രഹസ്യയോഗം ചേര്‍ന്നിട്ടില്ല: പിണറായി
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ജയസാധ്യതയെ കുറിച്ച് വിലയിരുത്താന്‍ രഹസ്യയോഗം ചേര്‍ന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
രഹസ്യയോഗം ചേര്‍ന്നെന്നും വിലയിരുത്തലില്‍ യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ ഉറച്ച സീറ്റുകളുണ്ടെന്ന് കണ്ടെത്തിയെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തികച്ചും ഭാവനാപൂര്‍ണ്ണവുമാണെന്ന് ഫിബ്രവരി മൂന്ന് ശനിയാഴ്ച പിണറായി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കുറി എല്‍ഡിഎഫ് 88 നിയമസഭാ സീറ്റുകളില്‍ വിജയിക്കുമെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫ് ഇക്കുറി വളരെ മുന്നിലാണെന്ന കാര്യം കരുണാകരന്‍ കൂടി തുറന്നു സമ്മതിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പക്ഷപാതപരമായി പെരുമാറുന്ന മാധ്യമങ്ങള്‍ അതിര് ലംഘിക്കുന്നത് സാധാരണമാണ്. ഇത്തവണ അത് നേരത്തെയായി എന്ന വ്യത്യാസം മാത്രമേയുള്ളുവെന്നും പിണറായി പറഞ്ഞു. യുഡിഎഫിനെ സഹായിക്കാനുള്ള ബോധപൂര്‍വമായ ഒരു തന്ത്രത്തിന്റെ ഭാഗമായാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് പിണറായി ആരോപിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനുമുള്ള വിജയസാധ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും രഹസ്യയോഗം തിരുവനന്തപുരത്ത് ചേര്‍ന്നുവെന്നും അതില്‍ യുഡിഎഫിന് മുന്‍ തൂക്കമുള്ളതായി കണ്ടെത്തിയെന്നുമുള്ള ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു.