വിഷക്കള്ള് കുടിച്ചവരുടെ നിലയില്‍ മാറ്റമില്ല
കൊച്ചി: വടുതലയില്‍ വിഷക്കള്ള് കുടിച്ച് ആശുപത്രിയിലായ ഏഴ് യുവാക്കളുടെയും നില ഗുരുതരമായി തുടരുന്നു.
മാര്‍ട്ടിന്‍ (24), മില്‍ട്ടണ്‍ (19), റെക്സണ്‍ (25), ഷോബി (21), ബിജു ഡിക്രൂസ് (24) എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലും ബിജു (18) വിനെ ലിസി ആശുപത്രിയിലും ആന്റണി (23)യെ ശ്രീ സുധീന്ദ്ര ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവര്‍ അപകടനില തരണം ചെയ്യണമെങ്കില്‍ മൂന്ന് ദിവസം കഴിയണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ കഴിച്ച കള്ളില്‍ മാരകമായ മോണോ ക്രോട്ടോഫോസ് എന്ന കീടനാശിനിയാണ് കലര്‍ന്നിരുന്നതെന്ന് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. നല്ല ആരോഗ്യമുള്ള ഒരാളുടെ മരണത്തിന് കാരണമാകാന്‍ 500 മില്ലി ഗ്രാം മോണോ ക്രോട്ടോഫോസ് മതിയാകും.
ആശുപത്രികളില്‍ കഴിയുന്ന യുവാക്കള്‍ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ വിഷക്കള്ളിന്റെ ഉറവിടം കണ്ടെത്താനാകൂ. ചിറ്റൂര്‍ കുട്ടിസാഹിബ് റോഡിലെ തെങ്ങിന്‍തോപ്പില്‍ നിന്നും കള്ള് ചെത്തുന്ന ഒരു ചെത്തുകാരനെ പൊലീസ് കസ്റഡിയിലെടുത്തതായി അറിയുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിക്കുന്നുണ്ട്. അസിസ്റന്റ് കമ്മീഷണര്‍ തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications