മൂന്നു പേരെ പുറത്താക്കി : വ്യാപാരി സംഘടന പിളര്‍പ്പിലേയ്ക്ക്
കോഴിക്കോട് : മൂന്നു പേരെ സസ്പെന്‍ഡ് ചെയ്യാനുളള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നാസറുദ്ദീന്റെ തീരുമാനം സംഘടനയിലെ ഭിന്നത രൂക്ഷമാക്കുന്നു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങാമല രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി വൈ. വിജയന്‍, ജില്ലാ സെക്രട്ടറി ബി. ജോഷി ബസു എന്നിവരെയാണ് ആറു മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്.
സംഘടനയുടെ ഭരണഘടനയനുസരിച്ചല്ല സസ്പെന്‍ഷന്‍ എന്ന് പുറത്താക്കപ്പെട്ടവര്‍ ആരോപിയ്ക്കുന്നു. ഭാരവാഹികളെ ആറുമാസത്തേയ്ക്ക് സസ്പെന്‍ഡു ചെയ്യാനുളള സംസ്ഥാന പ്രസിഡന്റിന്റെ വിവേചനാധികാരം അനവസരത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഒരു വിഭാഗം ആരോപിയ്ക്കുന്നു.
ഗുജറാത്ത് ഫണ്ട് യഥാസമയം സംസ്ഥാനകമ്മിറ്റിയെ ഏല്‍പ്പിച്ചില്ല എന്ന കാരണം പറഞ്ഞാണ് മൂന്ന് അംഗങ്ങളെ സസ്പെന്‍ഡു ചെയ്തത്. എന്നാല്‍ നാസറുദ്ദീന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതു മുതല്‍ സംഘടനയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിന്റെ പരിണാമമാണ് ഈ പുറത്താക്കല്‍.
പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിലുളള തര്‍ക്കം രൂക്ഷമായത്. ഇതേത്തുടര്‍ന്ന് സംഘടനയുടെ ഔദ്യോഗിക കാര്യങ്ങള്‍ വിശദീകരിക്കാനുളള വക്താവായി ജനറല്‍ സെക്രട്ടറി കെ. ഹസന്‍കോയയെ തൃശൂരില്‍ ചേര്‍ന്ന സമിതിയോഗം ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പോലും അറിയാതെയാണ് ജില്ലാ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തത്. ഭരണഘടനയനുസരിച്ച് സസ്പെന്‍ഡു ചെയ്യപ്പെടുന്നവരോട് വിശദീകരണം ചോദിക്കേണ്ടതുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റാണ് അത് ചെയ്യേണ്ടത്. സെക്രട്ടേറിയേറ്റ് അംഗങ്ങളെയും സസ്പെന്‍ഷന്‍ വിവരം അറിയിച്ചിട്ടില്ല.