തിരുവനന്തപുരത്ത് മെറിഡിയൻ ടെക് പാർക്ക്, 10,000 തൊഴിലവസരങ്ങൾ, 850 കോടിയുടെ വിദേശ നിക്ഷേപം
സംസ്ഥാനത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുറന്ന് കൊണ്ടുളള പുതിയ പദ്ധതികളുടെ വരവ് പ്രഖ്യാപിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മെറിഡിയൻ ടെക് പാർക്ക് പദ്ധതി, അമേരിക്കൻ കമ്പനിയായ അർമാഡയുടെ വരവ് എന്നിവയാണ് പുതിയ തൊഴിലവസരങ്ങൾ മലയാളികൾക്ക് ഒരുക്കുന്നത്. മെറിഡിയൻ ടെക് പാർക്കിലൂടെ 850 കോടിയുടെ വിദേശ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് വരുന്നത്, മാത്രമല്ല പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും.
കേരളത്തിന്റെ ഐടി വ്യവസായ രംഗത്ത് നാഴികക്കല്ലാകാൻ പോകുന്ന മറ്റൊരു പദ്ധതി കൂടി ഇന്ന് പ്രഖ്യാപിച്ചുവെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. 'തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് 3ൽ ദുബായ് ആസ്ഥാനമായുള്ള അൽ മർസൂഖി ഹോൾഡിങ്ങ്സ് എഫ്.സെഡ്.സി 10 ലക്ഷം ചതുരശ്ര അടിയിൽ പുതിയ ഐടി ടവർ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രം ടെക്നോപാർക്ക് സി.ഇ.ഒയ്ക്ക് കൈമാറുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
മെറിഡിയൻ ടെക് പാർക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതി ട്വിൻ ടവർ മാതൃകയിൽ 21 നിലകളിലായിട്ടായിരിക്കും നിർമ്മിക്കുക. 850 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും 10,000 തൊഴിലവസരങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്ന ഈ പദ്ധതിയിലൂടെ സുപ്രധാന ഐടി നിക്ഷേപങ്ങളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ദുബായിയിൽ ഞങ്ങൾ നടത്തിയ ഇൻവെസ്റ്റേഴ്സ് റോഡ് ഷോയിൽ കമ്പനി അധികൃതരുമായി ചർച്ച നടത്തുകയും കേരളത്തിലെ നിക്ഷേപം യാഥാർത്ഥ്യമാക്കുന്നതിലുള്ള എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ മികച്ച വിജയവും ദാവോസിലെ ഞങ്ങളുടെ സാന്നിധ്യവുമെല്ലാം കേരളം ഒരു ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കുന്നതിന് കമ്പനിക്ക് ആത്മവിശ്വാസം നൽകി.
ഇത്രയും വലിയ പദ്ധതി ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൻ്റെ ഐടി രംഗത്തിന് പുതിയ കുതിപ്പ് സാധ്യമാക്കാൻ മുന്നോട്ടുവന്ന അൽ മേസൂഖി ഹോൽഡിങ്ങ്സ് കമ്പനി അധികൃതരോട് പരിപൂർണമായ സഹകരണം സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും.
നമ്മുടെ നാട്ടിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനും ഒപ്പം നമ്മുടെ വ്യവസായനയത്തിനോട് ചേർന്നു നിൽക്കുന്ന കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ സർക്കാർ ഇനിയും പരിശ്രമിക്കും, പി രാജീവ് കുറിച്ചു.












Click it and Unblock the Notifications