വിദേശ വിദ്യാർത്ഥികള്‍: കാനഡയില്‍ പുതിയ തർക്കം; നിയന്ത്രിക്കാന്‍ സർക്കാർ, പറ്റില്ലെന്ന് ക്യൂബെക്ക്
കാനഡയില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാർത്ഥികള്‍ എത്തുന്ന രാജ്യം ഇന്ത്യയാണെന്നതില്‍ സംശയമില്ല. ഒന്റാറിയോയിലെ ആറ് കോളേജുകളിലെങ്കിലും കാനഡയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ മുഴുവൻ സമയ വിദ്യാർത്ഥികളായി ഇന്ത്യാക്കാരുണ്ടെന്നാണ് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്ത് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ടെങ്കിലും കാനഡയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവൊന്നുമില്ല.
150-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി കാനഡ തിരഞ്ഞെടുക്കുമ്പോൾ, ഏകദേശം 40% പഠന വിസകള്‍ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് അനുവദിച്ചത് കണക്കുകളും വ്യക്തമാക്കുന്നു. ചൈന 12%, ഫിലിപ്പീൻസ് 7%,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചെറിയ അനുപാതം മാത്രമാണ് വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ളത്.

2012-ൽ ഏകദേശം 10,000 മുഴുവൻ സമയ വിദ്യാർത്ഥികളുണ്ടായിരുന്ന ഒന്റാറിയോയിലെ കോനെസ്റ്റോഗ കോളേജിലെ 90% പേരും കനേഡിയൻമാരായിരുന്നു. എന്നാല്‍ കഴിഞ്ഞ വർഷം, കാനഡയിലെ മറ്റേതൊരു വിദ്യാഭ്യാസ സ്ഥാപനത്തേക്കാളും കൂടുതൽ അന്താരാഷ്ട്ര പഠന അനുമതികൾ നേടി ഈ കോളേജ് വാർത്തകളില്‍ ഇടം പിടിച്ചു. പ്രശസ്ത കനേഡിയൻ സർവ്വകലാശാലകളായ ടൊറന്റോ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവയില്‍ അഡ്മിഷന്‍ നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിന് തുല്യമാണ് കോനെസ്റ്റോഗ കോളേജിലെ അഡ്മിഷന്‍.
2016-ൽ 35,000-ത്തിലധികം വിദേശ വിദ്യാർത്ഥികള്‍ക്കായിരുന്നു ഒന്റാറിയോയിലെ കോളേജുകൾ പഠന വിസ നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് അത് പ്രതിവർഷം 100000 ആയി ഉയർന്നിരിക്കുകയാണ്. 2021-22 അധ്യയന വർഷത്തിൽ, ഒന്റാറിയോയിലെ പൊതു ധനസഹായമുള്ള 24 കോളേജുകളിൽ ഏഴെണ്ണമെങ്കിലും ആഭ്യന്തര വിദ്യാർത്ഥികളേക്കാൾ കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കി. സാർനിയയിലെ ലാംബ്ടൺ കോളേജിലെ 92% വിദ്യാർത്ഥികളും അന്തർദേശീയ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ടിമ്മിൻസിലെ നോർത്തേൺ കോളേജ് 90%, നോർത്ത് ബേയിലെ കാനഡോർ കോളേജ് 82%, എന്നിങ്ങനേയും വിദേശ വിദ്യാർത്ഥികളാണ്.
അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ വർധനവ് കാനഡയ്ക്ക് സാമ്പത്തികപരമായും വലിയ നേട്ടങ്ങളാണുള്ളത്. കനേഡിയന്‍ വിദ്യാർത്ഥികളേക്കാള്‍ വലിയ ട്യൂഷന്‍ ഫീസാണ് വിദേശ വിദ്യാർത്ഥികളില്‍ നിന്നും സർവ്വകലാശാലകള്‍ ഈടാക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ സീറ്റുകള്‍ക്ക് പ്രവിശ്യാ ഗ്രാന്റുകൾ സബ്‌സിഡിയും നൽകില്ല. അതുകൊണ്ട് തന്നെ മൂന്ന് മുതൽ പത്തിരട്ടി വരെയാണ് പ്രാദേശിക വിദ്യാർത്ഥികളെ അപേക്ഷിക്ഷിച്ച് വിദേശ വിദ്യാർത്ഥികളുടെ ഫീസ്.

വിദേശ വിദ്യാർത്ഥികളില്‍ നിന്നും വാങ്ങിക്കുന്ന ഈ അധിക ട്യൂഷന്‍ ഫീയാണ് കനേഡിയൻ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ സമ്പ്രദായം മികച്ച രീതിയില്‍ നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകം. എന്നാല്‍ വിദേശ വിദ്യാർത്ഥികളുടെ വലിയ രീതിയിലുള്ള കടന്ന് വരവ് സമീപ കാലത്ത് രാജ്യത്ത് പല രീതിയിലുള്ള പ്രശ്നങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
ആവശ്യമായരീതിയില്‍ വാടക വീടുകള്‍ കിട്ടാനില്ലെന്നതാണ് വിദേശ വിദ്യാർത്ഥികള്‍ കാരണം കാനഡ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വീടുകളുടെ വാടക സമീപകാലത്ത് വലിയ രീതിയില്‍ ഉയർന്നു. വിദേശീയരുടെ ഒഴുക്ക് കുറഞ്ഞ വേതനത്തില്‍ ലഭ്യമാവുന്ന തൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ടാക്കി. ഇക്കാര്യത്തിലെല്ലാം വിദേശ വിദ്യാർത്ഥികളെയാണ് കനേഡിയക്കാർ കുറ്റപ്പെടുത്തുന്നത്.
ഇതോടെയാണ് കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന തരത്തിലുള്ള രാഷ്ട്രീയ ചർച്ചകളും ഉയർന്ന് വരാന്‍ തുടങ്ങിയത്. വർദ്ധിച്ചുവരുന്ന പ്രതിസന്ധിച്ച് ലഘൂകരിക്കുന്നതിന് പഠന അനുമതികൾക്ക് പരിധി ഏർപ്പെടുത്തുന്ന ഭവന വകുപ്പ് മന്ത്രി ഫ്രേസറിന്റെ നിർദേശവും ചർച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചു.
സ്വകാര്യ കോളേജുകളെ പ്രതിനിധീകരിക്കുന്ന നാഷണൽ അസോസിയേഷൻ ഓഫ് കരിയർ കോളേജുകൾ പോലുള്ള ചില അസോസിയേഷനുകൾ അന്താരഷ്ട്ര വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. ചില കോളേജുകള്‍ മാത്രമാണ് അന്തർദേശീയ വിദ്യാർത്ഥികളിലൂടെ ലാഭമുണ്ടാക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ചില പ്രവിശ്യകള്‍ വിദേശ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുകയാണ്. അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് ക്യുബെക്ക് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസം പ്രവിശ്യാ അധികാരപരിധിയിൽ വരുന്നതിനാൽ ക്യൂബെക്കിന്റെ ഈ നിലപാട് ഫെഡറൽ ഗവൺമെന്റുമായുള്ള സംഘർഷത്തിന്റെ സാധ്യതയേയും സൂചിപ്പിക്കുന്നു.
അന്തർദ്ദേശീയ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനുള്ള ശേഷി നിർണ്ണയിക്കാനുള്ള അധികാരം ക്യൂബെക്ക് പോലുള്ള പ്രവിശ്യകള്‍ക്കുണ്ട്. "ക്യുബെക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന എണ്ണം നിർണ്ണയിക്കും." ക്യൂബെക്ക് ഇമിഗ്രേഷൻ മന്ത്രി ക്രിസ്റ്റീൻ ഫ്രെഷെറ്റിന്റെ വക്താവ് അലക്‌സാണ്ടർ ലഹായ് പറഞ്ഞു.












Click it and Unblock the Notifications