പ്രകൃതിയോടിണങ്ങി ജീവിക്കുക : ഡോ. മേനോന്‍
തിരുവനന്തപുരം : പ്രകൃതിയോട് ഇണങ്ങിയുളള ഒരു ജീവിത മാതൃക രൂപപ്പെടുത്തിയില്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് ഡോ. ആര്‍. വി. ജി. മേനോന്‍. മറ്റു ജൈവ സമൂഹങ്ങള്‍ക്ക് ഉപകാരമില്ലാത്ത ഒരു ജീവി വര്‍ഗവും ദീര്‍ഘകാലം അതിജീവിച്ചിട്ടില്ല. ഇന്നത്തെ നില തുടര്‍ന്നാല്‍ മനുഷ്യ വര്‍ഗം പ്രകൃതിയില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന് ഡോ. മേനോന്‍ ചൂണ്ടിക്കാട്ടി.
ലോക ഭൗമദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംഘടനയായ ഗ്രീന്‍സ് സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം ആശ്രയിച്ചാണ് പ്രകൃതിയില്‍ എല്ലാ ജീവികളും നിലനില്‍ക്കുന്നത്. എന്നാല്‍ മനുഷ്യന്‍ ഈ സമവാക്യത്തെ തകര്‍ത്തു. എല്ലാ പ്രകൃതി വിഭവങ്ങളെയും തനിക്കു വേണ്ടി മാത്രം ചൂഷണം ചെയ്യുകയാണ് അവന്‍. അങ്ങനെ പ്രകൃതിയെയും സഹജീവികളെയും നശിപ്പിക്കുന്നു. ചുരുക്കത്തില്‍ മനുഷ്യനെക്കൊണ്ട് ഇതര ജൈവസമൂഹത്തിന് യാതൊരു ഉപയോഗവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രാജ്യവും, അവരെത്ര സമ്പന്നരും സ്വയംപര്യാപ്തരുമായാലും, നിലനില്‍ക്കണമെങ്കില്‍ മറ്റുളളവരെ ആശ്രയിക്കേണ്ടി വരും. അമേരിക്കയടക്കം ഇക്കാര്യം മനസിലാക്കണമെന്ന് മേനോന്‍ ആവശ്യപ്പെട്ടു. ഗാന്ധിജിയ്ക്കു ശേഷം ഇന്ത്യയിലും പ്രകൃതിയ്ക്കനുസൃതമായ ജീവിത രീതിയുടെ പ്രാധാന്യം മനസിലാക്കിയിരുന്നില്ല.
നമ്മുടെ ആസൂത്രണമെല്ലാം അഞ്ചു വര്‍ഷത്തേയ്ക്കാണ്. അഞ്ചു വര്‍ഷത്തിനു ശേഷം ആസൂത്രണത്തിന്റെ തലവേദന നാം മറ്റുളളവരെ ഏല്‍പ്പിക്കുന്നു. നാം ചെയ്തു കൂട്ടുന്ന കൊടുംപാതകങ്ങളുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ കുട്ടികളും അവരുടെ കുട്ടികളുമാണെന്ന ബോധം എന്നു നമുക്കുണ്ടാകുന്നോ അപ്പോഴേ യഥാര്‍ത്ഥ വികസനം സാധ്യമാകു - ഡോ. മേനോന്‍ പറഞ്ഞു.
ചെലവു കുറഞ്ഞ രീതിയില്‍ എങ്ങനെ ഊര്‍ജം ഉല്‍പാദിപ്പിക്കാമെന്ന ചോദ്യമാണ് ഇപ്പോള്‍ ശാസ്ത്രവും ശാസ്ത്രജ്ഞരും നേരിടുന്നതെന്നും മേനോന്‍ അഭിപ്രായപ്പെട്ടു. പെട്രോളിയവും കല്‍ക്കരിയുമെല്ലാം അനന്തമായ ഊര്‍ജ സ്രോതസുകളല്ല. അവയുടെ ശേഖരം പരിമിതമായി വരുന്നു. സൗരോര്‍ജം സാധാരണക്കാരന് ചെലവ് കുറഞ്ഞ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ നമ്മുടെ പദ്ധതി ആസൂത്രണം ചെയ്യുന്നവരൊന്നും ഇത്തരം പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല.
പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുക എന്ന സന്ദേശമാണ് വരും തലമുറയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഉപദേശമെന്ന് മേനോന്‍ പറഞ്ഞു.