പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു
തിരുവനന്തപുരം: കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവിനെക്കുറിച്ചുള്ള അടിയന്തിരപ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചു.
കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ 11 പ്രതിപക്ഷ എംഎല്‍എമാര്‍ ഡിസംബര്‍ 19 ചൊവാഴ്ചസഭാകവാടത്തിന് മുന്നില്‍ നിരാഹാരം തുടങ്ങിയിട്ടുണ്ട്.
ശൂന്യവേളയില്‍ കോണ്‍ഗ്രസ് ഐയിലെ പി.പി.തങ്കച്ചനാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. വിലത്തകര്‍ച്ച മൂലം കര്‍ഷരുടെ നട്ടെല്ലൊടിഞ്ഞിരിക്കുകയാണെന്നും നികുതി ഏകീകരണത്തിന്റെ പേര് പറഞ്ഞ് കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും തങ്കച്ചന്‍ ആരോപിച്ചു.
ആരോപണങ്ങള്‍ കൃഷിമന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ നിഷേധിച്ചു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതെ അടിയന്ത്രിര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
വീണ്ടും ഉച്ചയ്ക്ക് 12.28ന് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് എംഎല്‍എമാര്‍ നിരാഹാരം തുടങ്ങിയത്.
വിലയിടിവ് കണക്കിലെടുത്ത് കര്‍ഷകര്‍ തിരിച്ചടയ്ക്കാനുള്ള വായ്പയ്ക്ക് മേല്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഇറങ്ങിപ്പോക്കിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ പ്രതിപക്ഷനേതാവ് എ.കെ. ആന്റണി ആവശ്യപ്പെട്ടു. മദ്യരാജാക്കന്മാര്‍ക്ക് നല്‍കിയ ആനുകൂല്യം പോലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ലെന്നും ആന്റണി ആരോപിച്ചു.












Click it and Unblock the Notifications