കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്റെ നിയമം ആയുര്‍വേദത്തിന് ദോഷമാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ആയൂര്‍വേദത്തെ ചികിത്സാ മാര്‍ഗമായി അംഗീകരിക്കാനുളള ബ്രിട്ടീഷ് തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു.

ആയൂര്‍വേദ ഔഷധങ്ങളുടെ ചേരുവകളും മറ്റ് ശാസ്ത്രീയ വിവരങ്ങളും ഇനി മുതല്‍ ഔഷധക്കയറ്റുമതിയില്‍ ആവശ്യമായി വരും. വിശ്വാസ യോഗ്യമായ ഗവേഷണങ്ങളൊന്നും ഈ മേഖലയില്‍ ഇതു വരെ നടക്കാത്തത് ആയൂര്‍വേദ ഔഷധക്കയറ്റുമതിയെ ദോഷകരമായി ബാധിയ്ക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആയൂര്‍വേദ ഔഷധക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂലായ് 31 ആണ്. ബ്രിട്ടീഷ് അധികാരികള്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൈവശമില്ലാത്തത് ഇന്ത്യയുടെ കയറ്റുമതി വിഭവങ്ങളില്‍ 95 ശതമാനത്തെയും പ്രതികൂലമായി ബാധിയ്ക്കും. അതായത് ഇപ്പോഴുളള ആയൂര്‍വേദ മരുന്നുകളില്‍ 95 ശതമാനത്തിനും ഇനി കയറ്റുമതിയ്ക്ക് അനുമതി കിട്ടില്ല.

ബ്രിട്ടണില്‍ ഫലത്തില്‍ ആയൂര്‍വേദ മരുന്നുകളുടെ നിരോധനമാണ് വരാന്‍ പോകുന്നത്. യുറോപ്പിലെ മറ്റു രാജ്യങ്ങളും ബ്രിട്ടന്റെ പാത പിന്തുടരും. അമേരിക്കയും ഈ നിലപാട് തന്നെ സ്വീകരിക്കാനാണ് സാധ്യത. ഭാവിയില്‍ ആയൂര്‍വേദ മരുന്നുകളുടെ കയറ്റുമതി നാമമാത്രമായി ചുരുങ്ങുമെന്നാണ് സൂചന.

പ്രതിവര്‍ഷം 350 കോടിയുടെ ഔഷധക്കയറ്റുമതിയാണ് രാജ്യത്ത് നടക്കുന്നത്. ഈ വര്‍ഷം ഇത് 3,000 കോടിയായി കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ബ്രിട്ടന്റെ നീക്കം തിരിച്ചടിയായത്.

ഔഷധങ്ങളായല്ല ഇപ്പോള്‍ ആയൂര്‍വേദ ഉല്‍പന്നങ്ങള്‍ വിദേശത്ത് ഉപയോഗിക്കുന്നത്. ആഹാര പദാര്‍ത്ഥങ്ങളായും ആരോഗ്യ പാനീയങ്ങളായുമൊക്കെയാണ് ആയൂര്‍വേദ മരുന്നുകള്‍ വിദേശങ്ങളില്‍ വിപണനം നടത്തുന്നത്. ഇത് ഒരു ചികിത്സാ വിധിയായി അംഗീകരിച്ചതോടെ മറ്റു മരുന്നുകള്‍ക്ക് വേണ്ട എല്ലാ ഗുണനിലവാരവും ശാസ്ത്രീയ പിന്‍ബലവും ഈ മേഖലയ്ക്കും വേണമെന്നാണ് ബ്രിട്ടന്റെ നിലപാട്.

പാരമ്പര്യ ചികിത്സാ രീതികളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഈയിടെ ബ്രിട്ടണില്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു. ഇതിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുളള ബാധ്യത ആയൂര്‍വേദ ഔഷധങ്ങള്‍ക്കുമുണ്ട്. വ്യാജന്മാര്‍ വ്യാപകമായത് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് വേഗം കൂട്ടി. ആയൂര്‍വേദവും പാരമ്പര്യ ചൈനീസ് ചികിത്സാ വിധിയുമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത്.

എന്നാല്‍ പുതിയ നിയമം ചൈനയെ ബാധിക്കാനിടയില്ല. ഔഷധങ്ങളുടെ ചേരുവ സംബന്ധിച്ച ശാസ്ത്രീയ രേഖകള്‍ ചൈനയിലെ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ശേഖരിച്ചിട്ടുണ്ട്. ഇത് ബ്രിട്ടീഷ് ഭരണകൂടത്തെ ബോധ്യപ്പെടുത്താനും അംഗീകൃത ഔഷധപ്പട്ടികയില്‍ ചൈനീസ് മരുന്നുകളെ ഉള്‍പ്പെടുത്താനും ചൈനയ്ക്ക് കഴിഞ്ഞു.

എന്നാല്‍ ഈ വഴിയ്ക്കുളള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിനോ നാട്ടു മരുന്നുകളുടെ ശാസ്ത്രീയത തെളിയിക്കുന്നതിനോ ഇന്ത്യയിലെ സര്‍ക്കാരുകള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ മിക്ക ഔഷധങ്ങളുടെയും ശാസ്ത്രീയ അടിത്തറ തെളിയിക്കാന്‍ വിഷമമാണ്. ആയൂര്‍വേദ മരുന്നുകളുടെ കയറ്റുമതിയ്ക്ക് തിരിച്ചടിയാവുന്നതും ഈ നിഷ്ക്രിയതയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X