കാനഡ പഴയ സ്വർഗ്ഗ രാജ്യമല്ല, ദുരിതങ്ങള്‍ തന്നെ: ജോലി കിട്ടാന്‍ പെടാപ്പാട്, ഇന്ത്യക്കാരുടെ നീണ്ട ക്യൂ
കോവിഡാനന്തരം മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യക്കാരുടെ വിദേശ കുടിയേറ്റ മോഹങ്ങള്‍ക്ക് ശക്തി പകർന്ന രാജ്യമാണ് കാനഡ. നേരത്തെ തന്നെ കാനഡയില്‍ പഞ്ചാബില്‍ നിന്നടക്കമുള്ളവർ കുടിയേറിയിട്ടുണ്ടെങ്കിലും കോവിഡിന് ശേഷമാണ് ഇത് കൂടുതല്‍ ശക്തമായത്. വിദ്യാർത്ഥികളായിരുന്നു കുടിയേറ്റത്തിന്റെ മുന്‍ നിരയില്‍.
ഏതെങ്കിലുമൊക്കെ കോഴ്സില്‍ വിദ്യാഭ്യാസ വിസ നേടി കാനഡയില്‍ എത്തുന്നവർ പഠന ശേഷം അവിടെ തന്നെ ജോലി നേടി പിആർ നേടുന്നതായിരുന്നു രീതി. വർക്ക് വിസയില്‍ എത്തിയവരും കുറവല്ല. വിദ്യാർത്ഥികളുടെ പങ്കാളി വിസയിലെ കുടിയേറ്റവും ശക്തമായ രീതിയില്‍ തന്നെ തുടർന്നു. ഇതോടെ ചുരുങ്ങിയ കാലയളവില്‍ കാനഡയിലെ ജനസംഖ്യയിലെ തന്നെ നിർണ്ണായക വിഭാഗമായി ഇന്ത്യക്കാർ മാറി.

നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (NFAP) വിശകലനം അനുസരിച്ച്, 2013 നും 2023 നും ഇടയിൽ, കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം 32,828 ൽ നിന്ന് 139,725 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യക്കാർക്ക് പുറമെ പാകിസ്താന്‍ അടക്കമുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നൈജീരിയയില്‍ നിന്നുമൊക്കെ കാനഡയിലേക്ക് കുടിയേറ്റം ശക്തമായിരുന്നു.
കുടിയേറ്റ ജനസംഖ്യയില്‍ വലിയ വർധനവ് ഉണ്ടായത് ക്രമേണ കാനഡയില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഇടയാക്കി. പാർപ്പിട പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധി. കുടിയേറ്റത്തിനെതിരായ പ്രാദേശിക വികാരം കൂടി ശക്തിപ്പെട്ടി വന്നിരുന്നു. ഇതോടെ കുടിയേറ്റ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പല നിയന്ത്രണങ്ങളും കനേഡിയന്‍ സർക്കാർ നടപ്പിലാക്കി.
വിദ്യാർത്ഥി വിസകള്‍ക്കായിരുന്നു പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ കാനഡയില്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഈ വർഷം കുറവുണ്ടാകുകയും ചെയ്തു.കുടിയേറി എത്തുന്നവരുടെ കാര്യത്തില്‍ കുറവുണ്ടായെങ്കിലും തൊഴിലില്ലായ്മയ്ക്ക് ഇതുവരെ പരിഹാരം ആയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോ വ്യക്തമാക്കുന്നത്.
കാനഡയിലെ ഉയർന്ന വിദ്യാഭ്യാസ ചിലവിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പാർട് ടൈം ജോലി തേടുന്നത് ഒരു പുതിയ കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. നേരത്തെ നിരവധി പാർട് ടൈം ജോലികളും മികച്ച ശമ്പളവും വിദ്യാർത്ഥികള്‍ക്ക് ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ.
ടിം ഹോർട്ടൺസിൽ ജോലിക്കായി ക്യൂ നിൽക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ ചുറ്റിപ്പറ്റി നിരവധി ചർച്ചകളും ഇപ്പോള്‍ ഉയർന്ന് വരുന്നുണ്ട്. ടൊറൻ്റോയിലെ ടിം ഹോർട്ടൺസ് ജോബ് ഫെയറില്‍ നിന്നു ദൃശ്യങ്ങളാണ് കണ്ടൻ്റ് ക്രിയേറ്റർ നിഷാന്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യക്കാർ ഉള്‍പ്പെടെ നിരവധി വിദ്യാർത്ഥികള്‍ ജോലിക്കായി ക്യൂവില്‍ നില്‍ക്കുന്നത് കാണാന്‍ സാധിക്കും.
ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയില്‍ നിരവധിയാളുകള്‍ കമന്റുകളും രേഖപ്പെടുത്തിയിട്ടുമുണ്ട്. "നിർമ്മാണം, ഹാൻഡിമാൻ, റിപ്പയർ അല്ലെങ്കിൽ ഡ്രൈവിംഗ് ട്രക്കുകൾ പഠിക്കുക. കാനഡയ്ക്ക് ഈ ജോലികൾക്ക് ആളെ ആവശ്യക്കാരുണ്ട്" ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, "ഇത് 8 വർഷം മുമ്പ് ഞാൻ വന്ന കാനഡയല്ല. അന്നത്തെ കാനഡ അവസരങ്ങളും വളർച്ചയും സ്വപ്നങ്ങളും നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല" മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications