മനോരമ ഫോട്ടോഗ്രാഫറുടെ ജഡം കണ്ടെത്തി
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരില്‍ ജൂലായ് ഒമ്പത് തിങ്കളാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിന്റെ (48) മൃതദേഹം കണ്ടുകിട്ടി.
ജൂലായ് 11 ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വിക്ടറിന്റെ മൃതദേഹം കണ്ടെടുത്തത്. നാവികസേനയുടെയും തിരുവനന്തപുരം ആര്‍മി ക്യാമ്പില്‍ നിന്നുള്ള കമാന്‍ഡോ സംഘത്തിന്റെയും സഹായത്തോടെയാണ് അവസാനഘട്ടം തിരച്ചില്‍ നടന്നത്. ഇനിയും രണ്ടു പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയിക്കുന്നു.
ചൊവാഴ്ച നടത്തിയ തിരച്ചിലില്‍ വിക്ടര്‍ ഉപയോഗിച്ചിരുന്ന ക്യാമറയും ഫിലിം റോളുകളും കുടയും ലഭിച്ചിരുന്നു. മോശമായ കാലാവസ്ഥ കാരണം ചൊവാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെയും തിരച്ചില്‍ നടത്താന്‍ ഏറെ തടസ്സങ്ങളുണ്ടായിരുന്നു. മഞ്ഞും മഴയും ഇരുട്ടും വന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. രാത്രിവൈകി തിരുവനന്തപുരത്തു നിന്നുള്ള ആര്‍മി സംഘം സംഭവസ്ഥലത്തെത്തി.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെയെത്തിയ വിക്ടര്‍ മറ്റു മൂന്നുപേരോടൊപ്പം ഫോട്ടോയെടുക്കാന്‍ മലമുകളിലേക്ക് കയറിയതായിരുന്നു. ഒരു പാറയിന്മേല്‍ നിന്ന് ഉരുള്‍പൊട്ടലിന്റെ വിവിധ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ വീണ്ടും ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് വിക്ടര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും വിക്ടറിന് പെട്ടെന്ന് തെന്നിമാറാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications