ശോഭന ബോധം കെട്ടുവീണു
തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ അറസ്റ് ചെയ്തശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ ശോഭനാ ജോര്‍ജ്ജ് എംഎല്‍എ ബോധം കെട്ടുവീണു. കോടതി വരാന്തയിലാണ് ശോഭന കുഴഞ്ഞുവീണത്.
ശോഭനയെ ഡോക്ടര്‍മാര്‍ പരിശോധിയ്ക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ശോഭനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40ഓടെയാണ് ശോഭനയെ ആക്കുളത്തെ വീട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് എസ് പി നടരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ് ചെയ്തത്. പിന്നീട് അല്പനേരത്തെ ചോദ്യം ചെയ്യലിന് ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് കോടതി വരാന്തയില്‍ ബോധം കെട്ട് വീണത്.
വ്യാജരേഖാക്കേസില്‍ മൂന്നാം പ്രതിയാണ് ശോഭന. ഇതോടെ വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തവരുടെ എണ്ണം മൂന്നായി. നേരത്തെ കേസില്‍ ഒന്നാം പ്രതിയായ സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍, രണ്ടാം പ്രതിയും ശോഭനയുടെ പിഎയുമായ അനില്‍ പി. ശ്രീരംഗം എന്നിവരെ അറസ്റ് ചെയ്തിരുന്നു.
അടുത്ത ദിവസങ്ങളില്‍ വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കോഴിക്കോടും കൊച്ചിയിലുമുള്ള രണ്ട് വ്യവസായികളും ഈ കേസില്‍ ഉടന്‍ അറസ്റിലാകുമെന്ന് സൂചനയുണ്ട്. കേസില്‍ നാലാംപ്രതിയായ തനിനിറം മുന്‍ ലേഖകന്‍ ജയചന്ദ്രന്‍ ഒളിവിലാണ്.












Click it and Unblock the Notifications