ഇന്ത്യ-യെമന്‍ മത്സരം സമനിലയില്‍
സാന: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യയും യമനും മൂന്നു ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ക്യാപ്റ്റന്‍ ബൈച്ചുംങ് ബൂട്ടിയ ഇല്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ചുണക്കുട്ടികള്‍ യെമനെ അവരുടെ മണ്ണില്‍വച്ച് തളച്ചത് ഫുട്ബോള്‍ നിരീക്ഷകരെ അത്ഭുതപ്പെടുത്തി.
ഈ മത്സരത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി യെമന്‍ ഗ്രൂപ്പില്‍ മുന്നില്‍ നില്‍ക്കുന്നു. മൂന്നു മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി യുഎഇ രണ്ടാം സ്ഥാനത്തും നാലു മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുകളുള്ള ഇന്ത്യ മൂന്നാം സ്ഥാനത്തും ആണ്. ഇന്ത്യയുടെ ഇനിയുള്ള കളികള്‍ ബ്രൂണെയുമായാണ്. ഈ രണ്ടു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഇന്ത്യ അടുത്ത റൗണ്ടില്‍ പ്രവേശിക്കാനുള്ള സാധ്യത ഉള്ളൂ.
ജോപോള്‍ അഞ്ചേരി, ഐ.എം. വിജയന്‍, ഖാലിദ് അഹമ്മദ് ജമീല്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ നേടിയത്. യെമന്റെ മൂന്നു ഗോളുകളും പിറന്നത് അദെല്‍ അല്‍ സലെമിയുടെ കാലുകളിലൂടെയാണ്. എട്ടാംഗ്രൂപ്പ് മത്സരത്തില്‍ ആദ്യമായി പിറക്കുന്ന ഹാട്രിക്ക് കൂടിയാണിത്.
മെയ് നാല് വെളളിയാഴ്ച നടന്ന മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് യെമനായിരുന്നു. 14ാം മിനിറ്റിലായിരുന്നു ആ ഗോള്‍. എന്നാല്‍ 20ാം മിനിറ്റില്‍ ജോപോള്‍ അഞ്ചേരി ഇന്ത്യക്ക് വേണ്ടി സമനില നേടി. ഇന്ത്യന്‍ ആഹ്ലാദം കെട്ടടങ്ങുന്നതിനു മുമ്പു തന്നെ സലെമി വീണ്ടും ഇന്ത്യന്‍ ഗോളിയെ കീഴ്പ്പെടുത്തി. 39-ാം മിനിറ്റില്‍ അഹമ്മദ് ജലീലിലൂടെ ഇന്ത്യ വീണ്ടും സമനില നേടി (2-2).
രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ തന്നെ ഐ.എം. വിജയന്‍ ഇന്ത്യയെ മുന്നിലെത്തിച്ചു (3-1). എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സലെമി ഹാട്രിക്ക് നേടിയതോടെ അവസാനിച്ചു.












Click it and Unblock the Notifications