മുകേഷിന് ഫിലിം ചേംബര്‍ നോട്ടീസയച്ചു
കൊച്ചി: രണ്ട് ലക്ഷം രൂപ അധികം പ്രതിഫലം ചോദിച്ചെന്ന് നിര്‍മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിലിം ചേംബര്‍ നടന്‍ മുകേഷിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
കണ്‍മണി എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ശശിധരന്‍പിള്ളയാണ് മുകേഷിനെതിരെ ഫിലിം ചേംബറില്‍ പരാതി നല്‍കിയത്. നേരത്തെ തീരുമാനിച്ചിരുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമെ രണ്ട് ലക്ഷം കൂടി പ്രതിഫലമായി നല്‍കണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നാണ് ശശിധരന്‍പിള്ളയുടെ പരാതി.
അമ്മയും ഫിലിം ചേംബറും തമ്മിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായാണ് മുകേഷ് പ്രതിഫലം കൂടുതല്‍ ചോദിച്ചതെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. പ്രമുഖ താരങ്ങള്‍ പ്രതിഫലം 25 ശതമാനം മുതല്‍ 30 ശതമാനം വരെ കുറക്കുമെന്ന് ഫിലിം ചേംബറും അമ്മയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.
മുകേഷ് അവസാനം അഭിനയിച്ച പകല്‍പ്പൂരം എന്ന ചിത്രത്തിന് നാല് ലക്ഷം രൂപയാണ് മുകേഷ് പ്രതിഫലം വാങ്ങിയതെന്നും ഇതേ പ്രതിഫലം തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് നല്‍കാമെന്നാണ് മുകേഷുമായുണ്ടാക്കിയ ധാരണയെന്നും ശശിധരന്‍പിള്ള പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചതിന് ശേഷം രണ്ട് ലക്ഷം രൂപ കൂടി പ്രതിഫലം വേണമെന്ന് മുകേഷ് ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ തയ്യാറാല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് മുകേഷ് ചിത്രത്തില്‍ നിന്ന് പിന്മാറി.
അതേ സമയം ചിത്രത്തിന് വിതരണക്കാരന്‍ ഇല്ലാത്തത് മൂലമാണ് താന്‍ പിന്മാറിയതെന്നാണ് മുകേഷ് പറയുന്നത്. എന്നാല്‍ ചിത്രത്തിന് വിതരണക്കാരനെ കണ്ടെത്തേണ്ടത് നിര്‍മാതാവാണെന്നും നടന്‍ വിതരണക്കാരനെ കുറിച്ച് അന്വേഷിക്കുന്ന പതിവില്ലെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മുകേഷും നിര്‍മാതാവും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് തനിക്കൊന്നുമിറിയില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. മുകേഷിന്റെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും മുകേഷും നിര്‍മാതാക്കളും തമ്മില്‍ പ്രശ്നം സംസാരിച്ചുതീര്‍ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അമ്മയും ഫിലിം ചേംബറും തമ്മിലുള്ള ധാരണകള്‍ ലംഘിക്കപ്പെടുന്നുവെന്ന പരാതി നിര്‍മാതാക്കളുടെ ഭാഗത്തു നിന്ന് വ്യാപകമായിട്ടുണ്ട്. സിനിമാ താരങ്ങള്‍ ടി വി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ധാരണയെ ലംഘിച്ചുകൊണ്ടാണ് കൈരളി ടിവിയില്‍ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടി ശ്രീനിവാസന്‍ അവതരിപ്പിക്കുന്നതെന്ന് ചില നിര്‍മാതാക്കള്‍ക്ക് പരാതിയുണ്ട്.