ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാര്‍... ആ സര്‍ക്കാരിനെ താഴെയിറക്കിയത് ആര്
ലോകത്ത് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പലയിടത്തും പലകാലങ്ങളിലായി രൂപം കൊണ്ടിട്ടുണ്ട്. ചൈനയിലും സോവിയറ്റ് യൂണിയനിലും എല്ലാം ഇത് ചരിത്രത്തില്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ അതെല്ലാം വിപ്ലവനന്തരം രൂപം കൊണ്ട ഭരണകൂടങ്ങളായിരുന്നു. എന്നാല്‍ ലോകത്ത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തിലേതാണ്.
ഐക്യകേരളം രൂപം കൊണ്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ആ സര്‍ക്കാര്‍. എന്നാല്‍ ആ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിക്കെടുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു. എങ്ങനെ ആയിരുന്നു ആ സര്‍ക്കാര്‍, എന്തുകൊണ്ട് ആ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു?

ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പായിരുന്നു 1957 ലേത്. 1957 ഫെബ്രുവരി 28 നും മാര്‍ച്ച് 11 നും ഇടയില്‍ ആയിരുന്നു വോട്ടെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പില്‍ 124 സീറ്റുകളില്‍ ആയിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിച്ചത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സിപിഐ മത്സരിച്ചത് 101 സീറ്റുകളിലും. അന്ന് ശക്തമായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി 65 സീറ്റുകളിലും, ആര്‍എസ്പി 28 സീറ്റുകളിലും മത്സരിച്ചു. 126 സീറ്റുകളായിരുന്നു നിയമസഭയില്‍ ഉണ്ടായിരുന്നത്. 114 മണ്ഡലങ്ങളും. ഈ എണ്ണത്തിലെ വ്യത്യാസം കണ്ട് അമ്പരക്കേണ്ടതില്ല. 12 മണ്ഡലങ്ങളില്‍ ഇരട്ട നിയമസഭാംഗങ്ങള്‍ ഉണ്ടായിരുന്നു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നത് 1939 ല്‍ മാത്രമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആയിരുന്നു അതിന്റെ തലപ്പത്തും ഉണ്ടായിരുന്നത്. ഒരു സംസ്ഥാനത്തിന്റെ ഭരണം പിടിക്കുമാറ് വളര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഉള്ളതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരും തന്നെ കണക്കാക്കിയിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല, ലോകം തന്നെ അമ്പരന്നുപോയിരുന്നു. മത്സരിച്ച 101 സീറ്റില്‍ അറുപത് എണ്ണത്തിലും സിപിഐ വിജയിച്ചു. 124 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് വെറും 43 സീറ്റില്‍.

അങ്ങനെ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപം കൊണ്ടു. 11 മന്ത്രിമാര്‍ ആയിരുന്നു ആ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്.
1. ഇഎംഎസ് നമ്പൂതിരിപ്പാട്- മുഖ്യമന്ത്രി
2. സി അച്യുതമേനോന്- ധനമന്ത്രി
3. ടിവി തോമസ്- ഗതാഗതം, തൊഴില്‍
4. കെസി ജോര്‍ജ്ജ്- ഭക്ഷ്യ, വനം വകുപ്പുകള്‍
5. കെപി ഗോപാലന് - വ്യവസായം
6. ടിഎ മജീദ് - പൊതുമരാമത്ത്
7. പികെ ചാത്തന് - സ്വയം ഭരണം
8. ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം, സഹകരണം
9. കെആര്‍ ഗൗരിയമ്മ - റവന്യു, എക്സൈസ്
10. വിആര്‍ കൃഷ്ണയ്യര്‍ - നിയമം, വൈദ്യുതി
11. ഡോ എആര്‍ മേനോന് - ആരോഗ്യം.

ചരിത്രപരമായ തീരുമാനങ്ങള്‍ കൊണ്ടും നടപടികള്‍ കൊണ്ടും കൂടി ആ ആദ്യ മന്ത്രിസഭ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍, ചരിത്രപരമായ നടപടികള്‍ തന്നെ ആയിരുന്നു ആ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് വഴിവച്ചത് എന്നതും കേരള ചരിത്രത്തിലെ ഒരു കറുത്ത ഏട് തന്നെയാണ്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനൊപ്പം ജാതി, മത സംഘടനകള്‍ എല്ലാം ചേര്‍ന്ന് സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങുന്ന കാഴ്ചയായിരുന്നു അന്ന് കേരളം കണ്ടത്. 'സെല്‍ ഭരണം' എന്നൊരു ആക്ഷേപം കമ്യൂണിസ്റ്റ് പാര്ട്ടിയ്ക്കെതിരേയും ഉയര്‍ന്നിരുന്നു.

ഇഎംഎസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സര്‍ക്കാരില്‍ പലരും പഴയ കോണ്‍ഗ്രസ് നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും ആയിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ പരാജയപ്പെട്ട നയങ്ങള്‍ ആയിരിക്കും തങ്ങള്‍ നടപ്പിലാക്കുക എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഇഎംഎസ് പ്രഖ്യാപിച്ചത്. ആ നയങ്ങള്‍, ആധുനിക കേരളത്തിന്റെ അടിത്തറ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകവും ആയിരുന്നു.

കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം ആയിരുന്നു ആ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നടപടികളില്‍ ഒന്ന്. കൃഷിഭൂമിയില്‍ താമസിക്കുന്ന കര്‍ഷകനെ കുടിയൊഴിപ്പിക്കുന്നത് ഏത് കാരണവശാലം തടയുന്നതായിരുന്നു നിയമം. മന്ത്രിസഭ അധികാരത്തിലേറി ഒരാഴ്ചയ്ക്കുള്ളില്‍ ആയിരുന്നു നിയമം നടപ്പിലാക്കിയത്. ഇന്നത്തെ കേരളമല്ല, അന്നത്തേക്ക്. ഭൂപ്രഭുക്കന്മാരും ജന്മികളും സാധാരണക്കാരായ കര്‍ഷകരുടെ ഉടമകളായിരുന്ന കാലം. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും നല്കിയ ഈ നിയമം, അന്നത്തെ പ്രമാണിമാര്‍ക്ക് തീരെ ദഹിക്കുന്ന ഒന്നായിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സര്‍ക്കാരിനെതിരെ ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്‍ ആയിരുന്നു. കേരള വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ ബില്‍ എങ്കിലും അന്നത്തെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ഇതിനെതിരെ രംഗത്തെത്തി. അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നു ആ ബില്‍. സ്വകാര്യ വിദ്യാലയങ്ങള്‍ അധികവും മത, സാമുദായിക സംഘടനകളുടെ കീഴില്‍ ആയിരുന്നു. സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ ഒരു വികാരം രൂപീകരിക്കപ്പെടുന്നതില്‍ ഈ ബില്‍ നിര്‍ണായകമായി മാറുകയായിരുന്നു.

ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം ആയിരുന്നു. റവന്യു മന്ത്രിയായിരുന്ന കെആര്‍ ഗൗരി ആയിരുന്നു ഭൂരിപരിഷ്കരണ ബില്‍ അവതരിപ്പിച്ചത്. കൃഷി ഭൂമി കര്ഷകന് നല്‍കുന്നതും ഭൂ ഉടമസ്ഥതയ്ക്ക് പരിധി നിര്‍ണയിക്കുന്നതും അടക്കം ഏറെ വിപ്ലവാത്മകമായ കാര്യങ്ങളായിരുന്നു ആ ബില്ലില്‍ ഉണ്ടായിരുന്നത്. ജന്മി വ്യവസ്ഥയെ തന്നെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യവും ആ ബില്ലിന് ഉണ്ടായിരുന്നു. സമുദായ പ്രമാണിമാരേയും സമൂഹത്തിലെ ഉന്നതന്മാരേയും ഏറെ പ്രകോപിപ്പിച്ച ഒന്നായിരുന്നു ആ ബില്‍.

1958 ല്‍ ആണ് ഇഎംഎസ് സര്‍ക്കാരിന്റെ പുറത്താക്കലില്‍ കലാശിച്ച വിമോചന സമരത്തിന്റെ തുടക്കം. നേരത്തേ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ ബില്ലും, കുടിയൊഴിപ്പിക്കല്‍ ബില്ലും, ഭൂപരിഷ്കരണ ബില്ലും എല്ലാം ആയിരുന്നു ഇത്തരത്തില്‍ ഒരു വലിയ സമരത്തിന് വഴിവച്ചത്. അതിനൊപ്പം ഭക്ഷ്യകമ്മി നികത്താന്‍ വേണ്ടി ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതും വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. കത്തോലിക്കാ സഭയും മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള എന്‍എസ്എസും മുസ്ലീം ലീഗും എല്ലാം ഈ സമരത്തില്‍ ഒറ്റക്കെട്ടായി മാറി. കെഎസ് യുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഒരണ സമരവും ഇതില്‍ നിര്‍ണായകമായിരുന്നു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ, കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോതന സമരത്തിന് സഹായം ചെയ്തിരുന്നതായും പിന്നീട് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. കോണ്‍ഗ്രസിലെ ഇടത് ധാരയുടെ വക്താവായിരുന്നു നെഹ്റു. ഇന്ദിര ഗാന്ധി അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു. നെഹ്റുവിന്റെ വലംകൈ ആയിരുന്ന വികെ കൃഷ്ണമേനോന്റെ വിലയിരുത്തലുകളും ഇന്ദിര ഗാന്ധിയുടെ കടുംപിടിത്തവും ആയിരുന്നു കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് വഴിയൊരുക്കിയത് എന്നാണ് പറയപ്പെടുന്നത്. എന്തായാലും 1959 ജൂലായ് 31 ന് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം ആയിരുന്നു നടപടി. ക്രമസമാധാന നില തകര്‍ന്നതായി വിലയിരുത്തിക്കൊണ്ടായിരുന്നു അത്. വിമോചന സമരം തന്നെ ആയിരുന്നു അതിന് വഴിവച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications