കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ 84 റണ്‍സിന് തോറ്റു

  • By Staff
Google Oneindia Malayalam News

കൊളംബോ: കൊക്കകോള ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ 84 റണ്‍സിന് ന്യൂസിലാന്റിനോട് തോറ്റു. ജൂലായ് 20 വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 212 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീം ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

വെറും 127 റണ്‍സിന് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ഡിയോണ്‍ നാഷിന്റെ കുറ്റമറ്റ ബൗളിംഗാണ് ഇന്ത്യയുടെ കഥ കഴിച്ചത്. എട്ടു ഓവര്‍ ബൗള്‍ ചെയ്ത നാഷ് വെറും 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. വെട്ടോറിയുടെ സ്പിന്നിന് മുന്നിലും ഇന്ത്യന്‍ ബാറ്റ്സ് മാന്‍മാര്‍ പതറി. വെട്ടോറി 8.1 ഓവര്‍ എറിഞ്ഞ് വെറും 39 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് പിഴുതു.

ആകെ മൂന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കാണ് 10 ലധികം റണ്‍സ് നേടാന്‍ കഴിഞ്ഞത്. 20 ല്‍ അധികം റണ്‍സെടുക്കാന്‍ കഴിഞ്ഞത് വിവിഎസ് ലക്ഷമണിന് മാത്രമാണ്. പതറാതെ ന്യൂസിലാന്റ് ബൗളര്‍മാരെ നേരിട്ടത് ലക്ഷമണ്‍ മാത്രമാണ്. അദ്ദേഹം 103 ബോളുകള്‍ നേരിട്ട് 60 റണ്‍സ് എടുത്തു. അഞ്ച് ഫോറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വെറും 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യയുടെ മികച്ച അഞ്ച് വിക്കറ്റുകള്‍ വീണുകഴിഞ്ഞിരുന്നു. യുവരാജ് സിംഹ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഹേമാംഗ് ബദാനി, വീരേന്ദര്‍ ഷേവാഗ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. സോധിയുമായി ചേര്‍ന്ന് ലക്ഷ്മണ്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും സോധി വീണു. സോധി വിടവാങ്ങുമ്പോള്‍ ജയിക്കാന്‍ 20 ഓവറില്‍ നിന്നും 124 റണ്‍സ് വേണം എന്ന നിലയായിരുന്നു. വാലറ്റക്കാര്‍ ഒരു ചെറുത്തുനില്പു പോലും നടത്താതെ വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു.

നേരത്തെ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 212 റണ്‍സ് എടുത്തിരുന്നു. നതന്‍ ആസ്ലേയുടെ സെഞ്ച്വറിയാണ് ന്യൂസിലാന്റിനെ സ്കോര്‍ 200 കടത്താന്‍ സഹായിച്ചത്. സഹീര്‍ഖാന്റെ ആദ്യഓവറില്‍ തന്നെ ന്യൂസിലാന്റിന്റെ ആദ്യവിക്കറ്റ് വീണു. ഖാന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയ സിന്‍ക്ലയര്‍ റണ്ണൊന്നുമെടുത്തിരുന്നില്ല. തുടര്‍ന്ന് ആസ്ലെയോടൊപ്പം ക്രീസിലെത്തിയ സ്റീഫന്‍ ഫ്ലെമിംഗ് ഭദ്രമായ വിക്കറ്റ് കൂട്ടുകെട്ട് പടുത്തു.

70 റണ്‍സ് നേടിയ ഈ കൂട്ടുക്കെട്ട് അവസാനിപ്പിച്ചത് ഹര്‍ബജന്‍ സിംഗാണ്. ഹര്‍ബജന്റെ പന്തില്‍ ഷെവാഗ് പിടിച്ചാണ് ഫ്ലെമിംഗ് (25) പുറത്തായത്. 16-ാമത്തെ ഓവറില്‍ ഈ വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചു.

തുടര്‍ന്ന് വന്ന ആര്‍ക്കും ആസ്ലെക്ക് മികച്ച പിന്തുണ നല്‍കാനായില്ല. ആസ്ലെ ഒരു വശത്ത് അജയ്യനായി നിന്നെങ്കിലും മറുവശത്ത് ബാറ്റസ്മാന്മാര്‍ വിക്കറ്റ് ബലി നല്‍കുകയായിരുന്നു. മാക്മില്ലന്‍ (17), വിന്‍സെന്റ് (16), ക്രിസ് ഹാരിസ് (ഒന്ന്), പരോരെ (ഒമ്പത്), നാഷ് (അഞ്ച്), മില്‍സ് (ഒന്ന്).....വിക്കറ്റ് ബലി കൊടുക്കുന്നതില്‍ ന്യൂസിലാന്റ് ബാറ്റ്സ്മാന്മാര്‍ മത്സരിക്കുകയായിരുന്നു.

കളി തീരാന്‍ രണ്ട് പന്ത് മാത്രം ബാക്കി നില്‍ക്കെയാണ് ആസ്ലെ പുറത്തായത്. അവസാന ഓവര്‍ വരെ അക്ഷോഭ്യനായി നിന്ന ആസ്ലെയുടെ ഇന്നിംഗ്സ് മഹത്തായിരുന്നു. 151 പന്തില്‍ നിന്ന് 117 റണ്‍സെടുത്ത ആസ്ലെ ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ബജന്‍ മികച്ച ബൗളിംഗ് കാഴ്ച വെച്ചു. 10 ഓവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹര്‍ബജന്‍ രണ്ട് വിക്കറ്റ് കൊയ്തു. സഹീര്‍ഖാന്‍ പരണ്ടും യുവരാജ്സിംഗും ബദാനിയും ഓരോന്നും വിക്കറ്റ് നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X