യുഎസിന് പൂര്‍ണ്ണ പാക് പിന്തുണ
ഇസ്ലാമാബാദ്: സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്ന അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള അമേരിക്കയുടെ എല്ലാ ആവശ്യങ്ങളും പാകിസ്ഥാന്‍ അംഗീകരിച്ചു.
അമേരിക്കന്‍ അംബാസഡര്‍ വെന്‍ഡി ചേംബര്‍ലിനുമായി നടന്ന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അറിയുന്നു.
പാകിസ്ഥാനില്‍ ബഹുരാഷ്ട്ര സൈന്യത്തിന് പ്രവേശനം നല്‍കുക, അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി അടയ്ക്കുക, അഫ്ഗാനിസ്ഥാനെതിരെ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ വ്യോമാതിര്‍ത്തി തുറന്നുകൊടുക്കുക, ബിന്‍ലാദനെ കുറിച്ച് വിവരം ശേഖരിക്കുന്നതില്‍ ഇന്റലിജന്‍സിന്റെ സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പാകിസ്ഥാന്‍ അംഗീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇനിയും സ്ഥിരീകരിക്കാനിരിക്കുന്നതേയുള്ളൂ. പാകിസ്ഥാന്‍ മന്ത്രിസഭയും ദേശീയ സുരക്ഷാ കൗണ്‍സിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നുണ്ട്. പാകിസ്ഥാനിലെത്തുന്നത് ബഹുരാഷ്ട്രസൈന്യമാകുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നേടിയിട്ടുണ്ട്.
താലിബാനെതിരെ അമേരിക്കന്‍ ആക്രമണം ഉടന്‍ തന്നെയുണ്ടാകുമെന്ന് അഫ്ഗാന്‍ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ സൈനികവക്താക്കള്‍ അറിയിച്ചു. ഒട്ടേറെ മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും ലാദനെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ താലിബാന്‍ തയ്യാറായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.