പരിക്കേറ്റ കുട്ടിയാന ഗണേശന്‍ ചരിഞ്ഞു
കൊച്ചി: ആലുവ പറവൂര്‍ കവലയില്‍ മിനിലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാന ഗണേശന്‍ ചരിഞ്ഞു. സപ്തംബര്‍ 20 ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഉളിയന്നൂര്‍ പുന്നയ്ക്കാട്ട് വീട്ടില്‍ ശേഖരമാരാരാണ് 16 വയസുള്ള ഗണേശന്റെ ഉടമ.
ആഗസ്ത് 30ന് ആലുവയ്ക്ക് സമീപം പറവൂര്‍ കവലയില്‍ വെച്ചാണ് അപകടമുണ്ടായത്. പറവൂര്‍ കവല വഴി ചെങ്ങമനാട്ടേയ്ക്ക് പോകുകയായിരുന്ന ആനയുടെ ദേഹത്ത് ആലുവയില്‍ നിന്നും അങ്കമാലിയിലേക്ക് പോകുകയായിരുന്ന എ.ആര്‍.സി പാര്‍സല്‍ സര്‍വീസിന്റെ മിനിലോറിയാണ് ഇടിച്ചത്. വലതുവശത്തേറ്റ ഇടിയുടെ ആഘാതത്തില്‍ ആന മസ്തകം കുത്തിവീണു. മസ്തകത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. കാലിനും ഒടിവു പറ്റി.
മൃഗഡോക്ടര്‍മാരെത്തി ചികിത്സ നല്‍കിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പിന്നീട് എസ്കവേറ്റര്‍ ഉപയോഗിച്ച് ആനയെ ഉയര്‍ത്തി ആലുവ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ ഇളകിയിരുന്ന കൊമ്പും ഇതിനിടയില്‍ ഊരിപ്പോയി. ദേഹമാകെ വ്രണങ്ങളുമായി എല്ലുകള്‍ പോലും തെളിഞ്ഞ് പരിതാപകരമായ അവസ്ഥയിലായിരുന്നു ഗണേശന്‍. ഗണേശന്റെ ചികിത്സയ്ക്കായി സ്റാലിയന്‍സ് ഇന്റര്‍നാഷണല്‍ ആലുവ ചാപ്റ്റര്‍ സഹായനിധി രൂപീകരിച്ചിരുന്നു.
