40 വയസില്‍ ജോലി നഷ്ടപ്പെടുന്ന പ്രവണത വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി കമ്പനി മേധാവി: കാരണങ്ങള്‍ ഇതാണ്
മുംബൈ: ജീവിതത്തില്‍ മിക്കവര്‍ക്കും ഏറ്റവും കൂടുതല്‍ ബാധ്യതകളുള്ള കാലഘട്ടമാണ് നാല്‍പതുകള്‍. ഭവന വായ്പ, മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍, പ്രായമായ മാതാപിതാക്കളുടെ ചികിത്സാ ചെലവുകള്‍ ഇങ്ങനെ പോകുന്നു ചെലവുകളുടെ പട്ടിക. എത്ര ഉയര്‍ന്ന ശമ്പളം കിട്ടിയാലും ബാധ്യതകള്‍ തീര്‍ക്കാനാകാത്ത അവസ്ഥ. ഈ അവസ്ഥയില്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്ന അവസ്ഥ കൂടി ഉണ്ടായാല്‍ വലിയ പ്രതിസന്ധിയാകും നേരിടേണ്ടി വരിക.
ആഗോള തലത്തില്‍ 40 വയസുള്ള പ്രൊഫഷണലുകളെ പിരിച്ചുവിടുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ഗ്രൂമിങ്, പഴ്സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ബോംബെ ഷേവിങ് കമ്പനിയുടെ മേധാവി ശന്തനു ദേശ്പാണ്ഡെ പറയുന്നു. കമ്പനികള്‍ തങ്ങളുടെ വരുമാനം ഇടിയുമ്പോള്‍ ആദ്യം പിരിച്ചുവിടുന്നത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന 40-45 വയസുള്ള ജീവനക്കാരെയാണ്. വലിയ കമ്പനികളില്‍ നിന്ന് ഉയര്‍ന്ന ശമ്പളത്തിന് സ്റ്റാര്‍ട്ടപ്പുകളിലേക്കു ചേക്കേറുന്നവരാണ് ഈ പിരിച്ചുവിടലിന് കൂടുതലും ഇരയാകുന്നത്.

ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന കരിയറിന്റെ സുവര്‍ണ കാലഘട്ടത്തിലായിരിക്കും പിരിച്ചുവിടപ്പെടുന്നത്. ഇത് സാമ്പത്തികവും വൈകാരികവുമായ നിരാശയിലേക്കു നയിക്കും. ഇത് വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്‍സ്ഗ്രാമില്‍ ഈ വിഷയത്തില്‍ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
40-കളില്‍ ജോലി നഷ്ടപ്പെടുന്നത് സാമ്പത്തികമായ വലിയ അസ്ഥിരതയിലേക്കു നയിക്കും. 'അവര്‍ക്ക് കോളജില്‍ പോകുന്ന കുട്ടികള്‍ ഉണ്ടാകും. പ്രായമായ മാതാപിതാക്കള്‍ക്കുള്ള സഹായം, ഇഎംഐകള്‍... അങ്ങനെ നിരവധി ചെലവുകളും സമ്പാദ്യമൊന്നും ഇല്ലാത്ത അവസ്ഥയും. ഇത് വളരെ വളരെ ആശങ്കാജനകമാണ്' - ശന്തനു പറഞ്ഞു.
ഈ പ്രായക്കാര്‍ നേരിടുന്ന സാമ്പത്തികവും വൈകാരികവുമായ സമ്മര്‍ദം വളരെ കൂടുതലാണ്. ഇതിന് പരിഹാരമായി ഈ പ്രായക്കാര്‍ ഐഐയില്‍ നൈപുണ്യം വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ സമ്പാദ്യ ശീലവും സംരംഭക മനോഭാവവും വളര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പ്രായത്തിലുള്ള ആളുകള്‍ മത്സരക്ഷമത നിലനിര്‍ത്തുകയും നൈപുണ്യം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് നിരവധി പേര്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോയ്ക്കു താഴെ കുറിക്കുന്നു. കാരണം ഉയര്‍ന്ന ശമ്പളവും മത്സരക്ഷമതയും തുല്യമായി കൊണ്ടുപോകുന്നതില്‍ പലരും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഒരു കമ്പനിയില്‍ ഏറ്റവും കൂടുതല്‍ അനിശ്ചിതത്വം നേരിടുന്നത് 40 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്, അവരാണ് ആദ്യം ശിക്ഷിക്കപ്പെടുന്നതെന്ന് ഒരു ഉപയോക്താവ് കുറിച്ചു.
2025 ലെ ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ 40 ശതമാനം തൊഴിലാളികളും ഇത്തരം പിരിച്ചുവിടലുകള്‍ മൂലം കടുത്ത സമ്മര്‍ദം അനുഭവിക്കുന്നു. ഇന്ത്യന്‍ വീടുകളിലെ സാമ്പത്തിക ബാധ്യതയുടെ ഭൂരിഭാഗവും വഹിക്കുന്ന മധ്യവയസ്‌കരായ പുരുഷന്മാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications