വാജ്പേയിയെ കാണാന്‍ തയ്യാര്‍: മുഷാറഫ്
അല്‍മാട്ടി: യാതൊരു ഉപാധിയുമില്ലാതെ വാജ്പേയിയുമായി കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്ന് പാക്പ്രസിഡന്റ് മുഷാറഫ്. ഏഷ്യന്‍ സുരക്ഷാഉച്ചകോടിയ്ക്ക് കസാഖ്സ്ഥാനിലെത്തിയ മുഷാറഫ് ജൂണ്‍ മൂന്ന് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
എനിക്ക് പ്രത്യേകിച്ച് ഉപാധികളൊന്നുമില്ല. ഇതേ ചോദ്യം നിങ്ങള്‍ വാജ്പേയിയോട് ചോദിക്കൂ- കൂടിക്കാഴ്ചയെപ്പറ്റി ചോദ്യമുന്നയിച്ച വാര്‍ത്തലേഖകന് മുഷാറഫ് മറുപടി നല്കി. കസ്ഖ്സ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബെവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഷാറഫിന്റെ വാര്‍ത്താസമ്മേളനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഒഴിവാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് യുദ്ധമൊഴിവാക്കാന്‍ ഞാനെന്റെ പരമാവധി പ്രവര്‍ത്തിക്കും എന്നായിരുന്നു മുഷാറഫിന്റെ മറുപടി. രണ്ടുകൈയും കൂട്ടിയടിച്ചല്ലാതെ ശബ്ദമുണ്ടാക്കാന്‍ കഴിയില്ല. പക്ഷെ അതിന് മറുപക്ഷവും സഹകരിക്കണം. അതിലൂടെ മാത്രമേ നമുക്ക് യുദ്ധമൊഴിവാക്കാന്‍ കഴിയൂ.- മുഷാറഫ് പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് വാജ്പേയി തയ്യാറല്ലെന്നാണ് കസാഖ്സ്ഥാന്‍ പ്രസിഡന്റ് തന്നോട് പറഞ്ഞതെന്നും മുഷാറഫ് അറിയിച്ചു. ഇന്ത്യാ-പാക് പ്രശ്നത്തില്‍ മധ്യസ്ഥതവഹിക്കുന്ന കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്നതായും മുഷാറഫ് അഭിപ്രായപ്പെട്ടു.