ജയലളിതയ്ക്ക് തിരിച്ചടി
ചെന്നൈ: നിയമസഭാതിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച ജയലളിതയ്ക്ക് പക്ഷെ പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പ് വന്‍ തിരിച്ചടിയായി. ജയയുടെയും എഐഎഡിഎംകെയുടെയും ശക്തികേന്ദ്രങ്ങളായ തെക്കന്‍ജില്ലകളില്‍ ഒട്ടേറെ സീറ്റുകള്‍ നഷ്ടമായി. പലയിടങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
നിയമസഭാതിരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടിയ തെക്കന്‍ ജില്ലകളില്‍ 80 ശതമാനം പഞ്ചായത്ത് സീറ്റുകളിലും എഐഎഡിഎംകെയുടെ ഭൂരിപക്ഷം കാര്യമായി കുറഞ്ഞു. അതുകൊണ്ട് തന്നെ മിക്ക സീറ്റുകളിലും വോട്ടെണ്ണല്‍ തീരും വരെ പിരിമുറുക്കമായിരുന്നു. 20 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ വരെയുണ്ട്.
മധുരയില്‍ ആകെയുള്ള 226 പഞ്ചായത്ത് സീറ്റുകളില്‍ 104ലും വളരെ കഷ്ടിച്ചാണ് എഐഎഡിഎംകെ ജയിച്ചുകയറിയത്. എഐഎഡിഎംകെ അവിടെ ഒഴുക്കിയ പണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വിജയം ഒന്നുമല്ലെന്ന് ഒരു എഐഎഡിഎംകെ നേതാവ് തന്നെ തുറന്നു പറഞ്ഞു.
സിപിഎമ്മിന്റെ സഹായത്തോടെ മധുരയിലെ മൂന്നു നിയമസഭാസീറ്റുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എഐഎഡിഎംകെ വിജയിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്.












Click it and Unblock the Notifications