കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി ജപ്പാനില്‍, ആഘോഷം മലപ്പുറത്ത്

  • By Staff
Google Oneindia Malayalam News

മലപ്പുറം : 2002 ജൂണ്‍ 12 ബുധനാഴ്ച. ഉച്ച സമയം. മലപ്പുറം അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പുകയായിരുന്നു. പലര്‍ക്കും ഊണ് വേണ്ട. ചിലര്‍ നാടുവിട്ടു. മറ്റു ചിലര്‍ക്ക് പുറത്തിറങ്ങാന്‍ നാണക്കേട്. ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായതില്‍ ഒരുപക്ഷേ അര്‍ജന്റീനക്കാര്‍ പോലും ഇത്രയും വേദനിച്ചിട്ടുണ്ടാകില്ല.

മലപ്പുറംകാരുടെ ഞരമ്പില്‍ അലിഞ്ഞു ചേര്‍ന്നതാണ് ഫുട്ബാള്‍ വികാരം. കാല്‍പന്തു കളിയുടെ ആവേശത്തെ ഇതുപോലെ ഹൃദയമിടിപ്പിന്റെ ഭാഗമായി ചേര്‍ത്തു വയ്ക്കുന്ന മറ്റൊരു സമൂഹം വേറെ എവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ഒരു വേള ലോകകപ്പ് നടക്കുന്നത് ഇവിടെയാണെന്ന് ആരെങ്കിലും സംശയിച്ചാലും അല്‍ഭുതമില്ല.

ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ഇംഗ്ലണ്ടിന്റെയും പതാകകള്‍ പാറിക്കളിക്കുന്ന തെരുവുകള്‍. അതിരാവിലെ ചൂടു ചായ മൊത്തിക്കുടിക്കാന്‍ കടയിലെത്തുന്ന 60 കാരന്‍ പോലും ആദ്യം പറയുന്നത് ബാറ്റിസ്റ്യൂട്ടയുടെയും റൊണാള്‍ഡോയുടെയും കാര്‍ലോസ് ഗമ്മാരയുടെയും വിശേഷങ്ങള്‍. അതെ. മലപ്പുറമാണ് ഈ കാല്‍പന്ത് മാമാങ്കം ആഘോഷിയ്ക്കുന്നത്. ജപ്പാനെയും കൊറിയെയും ബ്രസീലിനെയും കടത്തി വെട്ടി.

അര്‍ജന്റീനയെ സ്വീഡന്‍ സമനിലയില്‍ തളച്ചപ്പോള്‍ സമനില തെറ്റിപ്പോയത് മലപ്പുറത്തെ ആരാധകര്‍ക്കാണ്. ചിലര്‍ക്ക് പണം നഷ്ടപ്പെട്ടു. താടിയും മുടിയും മീശയും പോയവര്‍ വേറെ. ജില്ലയില്‍ ഏറ്റവുമധികം ആരാധകരുളളത് അര്‍ജന്റീനയ്ക്കാണ്. ഗബ്രിയേല്‍ ബാറ്റിസ്റ്യൂട്ട അവരുടെ കുടുംബത്തിലെ ഒരാളും.

പഴമക്കാര്‍ നവതാരങ്ങളെ പെലെയുമായും ബെക്കന്‍ബോവറുമായും താരതമ്യം ചെയ്യുന്നു. പഴയ ഫുട്ബാള്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആകാംക്ഷയോടെ യുവതലമുറയും. റേഡിയോയിലെ ഫുട്ബാള്‍ കമന്ററി ആവേശത്തോടെ കേട്ടിരുന്ന കാലം ഗൃഹാതുരമായി ഓര്‍മ്മിക്കുന്നവര്‍ ടെന്‍ സ്പോര്‍ട്ട്സ് ചാനലിലെ കമന്റേര്‍മാരെക്കാളും നന്നായി കളി വിശകലനം ചെയ്യുന്നുണ്ടോ എന്നും സംശയിക്കാം.

പൊതുസ്ഥലത്തെ ടിവിയില്‍ ഒത്തു ചേര്‍ന്നിരുന്ന് ഫുട്ബാള്‍ ആസ്വദിക്കുന്ന നാട്ടുക്കൂട്ടങ്ങള്‍ മലപ്പുറത്ത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. തര്‍ക്കവും വാഗ്വാദവുമായി അടിച്ചു പൊളിക്കുന്ന ആരാധക സംഘങ്ങള്‍. ചായക്കടകള്‍, കടകള്‍, ചന്തകള്‍ എന്നിവിടങ്ങളിലെല്ലാം ടിവിയും കേബിളും സജ്ജീകരിച്ചിട്ടുണ്ട്.

ഫുട്ബാള്‍ വിശകലനവും ഓരോ കളിക്കാരുടെയും മികവും പരിമിതിയുമൊക്കെ ആവേശത്തോടെ സംസാരിക്കുന്നത് വിദ്യാഭ്യാസവും തൊഴിലുമില്ലാത്ത ചെറുപ്പക്കാരാണ്. മഹാനഗരങ്ങളില്‍ പോലും ഇങ്ങനെയൊരു കളിനടക്കുന്നത് അറിയാത്തവരുളളപ്പോള്‍ കുഗ്രാമങ്ങളിലെ നിരക്ഷര സമൂഹം ലോകകപ്പ് തെരുവില്‍ വിശദീകരിക്കും.

ആളെ കണ്ടാല്‍ തന്നെ ഏതു ടീമിന്റെ ആരാധകനാണെന്ന് തിരിച്ചറിയാമെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാ പ്രമുഖ ടീമുകളുടെയും കുപ്പായങ്ങള്‍ കടകളില്‍ സുലഭമാണ്. ഇഷ്ടടീമിന്റെ കുപ്പായവുമണിഞ്ഞാണ് ആരാധകര്‍ തെരുവിലെത്തുന്നത്. തല മൊട്ടയടിച്ച് സ്വന്തം ടീമിന്റെ പേരും കൊത്തി നടക്കുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട് ജില്ലയില്‍. ഫുട്ബാള്‍ ആകൃതിയിലെ ഹെയര്‍സ്റൈലാണ് മലപ്പുറത്തെ ഏറ്റവും പുതിയ ഫാഷന്‍.

സെവന്‍സ് ഫുട്ബാളിന്റെ കേന്ദ്രമായിരുന്നു മലപ്പുറം. എന്നാല്‍ പുതിയ തലമുറയ്ക്ക് ടിവിയില്‍ കളികാണുന്നതിനാണ് കൂടുതല്‍ ഭ്രമം എന്ന് പഴമക്കാര്‍ പരാതി പറയുന്നു. ഇപ്പോഴത്തെ യുവാക്കള്‍ക്ക് കളിക്കാന്‍ വലിയ താല്‍പര്യമില്ലത്രേ!

കളി കളിച്ച് ആസ്വദിക്കുന്ന തലമുറ അന്യം നിന്നു പോയതില്‍ ഗള്‍ഫ് സ്വാധീനവുമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കളിക്കാര്‍ പലരും ഉപജീവനം തേടി ഗള്‍ഫില്‍ ചേക്കേറി. പുതിയ തലമുറയില്‍ അവര്‍ക്ക് സ്വാധീനമില്ലാതായതോടെ പതിയെ കളിക്കുന്ന ഫുട്ബാള്‍ ഭ്രാന്തന്‍മാര്‍ ജില്ലിയില്‍ കുറഞ്ഞു.

വയലുകള്‍ വ്യാപകമായി നികത്തുന്നതും ഫുട്ബാള്‍ കളി അന്യം നിന്നതിന് കാരണമാണ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളാണ് ഫുട്ബാള്‍ മൈതാനങ്ങളായി രൂപം മാറിയിരുന്നത്. പാടങ്ങള്‍ അപ്രത്യക്ഷമായതോടെ കളിയും കാണാമറയത്തായി.

ഇഷ്ടകളിക്കാരുടെ പടുകൂറ്റന്‍ കട്ടൗട്ടുകളും പാറിക്കളിക്കുന്ന കൊടിതോരണങ്ങളും കുപ്പായങ്ങളും തര്‍ക്കങ്ങളും വാഗ്വാദങ്ങളും പന്തയങ്ങളും ആഘോഷത്തോടെയുളള ടിവി കാണലുമായി മലപ്പുറം ലോകകപ്പ് കൊണ്ടാടുകയാണ്. ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ജേതാവിനെ തീരുമാനിക്കാന്‍ നാളുകള്‍ മാത്രം ബാക്കി.

മലപ്പുറത്തെ ആഘോഷങ്ങള്‍ മൂര്‍ദ്ധന്യത്തിലാവുകയാണ്. ഇംഗ്ലണ്ടും ബ്രസീലും ജര്‍മ്മനിയുമാണ് ഇനി അവശേഷിക്കുന്ന പ്രധാനികള്‍. ആഫ്രിക്കയുടെ കരുത്തുമായി ചീറിയടുക്കുന്ന സെനഗലും ചുരുങ്ങിയ സമയത്തിനുളളില്‍ ആരാധകരെ നേടിക്കഴിഞ്ഞു. കലാശപ്പോരാട്ടത്തിന്റെ ആവേശം നെഞ്ചിലേറ്റു വാങ്ങാന്‍ കാത്തിരിക്കുകയാണ് മലപ്പുറത്തെ ഗ്രാമീണര്‍. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ഫുട്ബാള്‍ മാത്രം കാണുന്ന മലപ്പുറത്തെ കളിപ്രേമികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X