കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ കാലവര്‍ഷമെത്തി. എട്ടു മാസത്തോളം നീണ്ട വേനലിനു ശേഷം കേരളത്തിന് കുളിരേകിക്കൊണ്ടാണ് ഇപ്രാവശ്യവും മണ്‍സൂണ്‍ ജൂണ്‍ ഒന്നിനു തന്നെ എത്തിയത്. കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും ലക്ഷദ്വീപിലും സാമാന്യം വ്യാപകമായിത്തന്നെ മഴ പെയ്തു.

25 വര്‍ഷത്തെ കണക്കുകളില്‍ 1980-നുശേഷം ജൂണ്‍ ഒന്നിനു തന്നെ കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നത് ഇതാദ്യമായാണ്. കേരളത്തില്‍ യഥാസമയം മണ്‍സൂണ്‍ ആരംഭിച്ചതോടെ കേരളത്തോടൊപ്പം തന്നെ വരള്‍ച്ചയുടെ പിടിയിലായ ദക്ഷിണ-ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതീക്ഷയുടെ നാമ്പുകള്‍ മുളച്ചിരിക്കുകയാണ്.

സാധാരണയായി മെയ് അവസാനവാരത്തിലോ ജൂണ്‍ ആദ്യവാരത്തിലോ ആണ് മണ്‍സൂണ്‍ കേരളത്തിലെത്തുന്നത്. 1918-ലും 1955-ലും മെയ് 11-നോടടുത്തും 1972-ല്‍ ജൂണ്‍ 18-നും മണ്‍സൂണ്‍ എത്തിയതൊഴിച്ചാല്‍ ഈ കാലഘട്ടത്തില്‍ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയ് 25-നായിരുന്നു കേരളത്തില്‍ കാലവര്‍ഷം എത്തിയത്.

കേരളത്തില്‍ 60 ശതമാനം മഴയും ലഭിക്കുന്ന ജൂണ്‍-സെപ്തംബര്‍ മാസത്തിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലഘട്ടത്തിലാണ്. ഈ സമയത്ത് ശരാശരി 213 സെ.മീ മഴയാണ് ലഭിക്കാറുള്ളത്. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (ഒക്ടോബര്‍-ഡിസംബര്‍) കാലഘട്ടത്തില്‍ 20 ശതമാനം വേനല്‍ മഴ (ജനുവരി-മെയ്) 10 ശതമാനവും ലഭിക്കുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം മണ്‍സൂണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടത്തെ കൃഷിയും വൈദ്യുതി ഉത്പാദനവും യഥാസമയം ലഭിക്കുന്ന കാലവര്‍ഷത്തെയാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഇടുക്കിയുള്‍പ്പെടെയുള്ള 11 ജലവൈദ്യുതപദ്ധതികളില്‍ നിന്നാണ് ലഭിക്കുന്നത്.

മണ്‍സൂണ്‍ വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ നേരിടാന്‍ റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും വൈദ്യുതി വകുപ്പും വേണ്ട മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്.

ഈ വര്‍ഷം കേരളത്തില്‍ ലഭിച്ച വേനല്‍ മഴ സാധാരണയിലും 39 ശതമാനം കുറവായിരുന്നു. മിക്കവാറും എല്ലാ വര്‍ഷങ്ങളിലും 38 സെ.മീ വേനല്‍ മഴ ലഭിക്കുമ്പോള്‍ ഈ വര്‍ഷം അത് 23 സെ.മീ മാത്രമായിരുന്നു. ഈ വര്‍ഷം പാലക്കാടാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38.6 ഡിഗ്രി സെല്‍ഷ്യസ്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ കര്‍ണാടകത്തിലും തെക്കന്‍ ആന്ധ്രപ്രദേശിലും കാലവര്‍ഷം എത്തുമെന്ന് കരുതുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളം, കര്‍ണാടകം, കൊങ്കണ്‍, ഗോവ, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പു നല്‍കി.

മെയ് 28-നു തന്നെ മണ്‍സൂണ്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമെത്തിയിരുന്നു. മെയ് 15-നും 25-നും ഇടയില്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലെത്തുന്ന മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X