മയക്കുമരുന്ന്: ഇന്ത്യയും സൗദിയും കരാറിലേര്‍പ്പെടും
തിരുവനന്തപുരം: മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെടുമെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മിസ് അഹമ്മദ് അറിയിച്ചു.
2001 ജനവരിയില്‍ കേന്ദ്രവിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ് സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വേളയിലാണ് കരാര്‍ ഒപ്പിടുകയെന്ന് അഹമ്മദ് പറഞ്ഞു. ഡിസംബര്‍ 23 ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കേസില്‍ പ്രതികളായ 22 ഇന്ത്യക്കാരെ സൗദിയില്‍ കഴിഞ്ഞ വര്‍ഷം വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് കരാറൊപ്പിടുന്നതിനെ കുറിച്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന കേന്ദ്രമായി പ്രവര്‍ത്തിച്ചത് നേരത്തെ കറാച്ചിയായിരുന്നെങ്കില്‍ ഇന്നത് മുംബൈയാണ്. പലപ്പോഴും നിരപരാധികളാണ് മയക്കുമരുന്ന് കടത്താനായി നിയോഗിക്കപ്പെടുന്നത്. പിടിക്കപ്പെട്ടാല്‍ ഇവര്‍ കടുത്ത ശിക്ഷക്ക് വിധേയമാവുകയും ചെയ്യുന്നു.
റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ പലപ്പോഴും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദിയില്‍ ഒരു പ്രത്യേക മതക്കാര്‍ക്ക് മാത്രമായി തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന ആരോപണം ശരിയല്ല. മൂന്നു വര്‍ഷം മുമ്പ് വരെ ഇത്തരമൊരു പ്രവണതയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത്തരമൊരു വിവേചനം നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications