ഐ.ടി രംഗത്ത് ടാറ്റാ-ഐ.ബി.എം ധാരണ
ബാംഗ്ലൂര്‍: വിവരസാങ്കേതികവിദ്യാരംഗത്ത് ടാറ്റാ സ്റ്റീല്‍ കമ്പനിയും ലോക കംപ്യൂട്ടര്‍ ഭീമന്‍ ഐ.ബി.എമ്മുമായി ധാരണ. ഇതനുസരിച്ച് ടാറ്റയുടെ വിവരസാങ്കേതിക സംവിധാനങ്ങള്‍ ഇനിമേല്‍ ഐ.ബി.എം ഇന്ത്യയ്ക്ക് തുറന്നു കൊടുക്കും. പകരം ടാറ്റയുടെ ഡാറ്റാ കേന്ദ്രത്തിന്‍െറയും ലോക്കല്‍ ഏരിയാ നെറ്റ് വര്‍ക്ക് സംവിധാനത്തിന്‍െറയും സാങ്കേതികസഹായ സംവിധാനത്തിന്‍െറയും മേല്‍നോട്ടം ഐ.ബി.എം ഏറ്റെടുക്കും. ഐ.ബി.എം പത്രക്കുറിപ്പില്‍ അറിയിച്ചതാണിത്.
ഐ.ടി രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ കരാറാണിത്.വിവരസാങ്കേതിക രംഗത്ത് അവരുടെ സേവനനിലവാരം ഉയര്‍ത്തുന്നതിനെപ്പറ്റി ആലോചിച്ചുവരികയായിരുന്നു ടാറ്റ.വിവരസാങ്കേതിക രംഗത്ത് ആഗോളനിലവാരം പുലര്‍ത്തുന്ന ഐബിഎമ്മുമായുള്ള കരാര്‍ പ്രത്യേകം പ്രയോജനപ്രദമായിരിക്കുമെന്ന് ടാറ്റാ സ്റ്റീല്‍സ് മാനേജിംഗ് ഡയറകടര്‍ ജെ.ജെ. ഇറാനി പറഞ്ഞു. തങ്ങളുടെ വ്യാപാര താത്പര്യങ്ങള്‍ക്ക് യോജിച്ച രീതിയില്‍ ഐ.ടി മേഖല ഉപയോഗപ്പെടുത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഐ. ബി. എം കരാറെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു വരുന്ന ഐ.ടി രംഗത്ത് ചുവടുറപ്പിക്കുകയെന്ന ലക്ഷ്യത്തിലേയ്ക്ക് ഒരു പടി കൂടെ അടുക്കുകയാണ് ഐ.ബി.എം ഈ കരാറിലൂടെ.