കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയകുമാറിന്റെ പോസ്റ്റര്‍ ചട്ടലംഘനമെന്ന് കളക്ടര്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സ്പീക്കര്‍ എം. വിജയകുമാറിനു വേണ്ടി പോസ്റ്ററുകള്‍ അച്ചടിച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്ററില്‍ വിജയകുമാറിനുവേണ്ടി പോസ്ററുകള്‍ അച്ചടിച്ചതാണ് ചട്ടലംഘനമായി കളക്ടര്‍ കണ്ടെത്തിയിരിക്കുന്നത്. മെയ് മൂന്ന് വ്യാഴാഴ്ച വൈകുന്നേരം കിട്ടിയ റിപ്പോര്‍ട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുത്തു.

സംഭവം സംബന്ധിച്ച് ആര്‍ഡിഒ ടിങ്കു ബിസ്വാള്‍ ജില്ലാ കളക്ടര്‍ക്ക് നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എവിആര്‍സി യില്‍ പോസ്റ്ററുകള്‍ അച്ചടിച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആര്‍ ഡി ഒ യുടെ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു.

തിരുവനന്തപുരം നോര്‍ത്തിലെ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ടിങ്കുവിനെതിരേ ഭീഷണികളുണ്ടായിട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാറിന് പ്രതികൂലമായ റിപ്പോര്‍ട്ടാണ് അവര്‍ നല്‍കിയിരിക്കുന്നത്.

ചട്ടലംഘനമെന്ന് ആര്‍ ഡി ഒ യുടെ റിപ്പോര്‍ട്ട്

ആര്‍ ഡി ഒ യുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും രണ്ടു കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എ വിആര്‍സിയിലാണ് പോസ്റ്ററുകള്‍ അച്ചടിച്ചതെങ്കിലും ഒരു സ്വകാര്യസ്ഥാപനത്തില്‍ അച്ചടിച്ചുവെന്ന് പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു കാരണം. പോസ്റ്ററുകളുടെ എണ്ണം മൂവായിരമാണെന്നാണ് കാണിച്ചിരിക്കുന്നതെങ്കിലും പിടിച്ചെടുത്തത് തന്നെ പതിനായിരത്തോളമാണെന്നത് രണ്ടാമത്തെ കാരണം.സംഭവം സംബന്ധിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ പി.ജെ. തോമസ് അറിയിച്ചു.

ആര്‍ഡിഒ ടിങ്കുവിനെ റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് എം. വിജയകുമാര്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പി.ജെ. തോമസ് അറിയിച്ചു. പരാതി ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കും. റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനാര്‍ത്ഥിയെ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥനല്ലെന്നും തിരഞ്ഞൈടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടയാളാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനത്തു നിന്ന് ടിങ്കു ബിസ്വാളിനെ മാറ്റി നിര്‍ത്തണമെന്ന് താന്‍ ആവശ്യപ്പെടുമെന്ന് എം. വിജയകുമാര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

അതേ സമയം പോസ്റ്റര്‍ പ്രശ്നത്തില്‍ ആര്‍ഡിഒ അടക്കം ആരും തന്നോട് ഒന്നും അന്വേഷിച്ചില്ലെന്ന് എവിആര്‍സി മാനേജിംഗ് ഡയറക്ടര്‍ എസ.് സലീം പറഞ്ഞു. പണം നല്‍കി ആര്‍ക്കും എവിആര്‍സി യില്‍ എന്തും അച്ചടിക്കാം. പുനലൂര്‍ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി പി എസ് സുപാലിന്റെയും ബിജെപി യുടെയും തിരഞ്ഞെടുപ്പ് പ്രചാരണ രേഖകള്‍ ഇവിടെ അച്ചടിച്ചിട്ടുണ്ടെന്ന് സലിം പറഞ്ഞു.

യു ഡി എഫും ബി ജെ പി യും പ്രചാരണായുധമാക്കുന്നു

ആര്‍ഡിഒ യുടെ നടപടിക്കെതിരേ എല്‍ഡിഎഫും സ്പീക്കറുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്, ബി ജെ പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിര്‍ണായകമാണ്. വിജയകുമാറിന് പ്രതികൂലമായ തീരുമാനമാണുണ്ടാകുന്നതെങ്കില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ മൊത്തത്തിലുള്ള വിജയസാധ്യതയെ അത് പ്രതികൂലമായി ബാധിക്കും.

സ്പീക്കറുടെ പോസ്റ്ററുകള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃതമായി അച്ചടിച്ചതും വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്ത പ്രശ്നവും വരും നാളുകളില്‍ പ്രചാരണായുധങ്ങളാക്കാനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. യു ഡി എഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണനും എഐസിസി സെക്രട്ടറി ഗുലാം നബി ആസാദും മെയ് മൂന്ന് വ്യാഴാഴ്ച ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

വോട്ടര്‍ പട്ടിക എല്ലായിടത്തും പരിശോധനയ്ക്ക് ലഭ്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തഹസീല്‍ദാര്‍മാരില്‍ നിന്നും കളക്ടര്‍മാരില്‍ നിന്നും ഇവ ലഭിക്കും. പട്ടിക ലഭിക്കാത്തതു സംബന്ധിച്ച് ഇതു വരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

എല്‍ ഡി എഫിന് ഏറെക്കുറെ ഉറപ്പുള്ള സീറ്റാണ് തിരുവനന്തപുരം നോര്‍ത്ത്. മുന്നണി അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനത്തിന് അര്‍ഹതയുള്ള നേതാവാണ് എം. വിജയകുമാര്‍. അതു കൊണ്ടു തന്നെ പ്രശ്നത്തില്‍ നിന്ന് പരമാവധി മുതലെടുക്കാന്‍ യു ഡി എഫും ബി ജെ പിയും ശ്രമിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X