കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിയ കപ്പലില്‍ നിന്ന് നിധി ശേഖരിക്കാന്‍.......

  • By Staff
Google Oneindia Malayalam News

canadianകൊച്ചി: അറബിക്കടലില്‍ നൂറാണ്ടുകള്‍ മുമ്പ് മുങ്ങിയ കപ്പലില്‍ നിന്ന് നിധി ശേഖരിക്കാന്‍ കനേഡിയന്‍ കമ്പനി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുന്നു. കൊച്ചി തീരത്താണ് നിധി വേട്ട നടത്താന്‍ കനേഡിയന്‍ കമ്പനിയായ കരാക്ക് ഹോള്‍ഡിംഗ്സ് അനുമതി തേടുന്നത്. അഞ്ഞൂറ് വര്‍ഷം മുമ്പ് മുങ്ങിയ പോര്‍ച്ചുഗീസ് കപ്പലില്‍ നിന്നും സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെയുളള വില പിടിച്ച വസ്തുക്കള്‍ വീണ്ടെടുക്കാനാണ് കമ്പനിയുടെ ശ്രമം.

വാസ്കോഡഗാമ ഇന്ത്യയിലേയ്ക്കുളള സമുദ്രപാത കണ്ടെത്തിയതിനു ശേഷം 1587 ല്‍ ഇവിടേയ്ക്കു വന്ന പോര്‍ച്ചുഗീസ് കപ്പല്‍വ്യൂഹത്തില്‍ പെട്ട കപ്പലുകളിലൊന്ന് കൊച്ചിക്കടുത്ത് കടലില്‍ മുങ്ങിയെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ഇതിന് ആധാരമായി ചരിത്ര രേഖകളുണ്ടെന്ന് കനേഡിയന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോനാഥന്‍ ഷ്റോഡര്‍ പറയുന്നു. 1587 ലെ പുതുവത്സര ദിനത്തിലായായിരുന്നു അപകടം.

ആസ്റെലിക്കസ് എന്ന കപ്പലാണ് കൊച്ചിക്കടുത്തെവിടെയോ മുങ്ങിയതായി ചരിത്രം പറയുന്നത്. ആയിരത്തോളം നാവികരുമായാണ് കപ്പല്‍ ഇന്ത്യയിലേയ്ക്കു പുറപ്പെട്ടതെന്ന് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്തെ രേഖകള്‍ വ്യക്തമാക്കുന്നു. മലബാര്‍ തീരത്തടുത്ത ശേഷമാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. അവിടെ നിന്നും പുറപ്പെട്ട് ആഫ്രിക്കന്‍ തീരത്തടുത്ത ശേഷം തിരികെ പോര്‍ച്ചുഗലിലെത്താനായിരുന്നത്രെ പദ്ധതി. അതിനു മുമ്പ് അപകടം നടന്നു . അമിതഭാരം മൂലമാകാം അപകടം നടന്നതെന്ന് ഇത് സംബന്ധിച്ചു പഠനം നടത്തിയ ഷ്റോഡര്‍ പറയുന്നു.

പോര്‍ച്ചുഗലും ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിയാര്‍ജ്ജിച്ചു വരുന്ന കാലഘട്ടത്തിലാണ് ആസ്റെലിക്കസ് മുങ്ങിയത്. മലബാര്‍തീരത്തു നിന്നും കയറ്റിയ ടണ്‍കണക്കിന് സുഗന്ധവ്യഞ്ജനങ്ങള്‍ കപ്പലിലുണ്ടായിരുന്നുവത്രെ. ഇനി അവയൊന്നും വീണ്ടെടുക്കാനാവില്ലെന്നും കപ്പലില്‍ വന്‍തോതിലുണ്ടായിരുന്ന സ്വര്‍ണ്ണവും വെള്ളിയും മറ്റു വിലപിടിച്ച വസ്തുക്കളും കണ്ടെടുക്കാനാവുമെന്നുമാണ് കനേഡിയന്‍ കമ്പനിയുടെ പ്രതീക്ഷ.

കടലില്‍ പര്യവേക്ഷണം നടത്തുന്നതു സംബന്ധിച്ച് കരാക്ക് ഹോള്‍ഡിംഗ്സ് തുറമുഖ ട്രസ്റ്റ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തുറമുഖ ട്രസ്റ്റിന്റെ അധികാരപരിധിക്കു പുറത്തു വരുന്ന സമുദ്രമേഖലയില്‍ പര്യവേക്ഷണം നടത്തേണ്ടെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനായിരുന്നു ഷ്റോഡര്‍ക്കു ലഭിച്ച നിര്‍ദ്ദേശം. ഇതനുസരിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഷ്റോഡര്‍ സപ്തംബര്‍ 25 തിങ്കളാഴ്ച ദില്ലിയിലേയ്ക്കു തിരിക്കും.

കേന്ദ്രസര്‍ക്കാര്‍ കൊച്ചി കടലില്‍ പര്യവേക്ഷണം നടത്താന്‍ അനുമതി നല്‍കുമോ എന്നു വ്യക്തമായിട്ടില്ല. പ്രതിരോധപരമായി തന്ത്രപ്രധാനമായ കൊച്ചി തീരത്ത് പര്യവേക്ഷണത്തിന് അനുമതി നല്‍കുന്നതില്‍ നാവികസേനയുടെ നിലപാടും നിര്‍ണായകമാകും.

മുമ്പ് ഒരു ഫ്രഞ്ച് കമ്പനിക്ക് പര്യവേക്ഷണാനുമതി നല്‍കിയതിനെത്തുടര്‍ന്നുണ്ടായ ചാരക്കേസ് മൂലം തുറമുഖട്രസ്റ്റ് വളരെ സൂക്ഷ്മതയോടെയാണ് കരാക്ക് ഹോള്‍ഡിംഗ്സിന്റെ അപേക്ഷ കൈകാര്യം ചെയ്തത്. പര്യവേക്ഷണം നടത്തേണ്ട മേഖല തങ്ങളുടെ അധികാര പരിധിക്കു പുറത്താണെന്നു കണ്ടതോടെ ബാക്കി കാര്യങ്ങള്‍ കേന്ദ്രം തീരുമാനിക്കട്ടെയെന്നാണ് തുറമുഖ ട്രസ്റ്റ് അധികൃതരുടെ നിലപാട്.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനകം പര്യവേക്ഷണം തുടങ്ങാനാകുമെന്ന് ജോനാഥന്‍ ഷ്റോഡര്‍ പറഞ്ഞു. അനുമതി ലഭിച്ചാലുടന്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. കൊച്ചിയിലെ തീരക്കടലില്‍ ഒന്നിലധികം കപ്പലുകള്‍ തകര്‍ന്നിട്ടുണ്ടാകാമെന്നും കമ്പനി ഊഹിക്കുന്നു.

കടലില്‍ നിന്നു കണ്ടെത്തുന്ന ശേഖരങ്ങള്‍ തുറമുഖട്രസ്റ്റുമായി പങ്കുവയ്ക്കാന്‍ ഒരുക്കമാണെന്ന് ജോനാഥന്‍ ഷ്റോഡര്‍ പറഞ്ഞു. കപ്പലിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കൊച്ചിയില്‍ മ്യൂസിയം ഒരുക്കാമെന്നും കമ്പനി പറയുന്നു.

കൊച്ചിയിലെ ആധുനിക തുറമുഖത്തിന്റെ ശില്‍പി എന്നറിയപ്പെടുന്ന സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ കൊച്ചിന്‍ സാഗ എന്ന പുസ്തകമാണ് കനേഡിയന്‍ കമ്പനിയെ കൊച്ചിയിലേയ്ക്കാകര്‍ഷിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X