കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി പി എം സമ്മേളനം നിര്‍ണ്ണായകം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്തു നടക്കുന്ന പ്രത്യേക ദേശീയ സമ്മേളനം സി പി എമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാകുന്നു. 34 വര്‍ഷത്തിനു ശേഷം പാര്‍ട്ടി പരിപാടികളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ചാണ് സമ്മേളനം മുഖ്യമായും വിളിച്ചു ചേര്‍ക്കുന്നതെങ്കിലും അടുത്ത കാലത്ത് പാര്‍ട്ടിക്ക് ദേശീയകക്ഷി എന്ന സ്ഥാനം നഷ്ടമായത് സംബന്ധിച്ച് സമ്മേളനത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമെന്നറിയുന്നു.

രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്രഭരണ പങ്കാളിത്തം സംബന്ധിച്ച്്് പാര്‍ട്ടിയുടെ നിലപാട് ഈ സമ്മേളനത്തില്‍ തീരുമാനിക്കപ്പെടും. ഏകദേശം 7000 ല്‍ അധികം ഭേദഗതികളാണ് പാര്‍ട്ടിഭരണഘടനയുടെ കരടിന്മേല്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ 120 എണ്ണം സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും.

കേന്ദ്രത്തില്‍ അധികാരം പങ്കു വയ്ക്കുന്നത് സംബന്ധിച്ച ഭേദഗതി പാര്‍ട്ടി പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചു കഴിഞ്ഞു. രാജ്യത്ത് സി പി എം നേതൃത്വം നല്‍കുന്ന ഒരു കോണ്‍ഗ്രസിതര -മതേതര മൂന്നാം മുന്നണി എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

പാര്‍ട്ടിയുടെ ദേശീയാംഗീകാരം നഷ്ടപ്പെട്ടത് സംബന്ധിച്ച ചര്‍ച്ച ഔദ്യോഗിക അജണ്ടയില്‍ ഇല്ല. എന്നാല്‍ സമ്മേളനത്തിനിടയില്‍ ആരെങ്കിലും ഈ പ്രശ്നം ഉന്നയിച്ചാല്‍ ചര്‍ച്ച ഉണ്ടാകുമെന്ന് പ്രത്യേക സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഒക്ടോബര്‍ 14 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ട്ടിഅംഗീകാരം നഷ്ടപ്പെട്ടത് പ്രത്യേക സമ്മേളനത്തില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുമെന്നും ഇത് പാര്‍ട്ടി പരിപാടികള്‍ക്ക് അവസാനരൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞു.

കേരളത്തില്‍ അടുത്തയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി പി എം പുതിയസഖ്യകക്ഷികളെ കണ്ടെത്താന്‍ ശ്രമിച്ചതു പോലുള്ള വിഷയങ്ങളും ഇതേത്തുടര്‍ന്ന് ചര്‍ച്ചയ്ക്കെത്താന്‍ സാധ്യതയുണ്ട് . ഇത്തരം വിഷയങ്ങളൊന്നും ഇപ്പോള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പാര്‍ട്ടിയുടെ സാമ്പത്തിക, രാഷ്ട്രീയ, ആശയപരമായ നിലപാടുകള്‍ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ അറിയിച്ചു ഉദാരവത്കരണത്തിനു ശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തികനയങ്ങളെപ്പറ്റിയും പ്രധാനമന്ത്രി വാജ്പേയിയുടെ അടുത്തകാലത്തെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പു വച്ച കരാറുകളെപ്പറ്റിയും ചര്‍ച്ച നടക്കും.

കേരള ഹൈക്കോടതി ബന്ദുകളും ഹര്‍ത്താലുകളും നിരോധിച്ചത്, കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍, ആഗോളവത്കരണത്തിന്റെ അനന്തഫലങ്ങള്‍, വിവരസാങ്കേതികവിദ്യാവിപ്ലവം, ഫാസിസത്തിന്റെ വെല്ലുവിളികള്‍ , വര്‍ഗീയതയും മതനിരപേക്ഷതയും , സാമൂഹ്യനീതി, ഭരണനിര്‍വഹണരംഗത്തെ പരിഷ്കരണങ്ങള്‍ തുടങ്ങിയവയാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്ന മറ്റ് പ്രധാന വിഷയങ്ങള്‍.

പാര്‍ട്ടിയുടെ സാമ്പത്തികനയത്തില്‍ കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് 1991 മുതലുള്ള സിപി എമ്മിന്റെ സാമ്പത്തിക നയത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടില്ലെന്ന് നായനാര്‍ പറഞ്ഞു. വിദേശമൂലധനത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നുണ്ട്. ഇത് രാജ്യത്തിന്റെ വികസനത്തിനും സാങ്കേതിക വളര്‍ച്ചക്കുംസഹായകമാകണം. എന്നാല്‍ ഇന്ത്യയുടെ വ്യവസായ മേഖലയെ വിദേശഓഹരികള്‍ തകര്‍ക്കുന്നത് പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു.

പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ലെന്ന് നായനാര്‍ പറഞ്ഞു. ലോകത്തെ മാറിയ രാഷ്ട്രീയ, സാമൂഹിക സാഹര്യങ്ങളില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ജനകീയ വിപ്ലവ പാര്‍ട്ടിയെ ശക്തമാക്കുകയാണ് പ്രത്യേക സമ്മേളനത്തിന്റെ ലക്ഷ്യം- അദ്ദേഹം ചൂണ്ടിക്കാട്ടി.

നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ 400 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. സിപി എം ദേശീയസെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബാസു, പോളിറ്റ് ബ്യൂറോ അംഗങ്ങള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 23 ന് വന്‍ റാലിയോടെ സമ്മേളനം സമാപിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X