ശോഭനയെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായ ശോഭനാ ജോര്‍ജ് എംഎല്‍ എയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
നവംബര്‍ 26 ചൊവാഴ്ച രാവിലെ പത്തരയ്ക്ക് മുട്ടടയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ശോഭനാ ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയതിന് ശേഷമാണ് ശോഭനയെ ആക്കുളത്തെ വീട്ടില്‍ കൊണ്ടുപോയി ചോദ്യം ചെയ്തത്. ശോഭനയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. രാവിലെ 11.30 ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ടുമണി വരെ തുടര്‍ന്നു. ശോഭനയെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വെളിപ്പെടുത്താതിരുന്നതിനാല്‍ രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.
വ്യാജരേഖക്കേസില്‍ നാലാം പ്രതി ജയചന്ദ്രന്റെ വെളിവെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് ശോഭനയെ വീണ്ടും ചോദ്യം ചെയ്തത്. മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖ താനും ശോഭനയും ശോഭനയുടെ പി എ അനില്‍ പി. ശ്രീരംഗവും ചേര്‍ന്നാണ് ഉണ്ടാക്കിയതെന്ന് ജയചന്ദ്രന്‍ വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വ്യാജരേഖക്കേസില്‍ ഇതിന് മുമ്പ് രണ്ടു തവണ ശോഭനയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്.