ഉറപ്പാണ് തൊഴില്‍: ആലപ്പുഴയില്‍ വന്‍ തൊഴില്‍ മേള: 10000 ത്തോളം പേർക്ക് ജോലി ഉറപ്പാക്കും
ആലപ്പുഴ: യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതില്‍ വിജയകരമായ ഒരു മാതൃകയാണ് വിജ്ഞാന പത്തനംതിട്ട പദ്ധതി. പദ്ധതിക്ക് കീഴിലായി നിരവധിയാളുകള്‍ക്കാണ് ഇതിനോടകം ജോലി സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. ഒക്ടോബർ 19-ന് കേരളത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് തൊഴിൽമേള തിരുവല്ല മാർത്തോമാ കോളേജിൽ നടത്താന്‍ ഒരുങ്ങുകയാണ് വിജ്ഞാന പത്തനംതിട്ട പദ്ധതി.
ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി എന്നിവിടങ്ങളിൽ 2000-ത്തിൽപ്പരം തൊഴിലവസരങ്ങള്‍ക്കൊപ്പം ജപ്പാൻ, യുകെ എന്നിവിടങ്ങളിലും തൊഴിലവസരം ഉണ്ടാകുമെന്നാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുന്‍ ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇതിന് സമാനമായ അല്ലെങ്കില്‍ അതിലും വലിയ ഒരു തൊഴില്‍ മേളയ്ക്ക് പത്തനംതിട്ടയും സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്.

ജനുവരി ആദ്യം ആലപ്പുഴയിൽ കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ തൊഴിൽമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്നാണ് തോമസ് ഐസക് വ്യക്തമാക്കുന്നത്. നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ ലഭ്യമായിട്ടുള്ള തൊഴിലുകൾക്കു പുറമേ കൊച്ചി വ്യവസായ മേഖലയിലെ തൊഴിൽദാതാക്കളെയും ബന്ധപ്പെട്ട് തൊഴിലുകൾ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 10,000 പേർക്കെങ്കിലും ഈ ഒറ്റ തൊഴിൽമേളയിൽ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറയുന്നു.
ജനുവരി വരെ കാത്തിരിക്കാൻ ഉദ്ദേശിക്കുന്നില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ തിരുവല്ലയിൽ നടക്കുന്ന തൊഴിൽമേളകളിൽ അണിനിരത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴേ ആരംഭിക്കും.
ഇതിനുള്ള സംഘടനാന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. "വിജ്ഞാന ആലപ്പുഴ ഉറപ്പാണ് തൊഴിൽ" ജില്ലാ പഞ്ചായത്തിന്റെ ഈ വാർഷിക പദ്ധതിയിലെ പ്രൊജക്ടാണ്. നഗരസഭകളുടെ സഹകരണവും ഉറപ്പായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുകയാണ്. പത്തനംതിട്ടയിൽ നിന്നു വ്യത്യസ്തമായി എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിനാണ് ആലപ്പുഴയിൽ തീരുമാനിച്ചിട്ടുള്ളത്. എല്ലാതലങ്ങളിലും ജനപ്രതിനിധികളും മറ്റും അടങ്ങിയ ജനകീയസമിതികൾ രൂപീകരിച്ചുവരുന്നതായും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഫെസിലിറ്റേഷൻ സെന്ററിൽ കില, കുടുംബശ്രീ, തദ്ദേശഭരണം എന്നീ വകുപ്പുകളിലെ ഇന്റേൺസ്/റിസോഴ്സ് പേഴ്സൺസും ഉദ്യോഗസ്ഥരുമാണ് ഉണ്ടാവുക. അവരുടെ ആദ്യ യോഗം ചേർന്നു. ചിട്ടയായ പരിശീലനത്തിന് പ്ലാൻ തയ്യാറാക്കി. കൗതുകകരമായ കാര്യം പരിശീലനത്തിന് നേതൃത്വം നൽകാൻ പത്തനംതിട്ടയിൽ നിന്ന് ഒരു ചെറുടീം ആലപ്പുഴയിൽ എത്തിയതാണ്. പൊതു അവതരണങ്ങൾക്കുശേഷം പഠിതാക്കൾ ഇവരോടൊപ്പം ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി ചർച്ച ചെയ്തു.
ജില്ലാതലത്തിൽ ഒരു പ്രൊജക്ട് മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിക്കുന്നതിന് തീരുമാനിച്ചു. തദ്ദേശഭരണ വകുപ്പിലെ ഷിബു ആയിരിക്കും ജില്ലാ മിഷൻ കോർഡിനേറ്ററായി പ്രവർത്തിക്കുകയെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications