കെപിസിസി യോഗം തുടങ്ങി
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗം ജനവരി 30 ബുധനാഴ്ച ഇന്ദിരാ ഭവനില്‍ തുടങ്ങി. പരസ്യവിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ചില കര്‍ശന നിര്‍ദേശങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതിന് ചില കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നതു സംബന്ധിച്ച് മുരളീധരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
ആന്റണി സര്‍ക്കാരിനെതിരെ ഐ ഗ്രൂപ്പ് യോഗത്തില്‍ നിശിത വിമര്‍ശനമുയരുമെന്നാണ് കരുതുന്നത്. ഡിസിസി പുനസംഘടനയെ കുറിച്ചും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.
വര്‍ഗീയ കലാപങ്ങളില്‍ കോണ്‍ഗ്രസുകാര്‍ക്കും പങ്കുണ്ടെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും യോഗം ചര്‍ച്ച ചെയ്യും.
പ്രസിഡന്റും രണ്ട് വൈസ് പ്രസിഡന്റുമാരും 14 ജനറല്‍ സെക്രട്ടറിമാരും 17 ജോയിന്റ് സെക്രട്ടറിമാരും ഒരു ട്രഷററും ഉള്‍പ്പെട്ടതാണ് കെപിസിസി ഭാരവാഹികള്‍.












Click it and Unblock the Notifications