേണ്ടേ? യൂത്ത് ലീഗ് മലപ്പുറം അധ്യക്ഷന്‍ സംസാരിക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്ത് പ്രചരണം കൊഴുപ്പിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗ് രണ്ട് സീറ്റിലാണ് മത്സരിക്കുന്നത്. ഇത്തവണ ലീഗ് മൂന്നാം സീറ്റിനായി ശ്രമിച്ചെങ്കിലും നീക്കം ഫലം കണ്ടില്ല.

മൂന്നാം സീറ്റ്, വയനാട്ടിലെ മുസ്ലീം ലീഗ് കൊടി, മുസ്ലീം ലീഗിലെ യുവാക്കളുടെ തിരഞ്ഞെടുപ്പ് പ്രാതിനിധ്യം എന്നിവയെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷനും സംസ്ഥാന കമ്മിറ്റി അംഗവുമായ ശരീഫ് കുറ്റൂര്‍ വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ

2024 LOKSABHA ELECTION

നിര്‍ണായകമായ തിരഞ്ഞെടുപ്പാണല്ലോ നടക്കാന്‍ പോകുന്നത്. ഒരു യുവജന സംഘടനയുടെ നേതാവ് എന്ന നിലയില്‍ എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്?

ഈ തിരഞ്ഞെടുപ്പ് ഒരു രണ്ടാം സ്വാതന്ത്ര്യസമരമാണ്. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് നമുക്ക് രാഷ്ട്രത്തെ തിരിച്ചുകിട്ടിയത്. ഈ ഫാസിസ്റ്റുകള്‍ക്കിടയില്‍ നിന്ന് രാജ്യത്തെ തിരികെ കിട്ടാനുള്ള മറ്റൊരു പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. കൃത്യമായി നമ്മള്‍ അത് വിനിയോഗിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഇന്ത്യയുടെ പാരമ്പര്യം, പൈതൃകം, സംസ്‌കാരം എന്നിവയൊക്കെ മറ്റൊന്നായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. വേറൊരു രാജ്യമായി ഇന്ത്യ മാറും.

ഭരണാധികാരികള്‍ ഒരു മതത്തിന്റെ നടത്തിപ്പുകാരായി മാറുകയാണ്. യുവാക്കള്‍, തൊഴില്‍, ഫാക്ടറികള്‍, അണക്കെട്ടുകള്‍, ദേശീയപാത, വിമാനത്താവളം ഇത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ച് രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാകേണ്ട ഭരണകര്‍ത്താക്കള്‍ മതം രാഷ്ട്രീയ വിജയത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഇതിന് അറുതി വരുത്തിയില്ലെങ്കില്‍ ഈ രാജ്യം ലോകത്ത് നിന്ന് തന്നെ പിറകോട്ട് പോകും. അതുകൊണ്ട് ഇത് രാഷ്ട്രത്തെ തിരികെ കിട്ടാനുള്ള തിരഞ്ഞെടുപ്പാണ്.

പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ സാധ്യതകള്‍ എത്രത്തോളമാണ്?

ഇന്ത്യ സഖ്യം വലിയ പ്രതീക്ഷയാണ് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്നത്. അതിന്റെ ഒരു ഭയം ബിജെപിയിലും പ്രകടമായിട്ടുണ്ട്. അതായത് ഇന്ത്യാ മുന്നണി രൂപപ്പെട്ടപ്പോള്‍ അതില്‍ ഭിന്നിപ്പുണ്ടാകും യോജിപ്പുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കേണ്ടതില്ല എന്ന് കരുതിയവരുടെ മുന്നില്‍ ഒരു അത്ഭുതമാണ് സത്യത്തില്‍ ഇന്ത്യാ മുന്നണി നടത്തിയത്. കോണ്‍ഗ്രസ് വലിയ വിട്ടുവീഴ്ച ചെയ്യുന്നു. ചരിത്രത്തില്‍ ഇത്ര കുറഞ്ഞ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ച കാലമുണ്ടായിട്ടില്ല.

അതിന്റെ അര്‍ത്ഥം അവര്‍ വലിയ ത്യാഗം സഹിച്ചു എന്ന് തന്നെയാണ്. പ്രാദേശിക കക്ഷികള്‍ക്ക് വലിയ മുന്‍തൂക്കം കൊടുത്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അജയ്യത, ബിജെപിക്കെതിരായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായി വരുന്ന പുതിയ നരേഷന്‍ ഇതെല്ലാം ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്ക് കാലിടറുന്നു എന്നതാണ് പല ആഭ്യന്തര സര്‍വേകളിലും വ്യക്തമാകുന്നത്. അതിന്റെ അമ്പരപ്പാണ് ബിജെപിക്കുള്ളത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഭരണമാറ്റം തന്നെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

2024 LOKSABHA ELECTION

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം, സിഎഎ, രാമക്ഷേത്ര വിഷയങ്ങളിലെ നിലപാട് പ്രഖ്യാപനത്തിലെ കാലതാമസം ഇതൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഘപരിവാറിനെ നേരിടുന്നതില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?

കോണ്‍ഗ്രസ് ഇന്ത്യന്‍ സംസ്‌കാരത്തില്‍ അലിഞ്ഞ് ചേര്‍ന്നൊരു കക്ഷിയാണ്. അതിനപ്പുറത്തേക്ക് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ആ പാര്‍ട്ടിക്ക് കഴിയില്ല. ഈ രാജ്യത്തിന്റെ പൈതൃകത്തില്‍ അലിഞ്ഞ ചേര്‍ന്ന ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെയ്തികള്‍ക്ക് എതിരായിട്ട് രാജ്യമാസകലം സഞ്ചരിക്കുകയും ശബ്ദിക്കുകയും ചെയ്ത് കൊണ്ട് എല്ലാ വിഷയത്തിലും പ്രതിരോധം തീര്‍ക്കുകയാണ് രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ്.

ആ കാര്യത്തിലൊന്നും യാതൊരു ആശങ്കയുമില്ല. സിഎഎ, രാമക്ഷേത്ര വിഷയങ്ങളിലെ നിലപാട് പ്രഖ്യാപനത്തിലെ കാലതാമസം എന്നൊക്കെ പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. അതിലൊക്കെ വളരെ വ്യക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പല പ്രതികരണങ്ങളും മാധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചിട്ടില്ല എന്നതാണ് വാസ്തവം. രണ്ടാം ഭാരത് ജോഡോ യാത്ര ബിജെപിക്കെതിരായിട്ടുള്ള മുന്നേറ്റമായിരുന്നു. കോണ്‍ഗ്രസ് ഒരിക്കലും ഈ രാജ്യത്തിന്റെ മതേതര പൈതൃകത്തിന്റെ അപ്പുറത്തേക്ക് പോകില്ല.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മുസ്ലീം ലീഗിന്റെ കൊടി ഉയരുന്നില്ലല്ലോ? അത് ഒരുതരം കീഴടങ്ങല്‍ അല്ലേ?

ഒരിക്കലുമല്ല. രാഹുല്‍ ഗാന്ധി ഇന്ത്യാ മുന്നണിയുടെ നേതാവാണ്. ഈ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായിട്ടുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളിയാണ്. കോണ്‍ഗ്രസ് വലിയ വിട്ടുവീഴ്ച ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ അവിടെ ലീഗിന്റെ കൊടി മാത്രമൊന്നുമല്ല ഇല്ലാതായത്. ലീഗ് മാത്രമല്ലല്ലോ യുഡിഎഫിലെ ഘടകകക്ഷി. കോണ്‍ഗ്രസ്, ലീഗ്, സിഎംപി, ആര്‍എസ്പി തുടങ്ങി യുഡിഎഫിലെ ആരുടേയും കൊടിയില്ല.

കാരണം രാഹുല്‍ എന്നതൊരു പൊതുസമ്പത്താണ്. അവിടെ മത്സരിക്കുന്ന ആനി രാജയുടേയും നേതാവാണ് രാഹുല്‍ ഗാന്ധി. അവരും കൂടി ഉള്‍ക്കൊള്ളുന്ന മുന്നണിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി. ആ രീതിയില്‍ അതിനെ വ്യാഖ്യാനിക്കാമല്ലോ. പിന്നെന്തിനാണ് മറുപുറം കാണുന്നത്. എന്നാലിനി കൊടിയുടെ കാര്യം പറയണമെങ്കില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റിന് അപ്പുറത്ത് എന്താണ് സ്ഥിതി.

അവിടെ രാഹുലിന്റെ ചിത്രം വെച്ചിട്ടല്ലേ സിപിഎം വോട്ട് ചോദിക്കുന്നത്. ബംഗാളില്‍ അങ്ങനെയല്ലേ. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ലീഗ് മത്സരിക്കുന്നുണ്ട്. ഇന്നലെ ഞങ്ങളുടെ ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി അവിടെ പര്യടനത്തിന് പോയിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെയിടയില്‍ ഞാനൊരു കൊടി വേറെ കണ്ടത് സിപിഎമ്മിന്റെതാണ്.

2024 loksabha election

അതിലൊക്കെ എന്തിരിക്കുന്നു. ബംഗാളില്‍ പാര്‍ട്ടി ഓഫീസിന്റെ ബോര്‍ഡ് തന്നെ മാറ്റി ബിജെപി ഓഫീസാക്കി മാറ്റിയിട്ടുണ്ട്. അപ്പോള്‍ അതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എല്ലാ മനുഷ്യരും ഒന്നായി നില്‍ക്കേണ്ട ഒരു കാലമാണിത്. അവിടെ കൊടി, കൊടിയുടെ നിറം എന്നീ നിസാര കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.

മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് മുസ്ലീം ലീഗിന് പിന്നോട്ട് പോകേണ്ടി വന്നല്ലോ?

ലീഗിന് അധിക സീറ്റില്‍ മത്സരിക്കാം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അതിന് അര്‍ഹതയും സ്വാധീനവുമുള്ള പാര്‍ട്ടിയാണ് ലീഗ്. അത് ലീഗിന് കൊടുക്കരുത് എന്ന അഭിപ്രായം കോണ്‍ഗ്രസിനുമില്ല. പക്ഷെ ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിന്റെ കെട്ടുറപ്പ് പരിഗണിച്ച് തീരുമാനമെടുക്കേണ്ടി വരും. സീറ്റ് ആവശ്യപ്പെടുക എന്നുള്ളത് ലീഗിന്റെ ധര്‍മ്മമായിരുന്നു. തങ്ങളത് ചെയ്തു.

മലപ്പുറത്തും പൊന്നാനിയിലുമാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. ഇവിടെ സിറ്റിംഗ് എംപിമാരെ പരസ്പരം മാറ്റിയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. അത്തരമൊരു സാഹചര്യം എങ്ങനെയാണ് വന്നത്?

ഇടി മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും ഒരേ സീറ്റില്‍ തന്നെ മത്സരിച്ച് കൊള്ളണം എന്നെന്താണ് ഇത്ര നിര്‍ബന്ധം. സ്ഥാനാര്‍ത്ഥികളെ വെച്ചുമാറി എന്ന പ്രചരണത്തിലൊന്നും കഴമ്പില്ല. സമദാനി മത്സരിക്കുന്നത് അദ്ദേഹത്തിന്റെ കൂടി ലോക്‌സഭാ മണ്ഡലത്തിലാണ്. ഇടി മുഹമ്മദ് ബഷീര്‍ മത്സരിക്കുന്നത് അദ്ദേഹത്തിന് കൂടി വോട്ടുള്ള മണ്ഡലമാണ്. അതിലൊക്കെ എന്ത് രാഷ്ട്രീയമാണ് ഉള്ളത്.

ഇത്തവണയും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ യുവാക്കളെ തഴഞ്ഞു. പുതുമുഖങ്ങളെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ്? യൂത്ത് ലീഗിനെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുന്നില്ലേ?

മുസ്ലീം ലീഗ് മറ്റ് കക്ഷികളെ പോലെ അല്ല. ലീഗ് കേരളത്തില്‍ മത്സരിക്കുന്നത് രണ്ട് സീറ്റിലാണ്. ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തില്‍ ലീഗ് കാലങ്ങളായി ചിലകാര്യങ്ങള്‍ പരിഗണിച്ച് വരാറുണ്ട്. പരിചയസമ്പത്ത്, മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ ഇതെല്ലാം എല്ലാ ഘട്ടത്തിലും ലീഗ് പരിഗണിക്കാറുണ്ട്. സ്വാഭാവികമായും ഇടി മുഹമ്മദ് ബഷീറിനും സമദാനിക്കും ഒരു അവസരം കൂടി നല്‍കാം എന്ന തീരുമാനത്തില്‍ ഒരു തെറ്റുമില്ല.

രണ്ട് സീറ്റില്‍ മത്സരിക്കുന്ന പാര്‍ട്ടിക്ക് മറ്റ് പരിഗണനകള്‍ക്ക് പരിമിതിയുണ്ട്. പാര്‍ലമെന്റേറിയന്‍മാര്‍ എന്ന നിലയില്‍ ഇവര്‍ അവിടെ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം അനിവാര്യമാകുന്ന ചില സന്ദര്‍ഭങ്ങളുണ്ടാകും. അതൊക്കെ ലീഗ് പരിഗണിക്കും. യുവാക്കള്‍ക്ക് അധികാരം കൊടുത്തുകൂടാ എന്നുള്ള വാശിപ്പുറത്തല്ല ഇതൊന്നും നടക്കുന്നത്. യൂത്ത് ലീഗില്‍ നല്ല കഴിവുള്ള ശേഷിയുള്ള ഒരുപാട് ചെറുപ്പക്കാരുണ്ട്.

പക്ഷെ ചില പരിമിതികളൊക്കെ ഉണ്ടാകും. സിപിഎമ്മിനെ പോലെയും കോണ്‍ഗ്രസിനെ പോലേയും ഒരുപാട് സീറ്റില്‍ മത്സരിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക എടുത്ത് നോക്കിയാല്‍ ഡിവൈഎഫ്‌ഐ നേതാവ് എവിടെയാണ് മത്സരിക്കുന്നത്? ആ പാര്‍ട്ടിക്ക് പോലും ജയിക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്തല്ലേ ഡിവൈഎഫ്‌ഐക്ക് സീറ്റ് നല്‍കിയത്. മറ്റുള്ള സ്ഥലങ്ങളിലൊക്കെ മത്സരിക്കുന്നത് യുവാക്കളാണോ. ഒരു യുവാവിനെ പാര്‍ലമെന്റിലേക്ക് അയയ്ക്കണം എന്ന നിര്‍ബന്ധം സിപിഎമ്മിനുണ്ടോ?

അടുത്തകാലത്ത് ഏറെ വിവാദമായതാണല്ലോ ഇടുക്കി രൂപതയിലെ കേരള സ്റ്റോറി പ്രദര്‍ശനം. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

അത് വലിയ വിശാലമായ ചര്‍ച്ചകള്‍ വരേണ്ട വിഷയമാണ്. ഇതിനൊക്കെ പിന്നില്‍ വലിയ അജണ്ടകളുണ്ട്. സംഘപരിവാരത്തിന്റെ പ്രവര്‍ത്തനം അവര്‍ പലരീതിയിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതേയോ പല ആളുകളും ഇതില്‍ വീണ് പോകുന്നുണ്ട്. കേരളത്തിലെ ക്രിസ്തീയ സമൂഹവും മുസ്ലീം സമൂഹവും തമ്മിലുണ്ടായിരുന്ന വലിയ ബന്ധമുണ്ട്. ഈ അടുത്തകാലം വരെ ആ ആത്മബന്ധം നിലനില്‍ക്കുമായിരുന്നു.

അതില്‍ വിള്ളല്‍ വീണിട്ടുണ്ട്. അത് മുസ്ലീങ്ങളുടേയോ ക്രിസ്ത്യാനികളുടേയോ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തനത്തിന്റെ പേരില്‍ അല്ല. രണ്ട് പേരെയും അകറ്റുന്ന തരത്തില്‍ രഹസ്യമായ ഒരു പ്രവര്‍ത്തനം ഇവിടെ നടന്നു. അതിന്റെ പിന്നില്‍ സംഘപരിവാറാണ്. അതിന്റെ പ്രതിഫലനമുണ്ടാകുന്നുണ്ട്. തീര്‍ച്ചയായും ഈ വിഷയങ്ങള്‍ വരുന്നതിന് പിന്നില്‍ അത്തരം ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതുകൊണ്ട് ഇവിടെയുണ്ടായിരുന്ന സൗഹാര്‍ദ്ദാന്തരീക്ഷത്തെ തിരിച്ചുപിടിക്കാനുള്ള ചില പ്രയത്‌നങ്ങള്‍ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. വലിയ ഒരു അകല്‍ച്ച ഫീല്‍ ചെയ്യുന്നുണ്ട്. അതിന് കാരണം സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+