മുരളി സോണിയക്ക് പരാതി നല്‍കിയതില്‍ തെറ്റില്ലെന്ന് കരുണാകരന്‍
കൊച്ചി: കെ.പി.സി.സിയിലേക്ക് കോണ്‍ഗ്രസ്ഹൈക്കമാന്റ്നടത്തിയ നാമനിര്‍ദേശങ്ങളെ കുറിച്ച് സോണിയാഗാന്ധിക്ക് കെ.മുരളീധരന്‍ എം.പി പരാതി നല്‍കിയതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.
ന്യായമായ കാര്യങ്ങളില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനുള്ള വികാരം പാര്‍ട്ടി പ്രസിഡന്റിനെ അറിയിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഹൈക്കമാന്റിന്റെ പ്രവര്‍ത്തനശൈലിയെ കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ടെന്നും അത് ഇപ്പോള്‍ പറയുന്നില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി. പനമ്പിള്ളി നഗറിലെ വീട്ടില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗസ്ത് ഒമ്പതിന് തൃശൂരില്‍ യുവജനസംഗമം നടക്കും. ക്വിറ്റ് ഇന്ത്യാ ദിനമാണ് ആഗസ്ത് ഒമ്പത്. ആ ദിവസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗമാണല്ലോ പരിപാടി സംഘടിപ്പിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ആര് എന്ന് പരിപാടി സംഘടിപ്പിച്ചാലും നല്ല കാര്യമാണെന്നും താനതില്‍ പങ്കെടുക്കുമെന്നും കരുണാകരന്‍ പറഞ്ഞു.
ആഗസ്ത് ഒമ്പതിലെ പരിപാടി മാറ്റിവെക്കാന്‍ എ.ഐ.സി.സി ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ക്വിറ്റ് ഇന്ത്യാ ദിനം ആഘോഷിക്കരുതെന്ന് ഏത് എ.ഐ.സി.സി പ്രസിഡന്റിനാണ് പറയാനാവുക.
ആഗസ്ത് ഒമ്പതിന്റെ പരിപാടി അറിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും പറയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ നിര്‍ഭാഗ്യകരമാണ്-യുവജനസംഗമത്തെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. വേണുഗോപാല്‍ പറഞ്ഞതിനോട് കരുണാകരന്‍ പ്രതികരിച്ചു.
ആഗസ്ത് ഒമ്പതിന് കെ.സി. വേണുഗോപാല്‍ പരിപാടി സംഘടിപ്പിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടിയായി ആരു സംഘടിപ്പിച്ചാലും പോകുമെന്ന് കരുണാകരന്‍ പറഞ്ഞു. ഇതിനു മുമ്പ് നെഹ്റു ജയന്തി ദിനത്തില്‍ റാലി സംഘടിപ്പിച്ചപ്പോഴും വിമര്‍ശകരുണ്ടായിരുന്നു. ഒടുവില്‍ അവര്‍ക്ക് തെറ്റ് മനസിലായി. ഇങ്ങനൊരു മഹാന്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് അവര്‍ക്കും സമ്മതിക്കേണ്ടിവന്നു.
കേരളത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് കരുതുന്നില്ല. പശ്ചിമബംഗാളല്ല കേരളം. ഇവിടെ കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ സി.പി.എമ്മും ബി.ജെ.പിയുമാണ്. ഇതില്‍ ബി.ജെ.പി ഒരു ശക്തിയേ അല്ല. സി.പി.എം ആണ് മുഖ്യശത്രു. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാകണമെന്നത് ബി.ജെ.പിയുടെ ആഗ്രഹം മാത്രമാണ്.
യു.ഡി.എഫ് ശക്തിയാര്‍ജിച്ചു വരികയാണെന്ന് കരുണാകരന്‍ പറഞ്ഞു. ആദ്യം കുറച്ചു പോരായ്മകളുണ്ടായിരുന്നു. പ്ലസ് ടു സമരം യു.ഡി.എഫ് ശക്തമായതിന് തെളിവാണ്.