കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ചാരിയുടെ ഉളളംകവരുന്ന തെന്മലക്കാടുകള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : തെന്മല ഇക്കാ ടൂറിസം പദ്ധതി സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകുന്നു. കഴിഞ്ഞ വര്‍ഷം തെന്മല സന്ദര്‍ശിച്ച സഞ്ചാരികളുടെ എണ്ണം 40,000 ആണ്. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെയുളള വിനോദ സഞ്ചാര സാദ്ധ്യതകള്‍ പരീക്ഷിക്കുന്നതിന് തെന്മല പദ്ധതിയുടെ വിജയം സര്‍ക്കാരിന് പ്രചോദനമാകും.

പ്രകൃതിയുടെ മോഹന സൗന്ദര്യവും സാഹസികതയും ഉല്ലാസവും ഒത്തു ചേരുന്ന അപൂര്‍വാനുഭവമാണ് തെന്മല നല്‍കുന്നത്. തലസ്ഥാനത്തു നിന്നും 72 കിലോ മീറ്റര്‍ അകലെയാണ് ഈ വനഭൂമി.

ആദ്യ വര്‍ഷം തന്നെ ഇത്രയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിലുളള സന്തോഷം ഇക്കോ ടൂറിസം ഡയറക്ടര്‍ കെ. ജി. മോഹന്‍ലാല്‍ മറച്ചു വയ്ക്കുന്നില്ല. ഇത് പ്രോത്സാഹനജനകമായ ഒരു തുടക്കമാണ്- അദ്ദേഹം പറയുന്നു.

കേരള- തമിഴ്നാട് അതിര്‍ത്തിയിലുളള തെന്മലക്കാടുകളിലെ ഇക്കോ ടൂറിസം പദ്ധതിയുടെ ആകെ ചെലവ് ഏഴു കോടി രൂപയാണ്. തെന്മലയില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെയുളള തേക്കടിയുടെ പ്രൗഢിയെ വെല്ലാന്‍ ഈ പദ്ധതിയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരം - ചെങ്കോട്ട റൂട്ടിലാണ് തെന്മല. അണക്കെട്ടിന്റെ പേരിലാണ് ഈ പ്രദേശം പ്രസിദ്ധിയാര്‍ജിച്ചത്. കൊല്ലത്തു നിന്നും മധുര ട്രെയിന്‍ വഴിയും തെന്മലയിലെത്താം.

30 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി. മലകയറ്റം, ബോട്ട് യാത്ര, വനഭംഗിയുടെ അപൂര്‍വക്കാഴ്ചകള്‍ എന്നിവയൊക്കെ സഞ്ചാരികള്‍ക്ക് തെന്മല വാഗ്ദാനം ചെയ്യുന്നു.

മല മുകളില്‍ നിന്നുളള തെന്മല അണക്കെട്ടിന്റെ കാഴ്ച അത്യപൂര്‍വമായ ഒരു ദൃശ്യവിരുന്നാണ്. തിങ്ങി നിറഞ്ഞ കാടുകള്‍ക്കിടയില്‍ വശ്യമോഹനമായ ജലാശയം. ഹോണ്‍ബില്‍ പോലെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പക്ഷികള്‍. രണ്ടു കോടിയോളം ചെലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന ജലധാര, ഇവയൊക്കെയാണ് തെന്മലയുടെ ആകര്‍ഷണീയതകള്‍.

മാനുകള്‍ക്കായി ആറേക്കര്‍ വിസ്തൃതിയില്‍ ഒരു പാര്‍ക്കൊരുക്കാനും ശ്രമം നടക്കുന്നുണ്ട്. പുളളിമാനുകളും കലമാനുകളും ഇപ്പോള്‍ തന്നെ ഇവിടെയുണ്ട്.

വൈദ്യുതി, വനം, ടൂറിസം വകുപ്പുകളുടെ ഏകോപിച്ചുളള പ്രവര്‍ത്തനമാണ് തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ വിജയത്തിന് കാരണമായത്. പ്രകൃതി സ്നേഹികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുളള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയാണെന്ന് കെ. ജി. മോഹന്‍ലാല്‍ പറയുന്നു.

ഇന്റര്‍നെറ്റ് മുതലായ ആധുനിക വാര്‍ത്താ വിതരണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്കിടയില്‍ ഈ പദ്ധതിയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ബാങ്ക് ജീവനക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍ എന്നിവരെയാണ് പ്രധാനമായും നോട്ടമിടുന്നത്- അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഇക്കോ ടൂറിസം സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ രണ്ടു കോടി ചെലവിട്ട് ഒരു ഇക്കോ ടൂറിസം പദ്ധതി വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണനയിലുണ്ട്. ആനപ്പുറത്തുളള കാട് സന്ദര്‍ശനമാണ് ഈ പദ്ധതിയുടെ പ്രത്യേകത.

ശബരിമലയും തെന്മലയും തമ്മില്‍ ബന്ധിപ്പിച്ച് പ്രകൃതി തീര്‍ത്ഥാടനത്തിന്റെ സാധ്യതകളും ആലോച്ചു വരികയാണെന്ന് അടുര്‍ എം. എല്‍. എ. അടൂര്‍ പ്രകാശ് പറയുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഭക്തിയും വിനോദവും സമ്മേളിക്കുന്ന അനന്യമായ ഒരു സഞ്ചാരാനുഭവമാകും അത് പ്രദാനം ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X