കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോശ്രീ കരാര്‍ ഒപ്പുവച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളത്തെയും കൊച്ചിക്കായലില്‍ വൈപ്പിന്‍ ഉള്‍പ്പടെയുള്ള ദ്വീപുകളെയും പാലങ്ങള്‍ വഴി ബന്ധിപ്പിക്കുന്ന ഗോശ്രീ പദ്ധതിയില്‍ ഏറെ സുപ്രധാനമായ ത്രികക്ഷി കരാര്‍ ഒപ്പുവച്ചു.

ഫിബ്രവരി 26 തിങ്കളാഴ്ച രാവിലെ എറണാകുളം ഗസ്റ് ഹൗസില്‍ വച്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍, കൊച്ചി തുറമുഖ ട്രസ്റ് ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സെക്രട്ടറിയും ജില്ലാ കളക്ടറുമായ കെ.ആര്‍. വിശ്വംഭരന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ദ്വീപ് നിവാസികളുടെ ചിരകാലാഭിലാഷമായ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള അവസാന സാങ്കേതിക കടമ്പയും നീങ്ങിയിരിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി പറഞ്ഞു.

പദ്ധതിയുടെ എല്ലാ വശങ്ങളും സമഗ്രമായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് കരാര്‍. എറണാകുളം മറൈന്‍ഡ്രൈവിനോട് ചേര്‍ന്ന് 25 ഹെക്ടര്‍ കായല്‍ നികത്തി വില്‍ക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. കായല്‍ നികത്തുന്നതിന് തുറമുഖ ട്രസ്റിനുണ്ടാകുന്ന ചെലവ് പലിശ സഹിതം നല്‍കിക്കഴിഞ്ഞാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. ഈ ഭൂമി വിറ്റാണ് പദ്ധതിയ്ക്കാവശ്യമായ പണം കണ്ടെത്തുക. വൈപ്പിന്‍ കരയ്ക്ക് പടിഞ്ഞാറായി കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള 330 ഏക്കര്‍ സ്ഥലത്തില്‍ 110 ഏക്കറിന്റെ ഉടമസ്ഥാവകാശം തുറമുഖ ട്രസ്റിനും കരാര്‍ പ്രകാരം ലഭിക്കും.

മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് 25 ഹെക്ടര്‍ കായല്‍ നികത്തല്‍, പാലം നിര്‍മ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന, ബോള്‍ഗാട്ടിക്ക് പടിഞ്ഞാറും വല്ലാര്‍പാടത്തിന് കിഴക്കും പാലങ്ങള്‍ക്കായി കായല്‍ നികത്തല്‍, മൂന്ന് പാലങ്ങള്‍ നിര്‍മ്മിച്ച് കമ്മീഷന്‍ ചെയ്യല്‍, എറണാകുളം, വൈപ്പിന്‍, വല്ലാര്‍പാടം, ബോള്‍ഗാട്ടി എന്നിവിടങ്ങളില്‍ റോഡുകളുടെ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളുടെ നിര്‍വഹണചുമതലയാണ് കരാര്‍ പ്രകാരം തുറമുഖ ട്രസ്റില്‍ നിക്ഷിപ്തമായിട്ടുള്ളത്. ഇതില്‍ മണ്ണ് പരിശോധന ഇതിനകം പൂര്‍ത്തിയായി. കായല്‍ നികത്തല്‍ അന്തിമഘട്ടത്തിലാണ്.

പദ്ധതിയുടെ പ്രാരംഭഘട്ടത്തിലുള്ള 11.02 കോടി രൂപയോളം വരുന്ന ചെലവുകള്‍ തുറമുഖ ട്രസ്റാണ് വഹിക്കുക. ഈ തുക പലിശ സഹിതം സംസ്ഥാന സര്‍ക്കാര്‍ തുറമുഖ ട്രസ്റില്‍ തിരിച്ചടയ്ക്കും. നികത്തിയെടുക്കുന്ന ഭൂമി വിറ്റുകിട്ടുന്ന തുകയാണ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുക.

പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു വിധ ബാധ്യതയും ഇല്ലെന്ന് കരാറില്‍ പറയുന്നു. നികത്തിയെടുത്ത സ്ഥലം വിറ്റുകിട്ടുന്ന പണം പദ്ധതിക്ക് മതിയാവാതെ വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലം നികത്തി വില്‍ക്കുന്നതിനുള്ള അനുവാദത്തിനായി കോടതിയെ സമീപിക്കണം. പദ്ധതി നടപ്പാക്കിയ ശേഷവും പണം ബാക്കിയുള്ള പക്ഷം ആ തുക ഗോശ്രീ അതോറിറ്റിയും തുറമുഖ ട്രസ്റും സംയുക്തമായി ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ പദ്ധതികള്‍ക്ക് വിനിയോഗിക്കണമെന്നാണ് കരാറിലെ നിര്‍ദേശം.

കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറിക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X