പാമോയില്‍ : കരുണാകരനെതിരായ കുറ്റപത്രം തള്ളി
തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുന്‍മുഖ്യമന്ത്രി കെ കരുണാകരനെതിരായ കുറ്റപത്രം വിജിലന്‍സ് കോടതി തള്ളി. ലോക്സഭാംഗമായ കരുണാകരനെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ലോക്സഭാസ്പീക്കറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് കുറ്റപത്രം എന്‍ക്വയറി കമ്മീഷണറും പ്രത്യേക ജഡ്ജിയുമായ എന്‍.കെ. ബാലകൃഷ്ണന്‍ തള്ളിയത്.
കുറ്റപത്രം വിജിലന്‍സിനു തിരിച്ചു നല്‍കി. കരുണാകരനെതിരേ കുറ്റപത്രം നല്‍കുന്നതിന് ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിജിലന്‍സ് കുറ്റപത്രം നല്‍കിയിരുന്നത്. ഇതിന്് സഹായകമായി കേരള ഹൈക്കോടതിയുടെ വിധിയും വിജിലന്‍സ് സമ്പാദിച്ചിരുന്നു.
മുന്‍പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനെതിരേ സിബിഐ നല്‍കിയ കേസില്‍ അദ്ദേഹത്തിനെതിരേ നടപടികള്‍ കൈക്കൊള്ളാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്ന 1998 ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് എന്‍ക്വയറി കമ്മീഷണര്‍ കരുണാകരനെതിരായ കുറ്റപത്രം നിരാകരിച്ചത്.
1999 നവംബര്‍ ഒന്നിനാണ് പാമോയില്‍ കേസില്‍ ആദ്യമായി കുറ്റപത്രം നല്‍കിയത്. കുറ്റപത്രത്തില്‍ കരുണാകരനും ഏതാനും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ അഴിമതി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. കരുണാകരനെ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ച് ലോക്സഭാ സ്പീക്കറുടെ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അനുമതി പിന്നീട് സമര്‍പ്പിക്കാമെന്നുമായിരുന്നു അന്ന് വിജിലന്‍സ് എസ് പി കോടതിയെഅറിയിച്ചിരുന്നത്. അഴിമതി കുറ്റത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ആവശ്യമായിരുന്നു. ഇതും പിന്നീട് ലഭ്യമാക്കാമെന്നായിരുന്നു കോടതിയെ അറിയിച്ചിരുന്നത്.
അനുമതി ലഭ്യമാകാതിരുന്ന സാഹചര്യത്തില്‍ 2000 ജനവരി 21 ന് കോടതി സ്റേ പരിഗണിക്കുകയും മൂന്നു മാസത്തിനുള്ളില്‍ അനുമതി ലഭ്യമാക്കണമെന്ന് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും അനുമതി സമര്‍പ്പിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് 2000 ഏപ്രില്‍ 20 ന് വിജിലന്‍സ് ജഡ്ജിയായിരുന്ന കെ.പി. ബാലചന്ദ്രന്‍ കുറ്റപത്രം തള്ളുകയും വിജിലന്‍സിനു മടക്കി നല്‍കുകയും ചെയ്തു.
ഇതിനു ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് വിജിലന്‍സ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുന്നതിനു വേണ്ടി അവരുടെ പേരിലുളള കുറ്റം ഗൂഢാലോചന മാത്രമാക്കി. അഴിമതിക്കുറ്റത്തിനു മാത്രമേ കേന്ദ്രാനുമതി ആവശ്യമുള്ളൂ.
എന്നാല്‍ കെ കരുണാകരന്റെ പേരില്‍ ഇപ്പോഴും അഴിമതിക്കുറ്റവും ഗൂഢാലോചനക്കുറ്റവും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ മറ്റു പ്രതികളുടെ കാര്യത്തിലെന്ന പോലെ ഗൂഢാലോചനക്കുറ്റത്തിനു മാത്രം കരുണാകരനെതിരേ നടപടി സ്വീകരിക്കണമോ അതോ സ്പീക്കറുടെ അനുമതി കിട്ടിയ ശേഷം അഴിമതിക്കുറ്റം കൂടി ചേര്‍ത്ത് നടപടി സ്വീകരിച്ചാവല്‍ മതിയോ എന്ന് വിധിന്യായത്തില്‍ ജഡ്ജി വിജിലന്‍സിനോട് ചോദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications