കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് യോഗങ്ങള്‍ പൊടിപൊടിയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

കോണ്‍ഗ്രസില്‍ അസ്വസ്ഥത കൂടുന്നതനുസരിച്ച് ഗ്രൂപ്പ് യോഗങ്ങള്‍ തകൃതിയായി നടക്കുകയാണ്. ആദ്യം തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് യോഗങ്ങള്‍ തുടങ്ങിയതെങ്കില്‍ ഇപ്പോള്‍ അത് കേരളം എങ്ങും വ്യാപിച്ചിരിയ്ക്കുകയാണ്.

പരസ്യ പ്രസ്താവന വേണ്ടെന്ന് ഹൈകമാണ്ട് പറഞ്ഞത് ഗ്രൂപ്പ് യോഗത്തിന് ഒന്ന് ആക്കം കൂട്ടിയോ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

എ, ഐ വന്‍ ഗ്രൂപ്പുകളും ഇവയ്ക്കുള്ളിലെ കുറുമുന്നണികളും ഇവയില്‍ നേരിട്ടില്ലാത്ത മറ്റ് ഗ്രൂപ്പുകളും ഒക്കെ രഹസ്യവും പരസ്യവുമായി യോഗം ചേരുകയാണ്. ഇതിന് പുറമേ എ ഗ്രൂപ്പ് കരുണാകര വിരുദ്ധ ചിന്താഗതിക്കാരെ എല്ലാം ചേര്‍ത്ത് വിശാല യോഗങ്ങള്‍ ചേരുന്നു.

ഇതുവരെ ആരും തിരിഞ്ഞുനോക്കാനില്ലാതെ, എ ഗ്രൂപ്പ്കാര്‍ കണ്ടാല്‍ കുഷ്ഠരോഗിയെ കണക്കേ പെരുമാറിയിരുന്ന മുന്‍ കേന്ദ്രമന്ത്രി കെ. പി. ഉണ്ണക്കൃഷ്ണനെ വരെ ഗ്രൂപ്പ് യോഗങ്ങളിലേയ്ക്ക് എഴുന്നള്ളിയ്ക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷമായി മിണ്ടാട്ടമില്ലാതെ ഇരിയ്ക്കുകയായിരുന്നു ഉണ്ണിക്കൃഷ്ണന്‍. വാര്‍ത്താ ലേഖകര്‍ ഒന്നും അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നുണ്ടായിരുന്നില്ല. തനിയ്ക്ക് രാഷ്ട്രീയ പ്രസക്തി ഇല്ലെന്ന് കരുതിയതുകൊണ്ടാവാം അദ്ദേഹം വാര്‍ത്താ സമ്മേളനവും വിളിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ കെ. പി. ഉണ്ണിക്കൃഷ്ണനും അവസരം കിട്ടിയിരിയ്ക്കുന്നു. അദ്ദേഹം ഗുരുവായൂരില്‍ പറഞ്ഞത് കേട്ടില്ലേ - കരുണാകന്റെ മുന്നില്‍ ശയന പ്രദിക്ഷണം നടത്തുന്നവര്‍ക്ക് മാത്രമേ ഐ ഗ്രൂപ്പില്‍ രക്ഷയുള്ളൂ - എന്ന്.

ഐ വിഭാഗവും ആര്‍ക്കും വേണ്ടാതെ ആരെങ്കിലും ഉണ്ടെങ്കില്‍ തങ്ങളോടൊപ്പം കൂട്ടാമെന്ന് കാത്തിരിയ്ക്കുകയാണ്. പ്രബലമായ പേരുകള്‍ ഒന്നും ഇതുവരേയും അവര്‍ക്ക് കിട്ടിയിട്ടില്ല. എങ്കിലും ശ്രമം തുടരുകയാണ്.

ഐ ഗ്രൂപ്പുകാര്‍ക്ക് കരുണാകരന്റെ വീട് തന്നെയാണ് പ്രധാന യോഗ വേദി. എന്നാല്‍ എ ഗ്രൂപ്പിന് പല വേദികളാണ്. അത് തലേക്കുന്നില്‍ ബഷീറിന്റെ വീടാകാം. ഉമ്മന്‍ ചാണ്ടി എം എല്‍ എ യുടെ ക്വാര്‍ട്ടേഴ്സിലെ മുറിയോ ജഗതിയിലുള്ള വീടോ ആകാം. അല്ലെങ്കില്‍ മന്ത്രി എം. എം. ഹസന്റെ വീടാകാം. എവിടെയും നടക്കാം എ ഗ്രൂപ്പ് യോഗം. ഈ വഴി തന്നെ ഐ ഗ്രൂപ്പും സ്വീകരിയ്ക്കുന്നോ എന്ന് സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു.

ഇതില്‍ ഏറ്റവും രസകരമായ കാര്യം ഐ വിഭാഗത്തിന് തന്ത്രം ആവിഷ്കരിയ്ക്കണമെങ്കില്‍ കരുണാകരന്‍ തന്നെ വേണം. ഗ്രപ്പ് യോഗത്തില്‍ മറ്റ് ആരുണ്ടുയാലും ഒരു പ്രയോജനവുമില്ല. എന്നാല്‍ എ വിഭാഗത്തിന് തന്ത്രം ആവിഷ്കരിയ്ക്കാന്‍ എല്ലാ നേതാക്കന്മാരും വേണം. ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എം. ഐ. ഷാനവാസ്, എം. എം. ഹസന്‍ എന്നിവര്‍ എ ഗ്രൂപ്പ് യോഗത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഈ യോഗങ്ങളില്‍ എ ഗ്രൂപ്പിന്റെ തലതൊട്ടപ്പനായ എ. കെ. ആന്റണിയുണ്ടായിട്ട് ഒരു പ്രയോജനവുമില്ല താനും.

ഗ്രൂപ്പ് യോഗങ്ങള്‍ നാടാകെ വ്യാപിപ്പിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് തോന്നുന്നു ഐ ഗ്രൂപ്പ് കാര്‍ ഒക്ടോബര്‍ ഒമ്പത് വ്യാഴാഴ്ച എറണാകുളം ഡി.സി.സി. സെക്രട്ടറി ലിനൊ ജേക്കബിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. കെ. പി. സി. സി. വൈസ് പ്രസിഡണ്ട് പി. പി. തങ്കച്ചന്‍, പി. പി. ജോര്‍ജ്ജ്. എന്നിവരാണ് യോഗത്തിനെത്തിയ പ്രധാനികള്‍. ഐ ഗ്രൂപ്പിനോട് വിട്ട് പോയെന്ന് കരുതിയിരുന്ന അങ്കമാലി എം. എല്‍. എ. പി. ജെ. ജോയിയും കോതമംഗലം എം. എല്‍. എ. വി. ജെ. പൗലോസും ഈ യോഗത്തില്‍ പങ്കെടുത്തത് ഐ വിഭാഗത്തിന് ഉശിര് പകര്‍ന്നിരിയ്ക്കുകയാണ്.

എ വിഭാഗം കരുണാകര വിരുദ്ധ വിശാല മുന്നണി ഉണ്ടാക്കാനായി കേരളമെങ്ങും യോഗം ചേരുന്നത് ചെറുക്കാന്‍ ഈ യോഗവും തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് യോഗത്തിന് മറുമരുന്ന് ഗ്രൂപ്പ് യോഗം തന്നെയാണെന്നാണ് ഇവരുടെ നിലപാട് !!

എ വിഭാഗക്കാര്‍ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ശേഷം മാദ്ധ്യമങ്ങളില്‍ വരേണ്ട തീരുമാനങ്ങളും തന്ത്രങ്ങളും മാത്രം തങ്ങളുടെ മാദ്ധ്യമ സുഹൃത്തുക്കളെ വിളിച്ച് അറിയിയ്ക്കും. പ്രസ്താവനയ്ക്കൊന്നും അവരില്ല. എന്നാല്‍ ഐ ഗ്രൂപ്പിന്റെ രീതി തന്നെ മറിച്ചാണ്. യോഗം കഴിഞ്ഞാല്‍ അവര്‍ വാര്‍ത്താക്കുറിപ്പുകളുമായി മാദ്ധ്യമങ്ങളുടെ ഓഫീസുകളിലേയ്ക്ക് ഓടും. പ്രവര്‍ത്തന ശൈലി കണ്ടില്ലേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X