പ്രളയക്കെടുതി: ജില്ലകള്‍ക്ക് 50 ലക്ഷം കൂടി
തിരുവനന്തപുരം: കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് പ്രളയക്കെടുതി നേരിടുന്ന എല്ലാ ജില്ലകള്‍ക്കും 50 ലക്ഷം കൂടി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുമ്പ് അനുവദിച്ച 50 ലക്ഷത്തിനു പുറമെയാണിത്.
ജൂലായ് 11 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 30,000 രൂപ വീതം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കാലിയാണെന്നും കേരളത്തിനകത്തും പുറത്തു നിന്നുമുള്ള എല്ലാവരും തങ്ങളാലാവുന്ന തുക നല്‍കി സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനും സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കര്‍ഷകരും കടുത്ത ദുരിതത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളമാകമാനം വ്യാപിച്ച കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായം അഭ്യര്‍ത്ഥിക്കും. ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. കെടുതിയില്‍പ്പെട്ട് വലയുന്നവര്‍ക്കായി ഉടന്‍ തന്നെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനായി റവന്യൂ സെക്രട്ടറി ഉടന്‍തന്നെ ദില്ലിയിലേക്ക് പോകും.
കെടുതിയുടെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിവരികയാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്മെന്റ് ടീം അടിയന്തിരമായ വിവിധ വകുപ്പുകളുടെ കണക്കുകള്‍ ശേഖരിച്ച് നഷ്ടത്തിന്റെ പ്രാഥമിക കണക്കുകള്‍ സ്വരൂപിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ സെക്രട്ടറി കേന്ദ്രസഹായം തേടുക.
സംസ്ഥാനത്തൊട്ടാകെ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 80 പേര്‍ മരിച്ചിട്ടുണ്ട്. 23 പേരെ കാണാതായി. 94 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 720 വീടുകള്‍ പൂര്‍ണമായും 8639 വീടുകള്‍ ഭാഗികമായും നശിച്ചു. 1352 ഗ്രാമങ്ങളെയാണ് കാലവര്‍ഷം സാരമായി ബാധിച്ചിരിക്കുന്നത്.
ഇതിനകം തന്നെ 428 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ചില ഡാമുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications