സിംഗപ്പൂര്‍ കപ്പ്: ദക്ഷിണാഫ്രിക്ക-പാകിസ്ഥാന്‍ ഫൈനല്‍
സിംഗപ്പൂര്‍: മികച്ച ഓള്‍ റൗണ്ട് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക സിംഗപ്പൂര്‍ ചാലഞ്ച് ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ന്യൂസിലാണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് അവര്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് വാങ്ങിയത്.
സ്കോര്‍: ന്യൂസിലാണ്ട് 158-ന് എല്ലാവരും പുറത്ത്. ദക്ഷിണഫ്രിക്ക രണ്ടിന് 159.
ആദ്യം നടന്ന രണ്ടു മത്സരങ്ങളും വിജയിച്ച പാകിസ്ഥാന്‍ നേരത്തെത്തന്നെ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കിയിരുന്നു.
ആദ്യമത്സരങ്ങള്‍ തോറ്റ ന്യൂസിലാണ്ടിനും ദക്ഷിണാഫ്രിക്കക്കും ഈ മത്സരം നിര്‍ണായകമായിരുന്നു. ടോസ് നേടി ബാറ്റിംഗാരംഭിച്ച ന്യൂസിലാണ്ടിന് പക്ഷെ തുടക്കത്തില്‍ത്തന്നെ അടിതെറ്റി. ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിര ന്യൂസിലാണ്ട് മുന്‍നിരയെ തകര്‍ത്തു.
അഞ്ചു വിക്കറ്റിന് 55 റണ്‍ എന്ന നിലയിലേക്ക് മൂക്കുകുത്തി വീണ ന്യൂസിലാണ്ടിനെ മധ്യനിരയില്‍ ബാറ്റ് ചെയ്ത ഓള്‍ റൗണ്ടര്‍ ക്രിസ് ഹാരിസും (42), പിന്‍നിര ബാറ്റ്സ്മാന്മാരായ സ്റൈറിസും (23) വൈസ്മാനും (12) ചേര്‍ന്ന് 158-ല്‍ എത്തിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി പൊള്ളോക്ക് മൂന്നും ജാക്വിസ് കാലിസ്, ആന്‍ഡ്രൂ ഹാള്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കം മുതലേ ആക്രമിച്ചു കളിച്ചു. ഓപ്പണര്‍മാരായ ഗാരി കേഴ്സ്റ്റണും ആന്‍ഡ്രൂ ഹാളും ചേര്‍ന്ന് 94 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഹാള്‍ ഔട്ടായതിനുശേഷമെത്തിയ കാലിസ് 22 റണ്‍സെടുത്ത് പുറത്തായെങ്കിലും കേഴ്സ്റണും (75) ഡാരില്‍ കള്ളിനനും (8) ചേര്‍ന്ന് 34 ഓവറില്‍ ദൗത്യം പൂര്‍ത്തിയാക്കി.
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കാണ് മാന്‍ ഓഫ് ദി മാച്ച്.












Click it and Unblock the Notifications