കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാട്ടാഗുസ്തികളുടെ രോമാഞ്ചം ഇപ്പോള്‍ റെക്സികന്‍ കവറുകള്‍ക്കിടയില്‍..!!

  • By Staff
Google Oneindia Malayalam News

കൊച്ചി: ഫയല്‍വാന്‍ റഷീദ് ഇന്ന് ഗുസ്തി പിടിക്കുന്നത് തയ്യല്‍ യന്ത്രത്തോടാണ്. കൊച്ചിയില്‍ ഗാന്ധിനഗറിലെ സ്ഥലവാസികള്‍ക്കാകട്ടെ റഷീദ് ഫയല്‍വാനുമല്ല... മരച്ചുവട്ടിലിരുന്ന് റെക്സിന്‍ കവറുകള്‍ തയ്ക്കുന്ന കിളവന്‍ മാത്രം! ആരെങ്കിലും പഴയകാല ഗുസ്തി ചാമ്പ്യനായി തന്നെ തിരിച്ചറിയണമെന്ന് റഷീദിനുമില്ല നിര്‍ബന്ധം. ഗോദകളില്‍ നെഞ്ച് വിരിച്ചുനിന്നതിന്റെ സൂചന നല്‍കാന്‍ റഷീദിന്റെ ശരീരത്തില്‍ പേശികളുടെ മിനുപ്പ് പേരിനുപോലുമില്ല എന്നതുതന്നെ കാരണം.

അറുപതുകളില്‍ കേരളത്തിലെ ഗാട്ടാഗുസ്തികളുടെ രോമാഞ്ചമായിരുന്നു ഈ മനുഷ്യന്‍ - കൊല്ലം റഷീദെന്ന ഫയല്‍വാന്‍ റഷീദ്. ഏറെക്കാലത്തിനുശേഷം കഴിഞ്ഞ ഏപ്രിലില്‍ റഷീദ് വീണ്ടും വേദിയിലെത്തി.... പോരാട്ടത്തിനല്ല. പഴയകാല ഗുസ്തിവീരന്മാരെ ആദരിക്കാന്‍ കൊച്ചിന്‍ ഗ്രാപ്ലേഴ്സ് രാജേന്ദ്രമൈതാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍. അതിനുശേഷം ചിലരെങ്കിലും ഈ മെലിഞ്ഞുണങ്ങിയ രൂപത്തെ അത്ഭുതത്തോടെ തിരിച്ചറിയുന്നുണ്ട്!

ഗുസ്തിക്കായി പതിമ്മൂന്നാം വയസ്സിലാണ് റഷീദ് കച്ചകെട്ടിയത്. കൊല്ലം വലിയ കട പൊന്നാച്ചേരി പുരയിടത്തില്‍ മുഹമ്മദ് റഷീദിന് ഗുസ്തിയുടെ ബാലപാഠങ്ങളോതിക്കൊടുത്ത് കൊല്ലം റഷീദാക്കി മാറ്റിയത് അമ്മാവനാണ്. കൊല്ലത്തെ ഫയല്‍വാന്‍ ഹോട്ടലുടമയായ മുഹമ്മദ് കുഞ്ഞ് ഫയല്‍വാനാണ് അമ്മാവന്‍.

കൊല്ലത്തെ പി.എസ്.എം ജിംഖാനയില്‍ കോഴിക്കോട് ശങ്കര്‍സിംഗ് ഫയല്‍വാനില്‍ നിന്നും ശാസ്ത്രീയ ശിക്ഷണം നേടി. പ്രശസ്തരായ ഇലക്ട്രിക്ക് മൈതീന്‍, വെളുത്തകുഞ്ഞ് എന്നിവരും ജിംഖാനയില്‍ റഷീദിന്റെ സഹപാഠികളായിരുന്നു. തിരുമല ഗോപാലനായിരുന്നു ആദ്യത്തെ എതിരാളി. തിരുവനന്തപുരത്തെ പട്ടാളം മൈതാനത്തുവെച്ചായിരുന്നു ഗോപാലനുമായുള്ള പോരാട്ടം.

ആദ്യപോരാട്ടത്തില്‍ ഗോപാലന്‍ റഷീദിനെ മലര്‍ത്തി. ഒരു മാസത്തിനുശേഷം അതേ മൈതാനത്തുതന്നെ നടന്ന ഗുസ്തിയില്‍ ഗോപാലനെ മൂന്നു മിനിറ്റ് കൊണ്ട് മലര്‍ത്തിയടിച്ച് റഷീദ് പകരം വീട്ടി. ആ വിജയത്തിനുശേഷം റഷീദിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 39-ാം വയസ്സില്‍ വേദി വിടുമ്പോള്‍ 843 പേരുമായി റഷീദ് ഏറ്റുമുട്ടിക്കഴിഞ്ഞിരുന്നു. ഇതില്‍ നാലെണ്ണത്തില്‍ മാത്രമാണ് പരാജയമറിഞ്ഞത്.

കാലപ്രവാഹത്തില്‍ ഗുസ്തിയുടെ നല്ലകാലം തീര്‍ന്നു. ദാരിദ്യ്രം കൊടികുത്തി വാണപ്പോള്‍ നിറംമങ്ങിയ ട്രോഫികള്‍ മാത്രമായിരുന്നു സമ്പാദ്യം. കൊല്ലത്ത് തുടരാന്‍ അഭിമാനം അനുവദിച്ചില്ല. അരവയര്‍ നിറക്കാനായി തയ്യല്‍യന്ത്രവുമായി റഷീദ് 16 വര്‍ഷം മുമ്പ് കൊച്ചിയിലെത്തി. ഇന്ന് ഗാന്ധിനഗറിലെ വഴിയോരത്ത് വളച്ചുകുത്തിയ ചെറുകൂടാരത്തില്‍ കീറിയ റെക്സിന്‍ കവറുകളുടെ കൂനകള്‍ക്കിടയിലിരുന്ന ദിവസങ്ങള്‍ തള്ളിനീക്കുകയാണ് റഷീദ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X