ഐ റാലി നടത്തിയവര്‍ക്കെതിരെ കേസ്
കൊച്ചി: നവംബര്‍ 19 ന് കോണ്‍ഗ്രസ് ഐ വിഭാഗം കോടതി ഉത്തരവ് ലംഘിച്ച് എറണാകുളത്ത് റാലി നടത്തിയതിന് പൊലീസ് കേസെടുത്തു.
ബാനര്‍ജി റോഡിലെ ഗതാഗതം റാലിക്കാര്‍ തടസപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി ഏഴ് വരെ ഈ ഗതാഗത തടസം തുടര്‍ന്നു. ഈ റോഡിലേയ്ക്കുള്ള ഇട റോഡുകളില്‍ എത്തിയ വാഹനങ്ങള്‍ക്ക് എങ്ങോട്ടും പോകാനാവാത്ത അവസ്ഥ ഉണ്ടായി. റാലിക്കാര്‍ ഗതാഗതം തടസപ്പെടുത്തുന്നുണ്ടോയെന്ന് കണ്ടെത്താനായി റോഡിലെ പ്രധാന കേന്ദ്രങ്ങളില്‍ വീഡിയൊ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
ഇതില്‍ നിന്നാണ് റാലിയ്ക്ക് എത്തിയവര്‍ ഗതാഗതം തടസ്സപ്പെടുത്തിയതായി കണ്ടെത്തിയത്. ചിലര്‍ പൊലീസുകാരെ കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. റാലി ഗതാഗത തടസമുണ്ടാക്കില്ലെന്ന് റാലിയുടെ സംഘാടക സമിതി അദ്ധ്യക്ഷന്‍ പി. പി. തങ്കച്ചന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.