ജഡേജക്കെതിരേ തെളിവുണ്ടെന്ന് സി ബിഐ
ദില്ലി: അജയ്ജഡേജ കോഴക്കളികള്‍ നടത്തിയതിനു തെളിവുണ്ടെന്ന് സിബിഐ. ജഡേജക്കെതിരേ രേഖാമൂലം തെളിവുകള്‍ കിട്ടിയതിനാലാണ് അയാളുടെ പേര് കോഴവിവാദത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
താന്‍ കോഴയിടപാടുകളില്‍ ഉള്‍പ്പെട്ടതായുള്ള സി ബി ഐ കണ്ടെത്തലുകള്‍ ജഡേജ നിഷേധിച്ചിരുന്നു. എന്നാല്‍ ജഡേജയുടെ നിലപാടുകളെ സിബിഐ വൃത്തങ്ങള്‍ പുച്ഛിച്ചു തള്ളുകയാണ്. കോഴയിടപാടുകാരും ക്രിക്കറ്റ് പന്തയക്കാരുമായി ഏറ്റവുമധികം അടുപ്പമുള്ള കളിക്കാരാണ് ജഡേജയെന്ന് സി ബി ഐ ചൂണ്ടിക്കാട്ടുന്നു.
ജഡേജയുടെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ടോപി അഥവാ രാജേഷ് ഗുപ്ത എന്നറിയപ്പെടുന്ന ഉത്തംചന്ദ് എന്ന പന്തയക്കാരനുമായി ജഡേജ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും സി ബി ഐ അറിയിച്ചു. രാത്രി വൈകിയും ജഡേജ ഉത്തംചന്ദിനെ ഫോണ്‍ ചെയ്തതിനു തെളിവുകളുണ്ട്. ജഡേജയും ഉത്തം ചന്ദുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ പ്രിന്റുകള്‍ സിബി ഐ യുടെ പക്കലുണ്ട്.
രത്തന്‍ മേത്ത, ഉത്തം ചന്ദ് എന്നീ പന്തയക്കാര്‍ക്ക് ജഡേജ കളിയെക്കുറിച്ചുള്ള വിവരങ്ങളും തീര്‍പ്പുകളും കൈമാറിയിട്ടുണ്ട്. 1996 ല്‍ മുകേഷ് ഗുപ്തയ്ക്കു വേണ്ടി കളിക്കാന്‍ ജഡേജ വാഗ്ദാനം ചെയ്തതായി അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ നയന്‍ മോംഗിയ ഒഴികെയുള്ള കളിക്കാരെ ഈ ഇടപാടില്‍ ജഡേജയ്ക്ക് പങ്കാളികളായി കിട്ടാഞ്ഞതിനാല്‍ ഈ പദ്ധതി പാളുകയായിരുന്നു.
ഉത്തം ചന്ദിന് കളിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുകയോ പന്തയക്കാരെ സഹായിക്കത്തക്ക രീതിയില്‍ കളിക്കുകയോ ചെയ്തിട്ടില്ലെന്ന് ജഡേജ നവംബര്‍ നാലാം തീയതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഈ വാദത്തെയാകെ തള്ളിക്കളഞ്ഞിരിക്കുകയാണ് സി ബി ഐ. പന്തയക്കാരായ എം.കെ എന്ന മുകേഷ് ഗുപ്തയും ഉത്തംചന്ദും തങ്ങള്‍ ജഡേജയ്ക്ക് പണം കൈമാറിയെന്ന് സ ിബി ഐ ക്ക് മൊഴി നല്‍കിയിരുന്നു