നിപ എന്ന 'സൂനോട്ടിക്' വൈറസ്... പേര് മുതല്‍ ചികിത്സവരെ; അറിയേണ്ടതെല്ലാം
2018 മെയ് മാസത്തില്‍ ആയിരുന്നു കേരളത്തില്‍ നിപ വൈറസ് വ്യാപനം ഉണ്ടായത്. വൈറസ് ബാധയുണ്ടായാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവുള്ള രോഗമാണ് നിപ. കേരളത്തിലും കാര്യങ്ങള്‍ അങ്ങനെ തന്നെ ആയിരുന്നു. 17 പേര്‍ ആയിരുന്നു അന്ന് നിപ വൈറസ് ബാധിച്ചത് മരിച്ചത്. 88 ശതമാനത്തിന് മുകളില്‍ ആയിരുന്നു കേരളത്തിലെ മരണ നിരക്ക്.
ലോകം ശരിക്കും ഭയക്കുന്ന രോഗങ്ങളില്‍ ഒന്നാണ് നിപ. പടര്‍ന്നു പിടിക്കുന്നു എന്നത് മാത്രമല്ല, ഉയര്‍ന്ന മരണനിരക്കാണ് നിപയെ ശരിക്കും ഒരു 'ഭീകര' രോഗമാക്കുന്നത്. എന്താണ് നിപയുടെ ചരിത്രം? എങ്ങനെ രോഗം വരും? എങ്ങനെ തിരിച്ചറിയാം? എങ്ങനെ പ്രതിരോധിക്കാം...?

ഒരു സ്ഥലപ്പേരുമായി ബന്ധപ്പെട്ടാണ് നിപ വൈറസിന്റെ പേര് തന്നെ വരുന്നത്. മലേഷ്യയിലെ പോര്‍ട്ട് ഡിക്‌സണിലെ സുംഗായ് നിപ്പാ എന്ന സ്ഥലം. ഇവിടെ നിന്നാണ് ആദ്യമായി നിപ വൈറസ് ഐസൊലേറ്റ് ചെയ്യപ്പെടുന്നത്. അങ്ങനെ ആ സ്ഥലത്തിന്റെ പേരില്‍ ഒരു വൈറസ് അറിയപ്പെടാന്‍ തുടങ്ങുകയായിരുന്നു.
1998 ല്‍ ആണ് ആദ്യമായി നിപ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ അന്ന് അത് എന്ത് രോഗമാണെന്ന് തിരിച്ചറിയപ്പെട്ടിരുന്നില്ല. മലേഷ്യയില്‍ പടര്‍ന്നുപിടിച്ച രോഗം 105 പേരുടെ മരണത്തിന് വഴിവച്ചു. 265 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്.

പന്നി ഫാമില്‍ നിന്നായിരുന്നു അന്ന് രോഗം പടര്‍ന്നുപിടിച്ചത്. അതിന്റെ ഭാഗമായി പത്ത് ലക്ഷത്തോളം പന്നികളെയാണ് അന്ന് കൊന്നൊടുക്കിയത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന 'സൂനോട്ടിക്' വിഭാഗത്തില്‍ പെട്ട വൈറസ് ആണ് നിപ വൈറസ്. ആദ്യഘട്ടത്തില്‍ ജാപ്പനീസ് എന്‍സെഫലൈറ്റിസ് ആണെന്നായിരുന്നു ഈ രോഗത്തെ തെറ്റിദ്ധരിച്ചിരുന്നത്. പിന്നീട് വിശദമായ പഠനങ്ങള്‍ക്കൊടുവില്‍ ആണ് വൈറസിനെ തിരിച്ചറിയുന്നത്. 1998 ല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം 1999 ല്‍ ആണ് നിപ വൈറസിനെ തിരിച്ചറിയുന്നത്. പഴംതീനി വവ്വാലുകള്‍ ആണ് നിപ വൈറസിന്റെ സ്വാഭാവിക റിസര്‍വോയറുകള്‍ എന്ന് അറിയപ്പെടുന്നത്. കേരളത്തിൽ 2018 ൽ രോഗം മനുഷ്യനിലേക്ക് എത്തിയത് ഇതുവഴിയാണെന്നും കണ്ടെത്തിയിരുന്നു.

ഒരുപാട് ഇടങ്ങളില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു രോഗമല്ല നിപ. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട ചികിത്സാ രംഗത്തെ പുരോഗതികള്‍ താരതമ്യേന കുറവാണ്. നിപയ്ക്ക് ഇതുവരെ വാക്‌സിന്‍ ഒന്നും കണ്ടെത്താന്‍ ആയിട്ടില്ല. രോഗബാധയുണ്ടായാല്‍ നല്‍കാന്‍ കൃത്യമായ ചികിത്സകളോ മരുന്നുകളോ ഇല്ല. അനുബന്ധ പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാനുള്ള മരുന്നുകള്‍ ആണ് പൊതുവേ ഉപയോഗിച്ചുവരുന്നത്. നിപ പ്രതിരോധത്തില്‍ ചില മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിപ വ്യാപനം ഉണ്ടായപ്പോള്‍ റിബാവരിന്‍ എന്ന മരുന്ന് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ചിരുന്നു.

നിപ ഇതുവരെറിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് നാലേ നാല് രാജ്യങ്ങളില്‍ മാത്രമാണ് എന്ന പ്രത്യേകതയും ഉണ്ട്. ആദ്യം മലേഷ്യയിലും പിന്നീട് സിംഗപ്പൂരിലും ആണ് ആദ്യഘട്ടത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 2001 ലും 2007 ലും 2018 ലും ആയി ഇന്ത്യയിലും ബംഗ്ലാദേശിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2018 ല്‍ കേരളത്തില്‍ രോഗബാധയുണ്ടായപ്പോള്‍, അതിനെ പ്രതിരോധിച്ച രീതി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ആഗോള തലത്തില്‍ നാല്‍പത് മുതല്‍ 75 ശതമാനം വരെയാണ് നിപയുടെ മരണ നിരക്ക്. കേരളത്തില്‍ അത് 88 ശതമാനത്തിന് മുകളില്‍ ആയിരുന്നു. രോഗബാധയുടെ തോത് അനുസരിച്ച് ഒരുപക്ഷേ 100 ശതമാനം വരെ മരണനിരക്ക് ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പെട്ടെന്ന് കണ്ടെത്താന്‍ ആകുന്ന ഒരു രോഗമല്ല നിപ എന്നതാണ് പ്രധാനപ്പെട്ട ഒരു പ്രശ്‌നം. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് ആയി കണക്കാക്കുന്നത്. തുടക്കത്തില്‍ പനി, തലവേദന, മസില്‍ പെയിന്‍, ഛര്‍ദ്ദി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ആയിരിക്കും ഉണ്ടാവുക. ഇത് നിപയെന്ന് സംശയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിന് ശേഷം ആയിരിക്കും കുറച്ചുകൂടി ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടമാവുക. തലകറക്കം, ബോധക്കേട്, മയക്കം തുടങ്ങിയവ ആയിരിക്കാം ഈ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ഗുരുതരമായ മസ്തിഷ്‌ക വീക്കത്തിന്റെ സൂചനകളാണ് ഇത് നല്‍കുക.

ഈ ഘട്ടത്തില്‍ പോലും രോഗം തിരിച്ചറിയപ്പെട്ടോളണം എന്നില്ല. ചില രോഗികള്‍ക്ക് കടുത്ത ന്യുമോണിയയും ശ്വാസം മുട്ടലും ഈ ഘട്ടത്തില്‍ അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ അപസ്മാരത്തിനും കാരണമാകാറുണ്ട്. ഇതേ തുടര്‍ന്ന് 'കോമ' സ്‌റ്റേജിലേക്ക് പോകുന്ന രോഗികള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ചരിത്രം പറയുന്നത്. അതേസമയം, ഗുരുതരമായ മസ്തിഷ്‌ക വീക്കത്തെ മറികടന്നവര്‍ നിപയില്‍ നിന്ന് പൂര്‍ണമായും മുക്തരാകാറുണ്ട്. രോഗമുക്തി നേടിയാല്‍ പോലും ഇവരെ കാലങ്ങളോളം ന്യൂറോളജിക്കല്‍ (നാഡീവ്യൂഹവുമായി ബന്ധപ്പെട്ട) പ്രശ്‌നങ്ങള്‍ വേട്ടയാടാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗബാധ കണ്ടെത്തുക എന്നതാണ് നിപയുടെ കാര്യത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യം. പലപ്പോഴും രോഗബാധ കണ്ടെത്തുമ്പോഴേക്കും അത് അനേകരിലേക്ക് പടര്‍ന്നിട്ടുണ്ടാകും. തൊണ്ടയില്‍ നിന്നുള്ള സ്വാബ്, മൂത്രം, രക്തം, സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ് എന്നിവയാണ് നിപ ബാധ സ്ഥിരീകരിക്കാന്‍ വേണ്ടി പരിശോധനയ്ക്ക് എടുക്കുന്ന സാംപിളുകള്‍. ആര്‍ടി- പിസിആര്‍ പരിശോധനാ രീതിയാണ് പ്രധാനമായും അവലംബിക്കുന്നത്. എലൈസ ടെസ്റ്റിലൂടേയും നിപ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാം. എന്നാല്‍ രോഗബാധ പുരോഗമിക്കുന്ന ഘട്ടത്തില്‍ മാത്രമായിരിക്കും ഇത് സാധ്യമാവുക എന്ന പരിമിതിയുണ്ട്. (ചിത്രത്തിന് കടപ്പാട്: NIAID )

രോഗിയുടെ ശരീര സ്രവങ്ങളിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് പടരുന്നത്. അതുകൊണ്ട് തന്നെ മാസ്‌കുകളും കൈയ്യുറകളും ആണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധം. കൊവിഡ് വ്യാപനത്തിന്റെ കാലത്ത് മാസ്‌ക് നിര്‍ബന്ധമായതുകൊണ്ട് തന്നെ 2018 ലേതിന് സമാനമായ ഒരു നിപ വ്യാപനം കേരളത്തില്‍ ഉണ്ടായേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേരളത്തില്‍ 2018 ന് ശേഷം 2019 ലും നിപ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്ത് 23 കാരനായ വിദ്യാര്‍ത്ഥിയാണ് അന്ന് രോഗബാധിതനായത്. കൃത്യമായ മോണിറ്ററിങ്ങിലൂടേയും ചികിത്സയിലൂടേയും രോഗം പടരുന്നത് തടഞ്ഞുനിര്‍ത്താന്‍ അന്ന് കേരളത്തിന് സാധിച്ചിരുന്നു. രോഗബാധിതനായ വിദ്യാര്‍ത്ഥി ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.












Click it and Unblock the Notifications