കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി കെ ആര്‍ ഗൗരി വ്യാഴാഴ്ചയും ഓഫീസിലെത്തിയില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയോടും ചില മന്ത്രിമാരോടും ഇടഞ്ഞുനില്‍ക്കുന്ന കൃഷിമന്ത്രി കെ. ആര്‍. ഗൗരി ഡിസംബര്‍ അഞ്ച് വ്യാഴാഴ്ചയും ഓഫീസിലെത്തിയില്ല. മന്ത്രിസഭാ യോഗത്തില്‍ സ്വീകരിച്ച പ്രതികൂല നിലപാട് തുടരുകയാണ് മന്ത്രി കെ ആര്‍ ഗൗരി.

കാല്‍മുട്ടിന് വേദനയുള്ളതിനാലാണ് ഓഫീസിലെത്താത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയോടും മറ്റ് ചില മന്ത്രിമാരോടും തനിക്കുള്ള എതിര്‍പ്പ് ഗൗരി ഓഫീസിലെത്താത്തതിലൂടെ പ്രകടിപ്പിക്കുകയാണെന്നാണ് കരുതുന്നത്.

ബുധനാഴ്ച വൈകുന്നേരം നടന്ന ജെ എസ് എസ് മാര്‍ച്ച് പൊലീസ് തടഞ്ഞത് യു ഡി എഫിലെ ഉള്‍പ്പോര് ഒന്നുകൂടി രൂക്ഷമാക്കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജെ എസ് എസ് എം എല്‍ എമാര്‍ പരസ്യമായി മുന്നോട്ടുവന്നുകഴിഞ്ഞു.

യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച ഗൗരിയെ കാണും. ബുധനാഴ്ച മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഗൗരിയെ കണ്ടിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പ് കുഞ്ഞാലിക്കുട്ടി ഗൗരിയ്ക്ക് നല്‍കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗൗരി ഉമ്മന്‍ചാണ്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി ഗൗരിയെ സന്ദര്‍ശിക്കുന്നത്.

ഗൗരിയോട് പെരുമാറിയത് ശരിയായില്ലെന്ന പ്രസ്താവനയുമായി കെ. കരുണാകരന്‍ മുന്നോട്ടുവന്നതോടെ യുഡിഫിലെ ഉള്‍പ്പോര് ഒന്നുകൂടി കനത്തിട്ടുണ്ട്. ആന്റണിയെ തല്ലാനുള്ള വടിയായി ഗൗരിയുടെ മുഖ്യമന്ത്രിയോടുള്ള രോഷത്തെ ഉപയോഗിക്കുകയാണ് കരുണാകരന്‍.

ഘടക കക്ഷിയായ ജെ എസ് എസിനും അതിന്റെ നേതാവ് കെ ആര്‍ ഗൗരിയ്ക്കും മുമ്പും കെ കരുണാകരനോട് തന്നെയാണ് കൂടുതല്‍ അടുപ്പം. ആ അടുപ്പം കൂടാന്‍ ഈ സംഭവം കാരണമാവുകയാണ്. ഗൗരിയെ ഇടഞ്ഞ് നിറുത്തുന്നതില്‍ കരുണാകരനും പങ്കില്ലെന്ന് കരുതാനാവില്ല. അനുരഞ്ജനത്തിനുള്ള ആദ്യ സന്ദേശവുമായി എത്തിയ കുഞ്ഞാലിക്കുട്ടിയോടും അത്ര ലോഹ്യത്തിലല്ല ഗൗരി പെരുമാറിയത്. യു ഡി എഫിന് വേണ്ടി തന്നെ കാണാന്‍ കുഞ്ഞാലിക്കുട്ടി ആരാണെന്ന ഭാവത്തിലായിരുന്നു ഗൗരിയുടെ പെരുമാറ്റം. ഉമ്മന്‍ചാണ്ടിയോടുംമയമായി ഗൗരി പെരുമാറുമെന്ന് കരുതണ്ട. പൊതുവേ എല്ലാപേരോടും ഈര്‍ഷ്യയോടെ സംസാരിയ്ക്കുന്നതാണ് ഗൗരിയുടെ സ്വതസ്വഭാവം.

രാജിഭീഷണിയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ഗൗരി. കുഞ്ഞാലിക്കുട്ടിയോടും ഗൗരി രാജിഭീഷണി ആവര്‍ത്തിച്ചിരുന്നു. മാത്രമല്ല അടുത്ത ഐക്യ ജനാധിപത്യമുന്നണി യോഗത്തിലും ഗൗരി മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉന്നയിയ്ക്കുമെന്ന നിലപാടിലാണ്.

ഇടഞ്ഞു നില്‍ക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പുറമേ മറ്റൊരു കക്ഷിയെക്കൂടി കരുണാകരന് കിട്ടുകയാണെന്ന് വേണം കരുതാന്‍. കരുണാകരന്റെ സ്ഥിരമായ ആരോപണം തന്നെ ജെ എസ് എസിനും ഉന്നയിയ്ക്കാനുള്ള സൗകര്യം ആന്റണി സര്‍ക്കാര്‍ ഉണ്ടാക്കികൊടുത്തിരിയ്ക്കുന്നു. പൊലീസ് നയം ശരിയല്ലെന്നതാണിത്. ആന്റണിയുടെ പൊലീസ് സേന ഡിസംബര്‍ നാല് ബുധനാഴ്ച ജെ എസ് എസ് മാര്‍ച്ച് തടഞ്ഞത് ഗൗരിയ്ക്ക് കൂടുതല്‍ അനുകൂലമായ അന്തരീക്ഷമാണ് ഉണ്ടാക്കിക്കൊടുത്തിരിയ്ക്കുന്നത്. തന്റെ വകുപ്പില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇടപെടുന്നെന്ന ആരോപണത്തിന് പുറമേ ഇതും ഗൗരി ഇനി ഉന്നയിയ്ക്കും.

ഉമ്മന്‍ചാണ്ടിയുടെ ഗൗരി സന്ദര്‍ശനത്തിന്റെ ഫലം എന്താണെന്ന് കാത്തിരുന്ന് കാണാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X