ബംബറടിച്ച 25 കോടി എന്തു ചെയ്തു? ഇനി പുതിയ ബിസിനസിലേക്കും; തുറന്നുപറഞ്ഞ് ഭാഗ്യവാന്‍ അനൂപ്
തിരുവനന്തപുരം: ലോട്ടറി അടിച്ചാല്‍ ആ പണം എന്തു ചെയ്യണം? കഴിഞ്ഞ ദിവസം ലോട്ടറി വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ഉയര്‍ന്ന ചോദ്യം ഇതായിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനമായ ഓണം ബംബറിന്റെ 25 കോടി അടിച്ച തിരുവനന്തപുരം സ്വദേശി അനൂപും പങ്കെടുത്ത ക്ലാസിലായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്. എന്നാല്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയ ഗുലാത്തി ഇന്‍സ്റ്റ്യൂട്ടിലെ പ്രഫ. എന്‍ രാമലിംഗം പറഞ്ഞ മറുപടി ഇങ്ങനെയാണ്.
ഒരിക്കലും എടുത്തുചാടാന്‍ നിക്കരുത്. നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറയോ ചാര്‍ട്ടേഡ് അക്കൗണ്ടിനെയോ സമീപിച്ച് പണം നിക്ഷേപിക്കാവുന്ന മാര്‍ഗങ്ങള്‍ ചോദിച്ചറിയുക. എന്നാല്‍ ഒരിക്കലും എല്ലാ തുകയും ഒരു സ്ഥലത്ത് നിക്ഷേപിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. നമുക്ക് ലാഭം നേടിയെടുക്കാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികളിലേക്ക് മാത്രം നിക്ഷേപിക്കുക.

ഇതോടൊപ്പം അടയ്‌ക്കേണ്ട എല്ലാ നികുതികളും കൃത്യമായി അടയ്ക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ആദായ നികുതി റിട്ടേണ്‍ കൃത്യമായി സമര്‍പ്പിക്കുകയും ചെയ്യണം. ഇതൊക്കെ കൃത്യമായി ചെയ്താല്‍ പിന്നെ ആരെയും ഭയക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്ലാസിലേക്ക് 20 ലക്ഷത്തിന് മുകളില്‍ സമ്മാനം നേടിയ 50 പേരെയാണ് ക്ഷണിച്ചത്. ഇവരില്‍ 36 പേരാണ് പരിപാടിയില്‍ എത്തിയത്.
കഴിഞ്ഞ ഓണം ബംബര്‍ സമ്മാനം നേടിയ അനൂപായിരുന്നു ഈ കൂട്ടത്തിലെ താരം. പണം ലഭിച്ചതിന് പിന്നാലെ ആള്‍ക്കാരുടെ ശല്യം കാരണം വീട് വരെ മാറേണ്ടി വന്ന അനൂപിന് ഇപ്പോള്‍ കൃത്യമായ മാനേജ്‌മെന്റ് പ്ലാനുണ്ട്. ലോട്ടറി അടിച്ച ഭാഗ്യവാന്മാര്‍ക്ക് പണം കയ്യില്‍ കൊടുക്കുന്നതിന് മുമ്പ് ഒരു ക്ലാസ് ആദ്യം കൊടുക്കണമെന്ന് അനൂപ് പറഞ്ഞു.
നമുക്ക് എത്ര രൂപ കയ്യില്‍ കിട്ടും. എത്ര രൂപ ടാക്‌സ് അടയ്ക്കണം എന്നതിനെ കുറിച്ച് കൃത്യമായി മനസിലാക്കിക്കൊടുക്കണം. താന്‍ ഇപ്പോള്‍ രണ്ട് ലോട്ടറിക്കടകള്‍ നടത്തുകയാണെന്ന് അനൂപ് പറഞ്ഞു. താന്‍ ഇനി പുതിയൊരു ബിസിനസ് മേഖലയിലേക്ക് കൂടി തിരിയാനാണ് പദ്ധതിയിടുന്നതെന്ന കാര്യവും അനൂപ് വെളിപ്പെടുത്തി.
കെട്ടിട നിര്‍മ്മാണ മേഖലയിലേക്ക് തിരിയാനാണ് തന്റെ പദ്ധതിയെന്ന് അനൂപ് പറയുന്നു. തനിക്ക് സമ്മാനമായി ലഭിച്ച തുകയില്‍ ഭൂരിഭാഗവും സുരക്ഷിതമായി നിക്ഷേപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അനൂപിന് ലോട്ടറി അടിച്ചതിന് പിന്നാലെ വലിയ ദുരവസ്ഥകളാണ് നേരിടേണ്ടി വന്നത്. പണം ചോദിച്ച് വീട്ടില്‍ എത്തുന്നവരെ കൊണ്ട് സ്വന്തം വീട് വരെ മാറേണ്ടി വന്നു.
അനൂപിന്റെ അവസ്ഥ കണ്ട് പിന്നീട് ബംബര്‍ അടിച്ച ആരും തന്നെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ പേര് വെളിപ്പെടുത്താത്ത ബംബര്‍ വിജയികളെയും വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും തന്നെ പരിപാടിയില്‍ എത്തിയില്ല. ലോട്ടറി അടിച്ച പണം ധൂര്‍ത്തടിച്ച് കളഞ്ഞവരുടെ കഥകള്‍ കേട്ടാണ് പരിപാടി ആരംഭിച്ചത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ ട്രെഷറിയില്‍ നിക്ഷേപിക്കാമെന്ന് ക്ലാസ് നയിച്ചവര്‍ ചൂണ്ടിക്കാട്ടി.
രണ്ട് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്ന സംരംഭമാണ് സംസ്ഥാന ലോട്ടറി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയും നടത്തിപ്പില്‍ സുതാര്യതയുമുള്ള സംസ്ഥാന ലോട്ടറി വകുപ്പ് വര്‍ഷം 7000 കോടി രൂപയാണ് സമ്മാന ഇനത്തില്‍ നല്‍കുന്നത്. എല്ലാ ലോട്ടറികള്‍ക്കും കൂടി മുന്‍പ് 5.2 കോടി സമ്മാനങ്ങളാണ് ഒരു വര്‍ഷം നല്‍കിയിരുന്നത്. സമ്മാനഘടന പരിഷ്‌കരണത്തിലൂടെ ഇത് 8.5 കോടിയായി വര്‍ധിച്ചു.
ഭാഗ്യക്കുറി ജേതാക്കള്‍ ലോട്ടറി അടിച്ച് മോശം ധനവിനിയോഗത്തിലൂടെ പാപ്പരാകാതെ ബുദ്ധിപൂര്‍വ്വം പണം ഉപയോഗിക്കേണ്ടതുണ്ട്. അതിനാലാണ് പരിശീലനം തുടങ്ങിയത്. മാസത്തിലോ രണ്ട് മാസത്തില്‍ ഒരിക്കലോ ലോട്ടറി ജേതാക്കള്‍ക്കായി ഇത്തരത്തില്‍ പരിശീലനം സംഘടിപ്പിക്കും.












Click it and Unblock the Notifications