കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് കേസുകള്‍ തലവേദനയാകും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിലെ നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുന്ന അഴിമതിക്കേസുകള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് തലവേദനയാകും.

മുന്നണിയിലെ പല പ്രമുഖ നേതാക്കള്‍ക്കെതിരെയും പല തരത്തിലുള്ള കേസുകള്‍ നിലവിലുണ്ട്. കേസുകളില്‍ കുടുങ്ങിയിരിക്കുന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കുന്ന കാര്യത്തില്‍ അഴിമതിക്കെതിരെ നിലകൊള്ളുന്നുവെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന എ.കെ.ആന്റണിക്ക് പോലും ഒന്നു ചെയ്യാനാവില്ലെന്നതാണ് സത്യം.

ഫിബ്രവരി 26ന് സീറ്റ് നിര്‍ണയ ചര്‍ച്ചയാരംഭിക്കുമ്പോള്‍ ഇതൊരു കീറാമുട്ടിയാകുമെന്ന് യുഡിഎഫ് നേതാക്കള്‍ക്കറിയാം. മത്സരിച്ച് ജയിക്കുകയാണെങ്കില്‍ തന്നെയും കേസുകളില്‍ കുടുങ്ങിയട്ടുള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യവും ആന്റണിക്ക് ബുദ്ധിമുട്ടുണ്ടാക്കും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരുണാകരനെതിരെ പാമോയില്‍ കേസ് നിലവിലുണ്ട്. ലോക്സഭാസ്പീക്കറുടെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന് കരുണാകരനെ ചോദ്യം ചെയ്യാം. മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫയും പാമോയില്‍ കേസില്‍ പ്രതിയാണ്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് നവാബ് രാജേന്ദ്രന്‍ കരുണാകരനെതിരെ നല്‍കിയ ഹര്‍ജിയിന്‍മേല്‍ തൃശ്ശൂര്‍ സ്പെഷല്‍ ജഡ്ജിയുടെ അന്വേഷണം നടക്കുകയാണ്. എന്നാല്‍ കരുണാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ബ്രഹ്മപുരം ഡീസല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി സി.വി.പത്മരാജനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

വിവാദമായ സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരെ പീരുമേട് കോടതിയില്‍ കേസ് നിലവിലുണ്ട്. സുപ്രീം കോടതിയില്‍ നിന്നുള്ള ഒരു സ്റേയുടെ ബലത്തിലാണ് കുര്യനിപ്പോള്‍. പത്തനംതിട്ടയിലെ കല്ലൂപ്പാറയില്‍ നിന്നും കുര്യന്‍ മത്സരിച്ചേക്കും.

എക്സൈസ് ഗാര്‍ഡുകളുടെ നിയമനം സംബന്ധിച്ച് മുന്‍ എക്സൈസ് മന്ത്രി രഘുചന്ദ്രബാലിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ഈ കേസിന്റെ വാദം ഉടനെ ആരംഭിക്കും.

ഇടമലയാര്‍-ഗ്രാഫൈറ്റ് കേസുകളില്‍ കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആന്റണിക്കാവില്ല. കേരള കോണ്‍ഗ്രസ് ബിയുടെ ഏക നിയമസഭാംഗമാണ് പിള്ള.

കുരിയാര്‍കുട്ടി-കാരപ്പാറ പദ്ധതിയുമായും മൂവാറ്റുപുഴ ജലസേചന പദ്ധതിയുമായും ബന്ധപ്പെട്ട് ടി.എം.ജേക്കബിനെതിരെയും കേസുകള്‍ നിലവിലുണ്ട്.

കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷി പോലുള്ള സംഘടനകള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി എവിടെ മത്സരിച്ചാലും തോല്‍പ്പിക്കാന്‍ രംഗത്തുണ്ടാവുമെന്ന് വിവിധ വനിതാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.

കൂത്തുപറമ്പ് വെടിവയ്പ്പില്‍ എം.വി.രാഘവന്റെ പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന ഒരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട നേതാക്കളെയെങ്കിലും മത്സരംഗത്ത് നിന്നും മാറ്റിനിര്‍ത്തണമെന്ന് യുഡിഎഫ് തീരുമാനിക്കുകയാണെങ്കില്‍ ജേക്കബിനും ബാലകൃഷ്ണപിള്ളയ്ക്കും സീറ്റ് നിഷേധിക്കേണ്ടിവരും. അത് ഒരിക്കലും സാധ്യമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വ്യക്തമായി അറിയാം. പിന്നെ അഴിമതി വിരുദ്ധനായ ആന്റണിക്ക് മൗനം പാലിക്കുകയേ നിവൃത്തിയുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X