ആന്റണി രാജിവയ്ക്കണം: പത്മനാഭാചാര്യ
കോഴിക്കോട്: നിഷ്ക്രിയമായ ആന്റണി സര്‍ക്കാരിന് ഭരിക്കാന്‍ കഴിയില്ലെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ രാജി വച്ചൊഴിയണമെന്ന് ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള പത്മനാഭാചാര്യ ആവശ്യപ്പെട്ടു.
ഭരണത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്ന ആന്റണി സര്‍ക്കാരിനെതിരെ ബിജെപി പ്രക്ഷോഭം ആരംഭിക്കും. നിശ്ചലാവസ്ഥയില്‍ തുടരുകയും ക്രമസമാധാന നില തകരാറിലാക്കുകയും ചെയ്ത സര്‍ക്കാരിനെ നീക്കാന്‍ ഭരണഘടനാപരമായ സാധ്യതകള്‍ തേടുമെന്നും പത്മനാഭാചാര്യ പറഞ്ഞു. ഡിസംബര്‍ 17 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ ദുരുപയോഗപ്പെടുത്തുകയാണ് ആന്റണി സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രഫണ്ട് വിനിയോഗിച്ചതു സംബന്ധിച്ച് സര്‍ക്കാര്‍ ഒരു ധവളപത്രം പുറത്തിറക്കണം.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് പൂര്‍ണമായും നിശ്ചലാവസ്ഥയിലാണ് ആന്റണി സര്‍ക്കാര്‍. സാമ്പത്തികമായി ദുര്‍ബലമായ കുടുംബങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് പ്രചാരണം നല്‍കുന്നതിനായി കേന്ദ്രം നല്‍കിയ 60,000 പോസ്ററുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ എത്തിച്ചില്ല- പത്മനാഭാചാര്യ പറഞ്ഞു.