കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി തോമസിനെതിരെ അഴിമതിക്കേസ്

  • By Staff
Google Oneindia Malayalam News

കൊച്ചി : അവിഹിതമാര്‍ഗത്തില്‍ കൂടി ടൂറിസം മന്ത്രി കെ. വി. തോമസ് വരവില്‍ കവിഞ്ഞ് 25 കോടി രൂപ സമ്പാദിച്ചതായി ആരോപണം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂനമ്മാവ് കോലാനിക്കല്‍ കെ. വി. ജോബ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. വിജിലന്‍സിന്റെ വിശദീകരണത്തിനായി അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ക്ക് കോടതി നോട്ടീസയച്ചു.

കേസ് ജൂണ്‍ 29 ന് വാദം കേള്‍ക്കും. പരാതി തെളിയിക്കുന്നതിന് ഒട്ടേറെ രേഖകളും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.

ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന കെ. വി. തോമസ് ഇന്ന് കോടികളുടെ അധിപനാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ദരിദ്ര കുടുംബത്തില്‍ ജനിച്ച തോമസ് പഠനം പൂര്‍ത്തിയാക്കിയത് പളളിയുടെ സഹായത്തോടെയാണ്. സ്ക്കൂള്‍ അദ്ധ്യാപകനായിരുന്ന മൂത്ത ജ്യേഷ്ഠനും കാര്യമായ വരുമാനം ഉണ്ടായിരുന്നില്ല.

തോമസിന്റെ ഭാര്യ ഷെര്‍ലിയും ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു. പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്നു അവരുടെ അച്ഛന്‍. ഇരുവരുടെയും സാമ്പത്തിക നില മോശമായിരുന്നെന്ന് പളളിയിലെ വിവാഹരേഖകള്‍ വ്യക്തമാക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. കോളെജ് ലക്ചറുടെ വരുമാനം മാത്രമുണ്ടായിരുന്ന തോമസ് വന്‍ തോതില്‍ പണം ചെലവിട്ടിരുന്നെന്നാണ് ജോബി ചൂണ്ടിക്കാട്ടുന്നു.

തോമസിന്റെ ഇളയ മകന്‍ ജോ തോമസിന് കര്‍ണാടകത്തില്‍ മെഡിസിനു പഠിക്കാന്‍ 25 ലക്ഷം രൂപയും പിന്നീട് മംഗലാപുരത്ത ്പഠിക്കാന്‍ 40 ലക്ഷം രൂപയുമാണ് തലവരി നല്‍കിയത്.

തോമസ്, ഭാര്യയുടെ പേരില്‍ ആരംഭിച്ച ഷെര്‍ലി ട്രാവലേഴ്സ് എന്ന ട്രാവല്‍ ഏജന്‍സിയുടെ മറവിലും കണക്കില്‍ പെടാത്ത വരുമാനമുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. വണ്ടികള്‍ പ്രധാനമായും സര്‍ക്കാര്‍ ഗസ്റ് ഹൗസുകളിലേയ്ക്കാണ് ഓട്ടം പോകുന്നത്. ഓട്ടം പോകാത്ത ട്രിപ്പുകള്‍ക്കും കളളരേഖയുണ്ടാക്കി പണം വാങ്ങുന്നുണ്ട്.

തോമസ് എം. പി. ആകുന്നതു വരെ ട്രാവല്‍സിന് സ്വന്തമായി വണ്ടികളില്ലായിരുന്നു. ഇപ്പോള്‍ ടൊയോട്ട ക്വാളിസ്, മാരുതി , ഫോര്‍ഡ് ഐകോണ്‍ എന്നിവയുള്‍പ്പെടെ 20 വണ്ടികള്‍ ഇവര്‍ക്ക് സ്വന്തമായുണ്ട്. കളളരേഖകള്‍ ചമയ്ക്കാന്‍ മന്ത്രി സ്ഥാനവും തോമസ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

തോമസ് അടിക്കടി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളിലും അഴിമതിയുണ്ട്. ബര്‍ലിന്‍, ലണ്ടന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന സ്വകാര്യസന്ദര്‍ശനങ്ങള്‍ക്ക് പണം ലഭിക്കുന്നത് എവിടെ നിന്നാണെന്ന് ഹര്‍ജിയില്‍ ചോദിക്കുന്നു. മന്ത്രിയാകുന്നതിനു മുമ്പ് സ്വന്തം നിലയില്‍ വിദേശ സന്ദര്‍ശനം നടത്താനുളള സാമ്പത്തിക ഉറവിടം കണ്ടെത്തണം.

ദര്‍ബാര്‍ ഹാള്‍ മോടിപിടിപ്പിക്കാന്‍ കരാര്‍ നല്‍കിയതിന്റെ പേരില്‍ തോമസിന് കിട്ടിയത് 25 ലക്ഷം രൂപയാണ്. 15 ലക്ഷം രൂപയുടെ പണി കരാര്‍ നല്‍കിയത് 55 ലക്ഷം രൂപയ്ക്കാണ്. ഇതിനുളള പ്രതിഫലമായിരുന്നു ഈ 25 ലക്ഷം രൂപ.

ഭാര്യയുടേയും മക്കളുടെയും പേരില്‍ വഴിവിട്ട് സ്വത്ത് സമ്പാദിച്ചതായും ആരോപണമുണ്ട്. ടോക് എച്ച് സ്ക്കൂളിനു മുന്നില്‍ 1987-88ല്‍ 40 ലക്ഷം രൂപയുടെ ഒരു ഫ്ലാറ്റ് തോമസ് വാങ്ങിയിട്ടുണ്ട്. അതിസമ്പന്നരുടെ കോളനിയായ ചോയിസ് ഗാര്‍ഡനില്‍ 1990-91ല്‍ 55 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങി. മലയാള മനോരമ ഓഫീസിന് എതിര്‍വശത്ത് 62 ലക്ഷം രൂപയുടെ ഫ്ലാറ്റാണ് വാങ്ങിയത്.

മന്ത്രി ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് നടത്തുന്ന ബഹുരാഷ്ട്രക്കമ്പനികളുടെ വിതരണ സ്ഥാപനത്തിനു പിന്നിലും അഴിമതിയുണ്ടെന്നാണ് അടുത്ത ആരോപണം. അവിഹിതമാര്‍ഗങ്ങളിലൂടെ വന്നു ചേരുന്ന പണം ഈ കമ്പനിയുടെ വരുമാനമായി കാണിക്കുകയാണ്.

വന്‍ ആഡംബരത്തോടെയാണ് തോമസ് മകളുടെ കല്യാണം നടത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. 1990ല്‍ നടന്ന കല്യാണത്തിന് സ്ത്രീധനമായി നല്‍കിയത് 450 പവനും 25 ലക്ഷം രൂപയും ഏഴരലക്ഷം രൂപ വിലയുളള കാറുമാണ്. അഞ്ചു ലക്ഷം രൂപയായിരുന്നു കല്യാണച്ചെലവ്.

എം. പി. ആയിരിക്കെ ഫോണ്‍ കണക്ഷനും പെട്രോള്‍ പമ്പും നല്‍കാന്‍ വാങ്ങിയ കൈക്കൂലിപ്പണം കൊണ്ട് പൊളളാച്ചിയില്‍ 150 ഏക്കര്‍ തെങ്ങിന്‍തോപ്പ് വാങ്ങി.

10 കോടി രുപ ഭൂവിലയുളള പാതിരാമണല്‍ ഒബറോയ് ഹോട്ടല്‍ ഗ്രൂപ്പിനും ആലുവ ഗസ്റ് ഹൗസ് ടാറ്റയ്ക്കു നല്‍കിയതിലും കോടികളുടെ അഴിമതി നടന്നിട്ടുണ്ട്.

മന്ത്രിയ്ക്ക് എറണാകുളത്തെ തോപ്പുംപടിയില്‍ രണ്ടു വീടുകളുണ്ടെന്നും അതിലൊന്ന് മോടിപിടിപ്പിക്കാന്‍ അടുത്തകാലത്ത് 65 ലക്ഷം രൂപ ചെലവിട്ടെന്നുമാണ് അടുത്ത ആരോപണം. ഇതിനടുത്തു തന്നെ 55 ലക്ഷം രൂപയുടെ മറ്റൊരു വീടുമുണ്ട്.

മന്ത്രിയുടെ മകന്‍ ബിജു തോമസിന് 19 വയസുളളപ്പോള്‍ 79ലക്ഷം രൂപയുടെ സ്വത്ത് വാങ്ങിയതായി രേഖയുണ്ടാക്കിയിട്ടുണ്ട്. 1989ലായിരുന്നു ഇത്. ബീയാര്‍ജെ ഹോട്ടല്‍സ് (ലിമിറ്റഡ്) എന്ന സ്ഥാപനം വാങ്ങിയതായാണ് രേഖ. സ്വന്തമായി വരുമാനമില്ലാത്ത ഒരു വിദ്യാര്‍ത്ഥി ഇത്രയും വലിയൊരു കച്ചവടം നടത്തിയെന്ന് രേഖയുണ്ടാക്കിയതു തന്നെ അഴിമതിയുടെ പ്രകടമായ ഉദാഹരണമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

കോളെജ് അദ്ധ്യാപകനായിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ തോമസ് ഇന്ന് കോടികളുടെ അധിപനാണ്. കുറഞ്ഞ കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് തോമസ് ഉണ്ടാക്കിയെന്നു കരുതപ്പെടുന്ന ഏറ്റവും കുറഞ്ഞ തുക 25 കോടിയാണ്.

സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഇതേപ്പറ്റി അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X