വിക്ടറിന്റെ രണ്ടാമത്തെ ക്യാമറയും കിട്ടി
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ രണ്ടാമത്തെ ക്യാമറയും കണ്ടെത്തി. ജൂലായ് 13 വെള്ളിയാഴ്ച പുഴയിലൂടെ ഒഴുകി വന്ന ക്യാമറ നാട്ടുകാരാണ് കണ്ടെടുത്തത്.
വിക്ടറിന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന 'എഫ്.ഐ. നിക്കോണ്‍' ക്യാമറയാണിത്. വളരെ വേഗത്തില്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയുന്ന ഈ ക്യാമറയില്‍ വിക്ടറിന്റെ അവസാനചിത്രങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഉരുള്‍പൊട്ടി വരുന്ന നിമിഷങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.
ഉരുള്‍പൊട്ടി മണ്ണിളകി വരുന്നത് ഞാന്‍ ഒരിക്കല്‍ ക്യാമറയിലാക്കും എന്ന് പലപ്പോഴും സുഹൃത്തുക്കളോട് പറഞ്ഞിരുന്ന വിക്ടര്‍ നല്ലൊരവസരം കാത്തിരിക്കുകയായിരുന്നു. ജൂലായ് ഒമ്പത് തിങ്കളാഴ്ച ഉടുമ്പന്നൂരില്‍ ആ അവസരം ലഭിച്ചതിനാലാണ് എല്ലാവരും ഓടിപ്പോയപ്പോഴും വിക്ടര്‍ പാറയില്‍ത്തന്നെ നിന്നിരുന്നതെന്നും കരുതുന്നു.
വിക്ടറിന്റെ മോഹമായ ആ ദൃശ്യങ്ങള്‍ അവസാനനിമിഷത്തില്‍ പകര്‍ത്താനായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സ്മാരകമായി ആ ചിത്രങ്ങള്‍ ലഭിക്കാനിടയുണ്ട്. ക്യാമറ ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുയാണ്. ഫിലിമുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
രണ്ടു ക്യാമറകള്‍ കൈവശം വച്ചുകൊണ്ടായിരുന്നു വിക്ടര്‍ ഉരുള്‍പൊട്ടല്‍ ചിത്രീകരിക്കാന്‍ പോയത്. അതില്‍ ഒരു ക്യാമറയായ 'നിക്കോണ്‍ എഫ്.എം -2' ചൊവാഴ്ച തന്നെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications